Sub Lead

ദേശീയ രാഷ്ട്രീയം അവസാനിപ്പിക്കുന്നു; എ കെ ആന്റണി കേരളത്തിലേക്ക്

ദേശീയ രാഷ്ട്രീയം അവസാനിപ്പിക്കുന്നു; എ കെ ആന്റണി കേരളത്തിലേക്ക്
X

ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എ കെ ആന്റണി കേരളത്തിലേക്ക് മടങ്ങുന്നു. പാര്‍ലമെന്ററി രാഷ്ട്രീയം അവസാനിപ്പിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. ക്രമേണ ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവാകും. ഇനി പ്രവര്‍ത്തന മേഖല തിരുവനന്തപുരം കേന്ദ്രീകരിച്ചാവും. പാര്‍ട്ടി അനുവദിക്കുന്ന കാലത്തോളം കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലുണ്ടാവുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടി ഇതുവരെ നല്‍കിയതില്‍ സംതൃപ്തനാണ്, തുടര്‍ന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പ്രത്യേക പദ്ധതിയില്ലെന്നും ഭാവി പരിപാടികള്‍ എല്ലാവരോടും കൂടിയാലോചിച്ചാവുമെന്നും അദ്ദേഹം പറഞ്ഞു.

സമയമാവുമ്പോള്‍ പദവികളില്‍ നിന്നും മാറണമെന്നാണ് തന്റെ നിലപാട്. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍, മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച ആന്റണിയല്ല താനിന്ന്, 81 വയസ് കഴിഞ്ഞു. കാലം ഏത് മനുഷ്യന്റേയും വേഗത കുറയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടുതവണ കൊറോണ പിടിപ്പെട്ടു. രണ്ടാമത്തെ തവണ കൊറോണ വന്നതിന് ശേഷം ക്ഷീണമുണ്ട്. മൂന്നുമാസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും വലിയ തിരക്ക് ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല. ഇനി പ്രവര്‍ത്തന മേഖല കേരളമാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ തനിക്ക് ലഭിച്ചതുപോലെ അവസരങ്ങള്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല.

ജനങ്ങള്‍ വലിയ ഔദാര്യം കാണിച്ചു. എല്ലാവരോടും കടപ്പാട് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷത്തിന് നിലനില്‍പ്പില്ല. നെഹ്‌റു കുടുംബത്തിന്റെ നേതൃത്വമാണ് കോണ്‍ഗ്രസിന്റെ നട്ടെല്ല്. അവരില്ലാതെ കോണ്‍ഗ്രസിന് നിലനില്‍പ്പില്ല. നെഹ്‌റു കുടുംബത്തെ ഒരിക്കലും മറക്കില്ല. ഇന്ദിരാഗാന്ധിയാണ് കൈപ്പിടിച്ചുയര്‍ത്തിയത്. പാര്‍ട്ടിയുടെ ഭാവിയില്‍ ശുഭ പ്രതീക്ഷയാണുള്ളത്. ഈ കാലവും കടന്നുപോവും. കോണ്‍ഗ്രസ് തിരിച്ചുവരാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ്. പാര്‍ട്ടി അനുവദിക്കുന്നത് വരെ ഇന്ദിരാഭവനിലെ ഓഫിസ് മുറിയിലുണ്ടാവുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. 2004ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് പ്രവര്‍ത്തന മേഖല ഡല്‍ഹിയിലേക്ക് മാറ്റിയത്. പിന്നീട് രണ്ട് യുപിഎ സര്‍ക്കാരുകളില്‍ പ്രതിരോധമന്ത്രി പദവിയില്‍ തിളങ്ങി.

Next Story

RELATED STORIES

Share it