Sub Lead

കൊറോണ ഭീതി പരത്തിയെന്ന്; ഡോ. ഷിനു ശ്യാമളനെതിരേ കേസ്

ചാനല്‍ പരിപാടിയിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഡോക്ടര്‍ ശ്രമിച്ചെന്നു ഡിഎംഒ റിപോര്‍ട്ട് നല്‍കിയിരുന്നു

കൊറോണ ഭീതി പരത്തിയെന്ന്; ഡോ. ഷിനു ശ്യാമളനെതിരേ കേസ്
X

തൃശൂര്‍: കൊറോണ ഭീഷണി നിലനില്‍ക്കെ പനി ബാധിച്ച് സ്വകാര്യ ക്ലിനിക്കിലെത്തിയ യുവാവിന്റെ വിവരങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് ആരോപിച്ച ഡോ. ഷിനു ശ്യാമളനെതിരേ പോലിസ് കേസെടുത്തു. സമൂഹത്തില്‍ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചെന്നു കാണിച്ച് ഐപിസി 505, കെപി ആക്റ്റ് 120 (ഒ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് തൃശൂര്‍ വാടാനപ്പിള്ളി പോലിസാണ് കേസെടുത്തത്. പ്രസ്താവന നടത്തിയ സ്വകാര്യ ചാനലിനെതിരേയും കേസെടുത്തിട്ടുണ്ട്. രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. വിദേശത്തു നിന്നെത്തിയ കൊറോണ രോഗലക്ഷണമുള്ളയാളെ നിരീക്ഷിക്കുകയും ആരോഗ്യ വകുപ്പിനെ അറിയിക്കുകയും ചെയ്‌തെങ്കിലും നടപടിയെടുക്കാതെ അയാള്‍ വിദേശത്തേക്കു പോയെന്നായിരുന്നു ഡോ. ഷിനു ശ്യാമളന്‍ ഫേസ്ബുക്കിലൂടെ ആരോപിച്ചത്. മാത്രമല്ല, വിഷയം ആരോഗ്യവകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് ക്ലിനിക്കിലെ ജോലിയില്‍നിന്ന് തന്നെ പിരിച്ചുവിട്ടതായും ഡോ. ഷിനു ആരോപിച്ചിരുന്നു.

ചാനല്‍ പരിപാടിയിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഡോക്ടര്‍ ശ്രമിച്ചെന്നു ഡിഎംഒ റിപോര്‍ട്ട് നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി 31നാണ് തളിക്കുളം സ്വദേശിയായ യുവാവ് ഖത്തറില്‍ നിന്നു നാട്ടിലെത്തിയത്. ഇന്‍കുബേഷന്‍ കാലാവധി ഫെബ്രുവരി 14ന് അവസാനിച്ചു. 28 ദിവസമെന്ന ക്വാറന്റൈന്‍ കാലാവധിയും കഴിഞ്ഞ് 10 ദിവസം പിന്നിട്ടപ്പോഴാണ് ക്ലിനിക്കില്‍ ചികില്‍സ തേടിയെത്തിയത്. ഇക്കാര്യത്തില്‍ ഡോ. ഷിനു ജാഗ്രത കാണിച്ചില്ലെന്നാണു റിപോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. ഡോ. ഷിനു അറിയിച്ചതിനെത്തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യുവാവിനെ കണ്ടെത്തിയിരുന്നു. ഈ വിവരം ഡോക്ടറെ അറിയിക്കുകയും ചെയ്തു. ഇക്കാര്യം മറച്ചുവച്ച് ഡോ. ഷിനുവും ചാനല്‍ അവതാരകനും ആരോഗ്യ വകുപ്പിന് അവമതിപ്പുണ്ടാക്കും വിധം പ്രചാരണം നടത്തിയെന്നാണു അധികൃതര്‍ പറയുന്നത്.




Next Story

RELATED STORIES

Share it