Sub Lead

'മരിക്കാന്‍ വന്നവര്‍ എങ്ങനെ ജീവിച്ചിരിക്കും'? വിവാദ പ്രസ്താവനയുമായി യോഗി

പോലിസിന്റെ വെടിയേറ്റ് ആരും മരിച്ചിട്ടില്ലെന്നും കലാപകാരികളുടെ വെടിയേറ്റാണ് എല്ലാവരും മരിച്ചതെന്നും ആതിഥ്യനാഥ് അവകാശപ്പെട്ടു.

മരിക്കാന്‍ വന്നവര്‍ എങ്ങനെ ജീവിച്ചിരിക്കും? വിവാദ പ്രസ്താവനയുമായി യോഗി
X

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൗരത്വ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരെ കുറിച്ച് നിയമസഭയില്‍ നടത്തിയ പ്രസ്താവന വിവാദമാകുന്നു. മരിക്കുക എന്ന ലക്ഷ്യത്തോടെ വരുന്നവര്‍ എങ്ങനെയാണ് ജീവിച്ചിരിക്കുക എന്നാണ് യോഗി ആദിത്യനാഥ് ചോദിച്ചത്. യുപിയില്‍ പൗരത്വ പ്രക്ഷോഭത്തിനിടെ 20ലധികം പേരെ പോലിസ് വെടിവച്ച് കൊന്നിരുന്നു.

പോലിസുകാര്‍ വെടിയുതിര്‍ക്കുന്ന നിരവധി ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. പോലിസിന്റെ വെടിയേറ്റ് ആരും മരിച്ചിട്ടില്ലെന്നും കലാപകാരികളുടെ വെടിയേറ്റാണ് എല്ലാവരും മരിച്ചതെന്നും ആതിഥ്യനാഥ് അവകാശപ്പെട്ടു. മരിക്കണമെന്ന നിശ്ചയത്തോടെ ചിലര്‍ തെരുവിലിറങ്ങിയാല്‍ അവരോ അല്ലെങ്കില്‍ പോലിസുകാരോ മരിക്കും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെയും മുഖ്യമന്ത്രി രംഗത്തുവന്നു. ലഖ്‌നൗ, കാണ്‍പൂര്‍, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലാണ് വന്‍ പ്രതിഷേധം നടക്കുന്നത്. സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സമരക്കാര്‍ രംഗത്തുവരുന്നത്. ജിന്നയുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കാനാണോ അതോ ഗാന്ധിയുടെ സ്വപ്‌നം നടപ്പാക്കാനാണോ നാം പ്രവര്‍ത്തിക്കേണ്ടത്. ഡിസംബറിലെ അക്രമം അടിച്ചമര്‍ത്തിയ പോലിസിനെ അഭിനന്ദിക്കണം. സംസ്ഥാനത്ത് എവിടെയും കലാപം നടന്നില്ലെന്നും ആദിത്യനാഥ് പറഞ്ഞു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരിക്കലും സമരക്കാര്‍ക്ക് എതിരല്ലെന്നും എന്നാല്‍ കലാപം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ജനാധിപത്യരീതിയിലുള്ള എല്ലാ പ്രതിഷേധങ്ങളെയും ഞങ്ങള്‍ പിന്തുണയ്ക്കുമെന്ന് ഞാന്‍ എല്ലായ്‌പ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആരെങ്കിലും അതിന്റെ മറവില്‍ അന്തരീക്ഷം കലുഷിതമാക്കിയാല്‍, കലാപമുണ്ടാക്കിയാല്‍ അവര്‍ക്ക് അവരുടെ ഭാഷയില്‍തന്നെ മറുപടി നല്‍കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

പൗരത്വ പ്രക്ഷോഭത്തിനിടെ 22 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് യുപി സര്‍ക്കാര്‍ അലഹാബാദ് ഹൈക്കോടതിയെ അറിയിച്ചത്. 883 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 561 പേര്‍ ജാമ്യത്തിലിറങ്ങിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Next Story

RELATED STORIES

Share it