Sub Lead

കൊറോണ: തബ് ലീഗ് സമ്മേളനത്തെ കുറിച്ച് ഹാലിളകിയവര്‍ കുംഭമേളയെപ്പറ്റി മൗനം ദീക്ഷിക്കുന്നതെന്ത്?: ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍

കൊറോണ: തബ് ലീഗ് സമ്മേളനത്തെ കുറിച്ച് ഹാലിളകിയവര്‍ കുംഭമേളയെപ്പറ്റി മൗനം ദീക്ഷിക്കുന്നതെന്ത്?: ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍
X

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തില്‍ തബ് ലീഗ് സമ്മേളനത്തെ കുറിച്ച് ഹാലിളകിയവര്‍ കുംഭമേളയെപ്പറ്റി മൗനം ദീക്ഷിക്കുന്നതെന്താണെന്ന് ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ദേശീയ അധ്യക്ഷന്‍ മാലാന അഹ്മദ് ബേഗ് നദ് വി അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് നാമമാത്രമായി രാജ്യത്ത് സാന്നിധ്യമറിയിച്ച സമയത്ത് ഡല്‍ഹിയിലെ തബ് ലീഗ് മര്‍കസില്‍ നൂറുകണക്കിന് ആളുകള്‍ സംഗമിച്ചപ്പോള്‍ മുസ് ലിംകളെ കൊറോണയുടെ വാഹകരും പ്രചാരകരുമാക്കി ഹാലിളകിയവര്‍,

കൊവിഡിന്റെ രണ്ടാം വരവിനെപ്പറ്റി രാജ്യം ആശങ്കപ്പെടുകയും രോഗികള്‍ പെരുകുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ 30 ലക്ഷം പേര്‍ക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ കുംഭമേളയില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കിയ ബിജെപി സര്‍ക്കാരിന്റെ ദുഷ് ചെയ്തിയെപ്പറ്റി ഉത്തരവാദപ്പെട്ടവര്‍ മൗനം ദീക്ഷിക്കുന്നത് കടുത്ത അപരാധമാണ്. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ കൊറോണ കേസുകള്‍ ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമായി ഉയര്‍ന്നു.

കൊവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ തന്നെ വിവേചനപരമായ ഇരട്ടത്താപ്പ് വ്യക്തമായിരിക്കുകയാണ്. ഒരേസമയം രണ്ടു സംഭവങ്ങളോട് സര്‍ക്കാര്‍ സ്വീകരിച്ച വ്യത്യസ്ത സമീപനങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഇക്കാര്യം വ്യക്തമാണ്. കൊവിഡ് നിയമങ്ങള്‍ ലംഘിച്ച് ദശലക്ഷക്കണക്കിന് ഹിന്ദു ഭക്തര്‍ കുംഭമേളയ്ക്കായി ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഒത്തുകൂടിയതിനോട് ബിജെപിയുടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കണ്ണടച്ചപ്പോള്‍ തന്നെ കൊവിഡ് നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് ഡല്‍ഹിയിലെ നിസാമുദ്ദീന്‍ തബ് ലീഗ് മര്‍കസ് തുറക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരിക്കുന്നു. ഒരു വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടത്തിന് ശേഷം 50 പേര്‍ക്ക് മാത്രമാണ് മര്‍കസിലെ ബംഗ്ലാവാലി മസ്ജിദില്‍ പ്രാര്‍ത്ഥിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. കൊവിഡിന്റെ നിയമങ്ങള്‍ ലംഘിച്ചെന്ന് ആരോപിക്കപ്പെടുന്ന തബ് ലീഗ് ജമാഅത്തിലെ എല്ലാ അംഗങ്ങളെയും കോടതി ഇതിനകം കുറ്റവിമുക്തമാക്കിയിരുന്നു.

കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലാത്തതും രാജ്യത്തൊട്ടാകെയുള്ള കൊറോണ കേസുകളുടെ എണ്ണം 500ല്‍ താഴെ മാത്രമുള്ളതുമായ സമയത്താണ് തബ് ലീഗ് ജമാഅത്തിനെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടത്. കുംഭമേളയില്‍ ഇക്കഴിഞ്ഞ ആഴ്ചയില്‍ 3 ദശലക്ഷം ആളുകളാണ് പങ്കെടുത്തത്. കുംഭമേള നടക്കുന്നതിനെ അസഹിഷ്ണുതയോടെ ഞങ്ങള്‍ കാണുന്നില്ല. പക്ഷേ, നിലവിലെ പ്രത്യേക സാഹചര്യത്തില്‍ അതീവ വ്യാപന സാധ്യതയാണ് ഈ ഒത്തു ചേരലിനുണ്ടായിട്ടുള്ളത്.

കോടിക്കണക്കിന് ഇന്ത്യന്‍ ജനങ്ങളുടെ ജീവിതം കൊണ്ട് സര്‍ക്കാര്‍ പന്താടുകയാണ് യഥാര്‍ഥത്തില്‍ ചെയ്തത്. ഇത് അങ്ങേയറ്റം അപലപനീയമാണെന്ന് മാത്രമല്ല, ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ പരസ്യമായി പരിഹസിക്കലും കൂടിയാണ്. ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ മുസ് ലിം പള്ളികള്‍ക്കായി പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവില്‍, ഈ റമദാന്‍മാസത്തെ പ്രാര്‍ത്ഥനകളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാവരുതെന്നാണ് പറഞ്ഞിരിക്കുന്നത്. അതേസമയം, തന്നെ മറുഭാഗത്ത് കുംഭമേളയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ഒത്തുചേരുകയും ചെയ്യുന്നു.

സര്‍ക്കാരും ഏജന്‍സികളും കൊവിഡ് നിയമപ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കപ്പെടുകയും ചെയ്യേണ്ടവരെ മതാടിസ്ഥാനത്തിലാണ് നോക്കി കാണുന്നത് എന്നതും ഗൗരവമേറിയ കാര്യമാണ്. കൊറോണ വൈറസ് മതം നോക്കിയല്ല പടരുന്നതെന്ന വസ്തുത അവര്‍ ബോധപൂര്‍വം മറക്കുന്നു. ഇതുമൂലം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നമ്മുടെ രാജ്യത്തെ ജനങ്ങള്‍ നേരിടേണ്ടിവരും. കൊറോണ വ്യാപനത്തിന് കാരണമായ കുംഭമേളയെ, ലജ്ജയില്ലാതെ വെളുപ്പിച്ചെടുക്കുന്ന വിഎച്ച്പിയുടെ ദേശീയ നേതാക്കള്‍, ഇതിനെ ഗംഗാ ജലത്തോടും അതേസമയം തബ് ലീഗ് ജമാഅത്തിനെ മലിന ജലത്തോടുമാണ് ഉപമിച്ചത്. അതായത്, ഒരു മത ഉല്‍സവത്തില്‍ പോലും മത വിദ്വേഷം കലര്‍ത്തുകയാണെന്ന് സാരം. അതിനാല്‍, രാജ്യത്തിനും ജനങ്ങള്‍ക്കുമെതിരായ ഇത്തരം കടുത്ത ഗൂഢാലോചനയെയും ഭരണഘടനാവിരുദ്ധമായ വിവേചനത്തെയും തുറന്നുകാട്ടാന്‍ രാജ്യത്തെ, ചിന്തിക്കുന്ന എല്ലാ പൗരന്മാരും തയ്യാറാവണം. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിലെ ആശുപത്രികളിലും ശ്മശാനങ്ങളിലും രോഗികള്‍ക്കും മരിച്ചവര്‍ക്കും ഇടംപോലുമില്ലാത്ത ഈ സമയത്ത്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കണമെന്നും സര്‍ക്കാര്‍ ജനങ്ങളുടെ സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.

Corona: All India Imams Council against Central govt

Next Story

RELATED STORIES

Share it