Sub Lead

കൊറോണ: ദക്ഷിണ കൊറിയയില്‍ 161 പേര്‍ക്ക് കൂടി വൈറസ് ബാധ; ഇറാന്‍ യാത്രയ്ക്കു സൗദിയുടെ വിലക്ക്

കൊറോണ: ദക്ഷിണ കൊറിയയില്‍ 161 പേര്‍ക്ക് കൂടി വൈറസ് ബാധ;  ഇറാന്‍ യാത്രയ്ക്കു സൗദിയുടെ വിലക്ക്
X

സിയോള്‍: ദക്ഷിണ കൊറിയയില്‍ 161 പേര്‍ക്ക് കൊറോണ വൈറസ് പടര്‍ന്നതായി റിപോര്‍ട്ട്. ഇതോടെ ഇവിടുത്തെ രോഗ ബാധിതരുടെ എണ്ണം 763 ആയി. ഡേഗു നഗരത്തിലാണ് കൂടുതല്‍ രോഗ ബാധിതര്‍ ഉള്ളതെന്ന് കൊറിയ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അറിയിച്ചു. കൂടാതെ രണ്ടുപേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ ഏഴായി. വൈറസ് ബാധിതരുടെ എണ്ണവും മരണ സംഖ്യയും വര്‍ധിച്ചതോടെ ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ രാജ്യത്ത് കടുത്ത ജാഗ്രതാ നിര്‍ദേശം നല്‍കി.

ഇറ്റലിയില്‍ കുറഞ്ഞത് 152 കേസുകളും മൂന്ന് മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ഇത് യൂറോപ്പില്‍ അടിയന്തര നടപടികള്‍ക്ക് കാരണമായി. ഇറ്റലിയില്‍ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഓസ്ട്രിയ ഇറ്റലിയിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

അതേസമയം, ഇറാനില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. 43 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 15 പേര്‍ക്കാണ് പുതുതായി സ്ഥിരീകരിച്ചത്. വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇറാനിലേക്ക് സൗദി യാത്രാ വിലക്കേര്‍പ്പെടുത്തി. വിലക്ക് ലംഘിക്കുന്നവരെ സൗദിയിലേക്ക് മടങ്ങാന്‍ അനുവദിക്കില്ലെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. കൊറോണ വൈറസില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇറാന്‍ യാത്രയ്ക്കു വിലക്കേര്‍പ്പെടുത്തിയതെന്നാണ് വിശദീകരണം. വിലക്ക് ലംഘിച്ച് ഇറാന്‍ സന്ദര്‍ശിക്കുന്ന സൗദി പൗരന്മാര്‍ക്കെതിരേ പാസ്‌പോര്‍ട്ട് നിയമം അനുസരിച്ച് ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഇറാനിയന്‍ പ്രവിശ്യകളിലെ സ്‌കൂളുകളും സര്‍വകലാശാലകളും സാംസ്‌കാരിക കേന്ദ്രങ്ങളും ഇന്നലെ മുതല്‍ അടച്ചിട്ടു.

കമ്മ്യൂണിസ്റ്റ് ചൈന സ്ഥാപിക്കപ്പെട്ട ശേഷമുണ്ടാകുന്ന ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നതെന്നാണ് ഞായറാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞത്. ചൈനയ്ക്ക് പുറത്ത് രോഗം പടരുന്നത് വലിയ പ്രതിസന്ധിക്കിടയാക്കുമെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കി. കൊറോണ വൈറസ് അണുബാധയും മരണവും റിപോര്‍ട്ട് ചെയ്തതിനാല്‍ അയല്‍രാജ്യമായ അഫ്ഗാനിസ്താനും യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.





Next Story

RELATED STORIES

Share it