Top

ആര്‍എസ്എസ് പ്രചാരക് മാതൃകയില്‍ പ്രേരകുമാരെ വളര്‍ത്താന്‍ കോണ്‍ഗ്രസും

കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് പ്രേരക് എന്ന ആശയം മുന്നോട്ടുവന്നത്. തിരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ ആര്‍എസ്എസ് മാതൃക സ്വീകരിക്കണമെന്ന് അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി പ്രസ്താവിച്ചിരുന്നു.

ആര്‍എസ്എസ് പ്രചാരക് മാതൃകയില്‍ പ്രേരകുമാരെ വളര്‍ത്താന്‍ കോണ്‍ഗ്രസും
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു ശേഷം തിരിച്ചുവരവിനൊരുങ്ങുന്ന കോണ്‍ഗ്രസ് ആര്‍എസ്എസ് മാതൃകയില്‍ മുഴുസമയ പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കാന്‍ നിര്‍ദേശം. ബഹുജന സമ്പര്‍ക്കം വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെ, ആര്‍എസ്എസ് മാതൃകയില്‍ രാജ്യവ്യാപകമായി പ്രേരകുമാരെ നിയമിക്കാനാണു പുതിയ നിര്‍ദേശം. കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് പ്രേരക് എന്ന ആശയം മുന്നോട്ടുവന്നത്. തിരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ ആര്‍എസ്എസ് മാതൃക സ്വീകരിക്കണമെന്ന് അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശില്‍പ്പശാലയില്‍ സമാന ആശയം ഉയര്‍ന്നുവന്നത്. പ്രേരകുമാരായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രത്യേക പരിശീലനവും ഉത്തേജനപദ്ധതികളും നടപ്പാക്കും. പാര്‍ട്ടിയുടെ രാഷ്ട്രീയവും ചരിത്രവും തത്വങ്ങളും താഴെ തട്ടിലുള്ളവരെ പഠിപ്പിക്കുകയാണു പ്രേരകുമാരുടെ ദൗത്യം. അതോടൊപ്പം തന്നെ താഴെ തട്ടില്‍ ജനങ്ങളുമായി ഇടപഴകാന്‍ പ്രവര്‍ത്തകരെ സജ്ജരാക്കുകയും ചെയ്യും.

തിരഞ്ഞെടുപ്പിനു ശേഷം പലയിടത്തും മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് വിടുന്ന സാഹചര്യമുണ്ടായപ്പോള്‍, വന്‍ പ്രതിസന്ധിയാണു നേരിട്ടത്. കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ വേണ്ടത്ര അണികള്‍ക്കിടയില്‍ പഠിപ്പിക്കാത്തതിനാല്‍ ഹിന്ദുത്വ ആശയങ്ങളില്‍ പെട്ടെന്നുതന്നെ സ്വാധീനിക്കപ്പെടുന്നതായി പാര്‍ട്ടിക്കു ബോധ്യപ്പെട്ടിട്ടുണ്ട്. ഈയൊരു സാഹചര്യത്തിലാണ് കോണ്‍ഗ്രസിനോട് പ്രതിബദ്ധതയുള്ളവരും പ്രവര്‍ത്തകരെ മനസ്സിലാക്കാന്‍ ശേഷിയുള്ളവരുമായവരെ മുഴുസമയ പ്രേരകുമാരായി നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്. പല സംസ്ഥാനങ്ങളിലും പാര്‍ട്ടിക്കു തലവേദനയായി മാറിയ ഗ്രൂപ്പ് രാഷ്ട്രീയത്തിനും അതീതമായാണ് പ്രേരകുമാരെ നിയമിക്കുക.

അഞ്ച് ജില്ലകള്‍ അടങ്ങിയ ഒരു ഡിവിഷന് ഒരു പ്രേരക് എന്ന നിര്‍ദേശമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. മൂന്ന് മാസത്തോളം ഇവരുടെ പ്രവര്‍ത്തനം കര്‍ശന നിരീക്ഷണത്തിലായിരിക്കും. ഇതിനുശേഷമാവും സ്ഥിരനിയമനം നടത്തുക. പാര്‍ട്ടി ഓഫിസുകളില്‍ എല്ലാമാസവും അവലോകനങ്ങള്‍ നടത്തും. പ്രേരകുമാരാവാന്‍ അനുയോജ്യമായവരുടെ പട്ടിക തയ്യാറാക്കി നല്‍കാന്‍ സംസ്ഥാന കമ്മിറ്റികളോട് എഐസിസി ആവശ്യപ്പെട്ടതായാണു വിവരം. ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ സപ്തംബര്‍ 12ന് ചേരുന്ന എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാന ചുമതലയുള്ള നേതാക്കള്‍, സംസ്ഥാന അധ്യക്ഷന്‍മാര്‍ എന്നിവരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായേക്കും. ബിജെപിയെ വളര്‍ത്തുന്നതില്‍ ആര്‍എസ്എസിന്റെ പങ്ക് വലുതാണെന്നു മനസ്സിലാക്കിയാണ് കോണ്‍ഗ്രസും അതേ പാത പിന്തുടരുന്നത്. മുഴുസമയ പ്രചാരകുമാര്‍ അവരവര്‍ക്ക് നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ രഹസ്യപ്രവര്‍ത്തനവുമായാണു മുന്നോട്ടുപോവുന്നത്. ശാഖകളും മറ്റും കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, നേരിട്ട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഭാഗമാവരുതെന്നാണ് ഇവര്‍ക്കു നല്‍കുന്ന നിര്‍ദേശം. എന്നാല്‍ കോണ്‍ഗ്രസ് നിയമിക്കുന്ന പ്രേരകുമാര്‍ക്ക് രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനു വിലക്കുണ്ടാവില്ലെന്നു മാത്രമല്ല, പ്രധാന ഉത്തരവാദിത്തം തന്നെ രാഷ്ട്രീയ ഇടപെടലാവണമെന്നാണു നിര്‍ദേശം.Next Story

RELATED STORIES

Share it