Sub Lead

കോണ്‍ഗ്രസില്‍ ആത്മപരിശോധന അനിവാര്യമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

കോണ്‍ഗ്രസില്‍ ആത്മപരിശോധന അനിവാര്യമെന്ന് ജ്യോതിരാദിത്യ സിന്ധ്യ
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിലയിരുത്തേണ്ട സമയം അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധി മാറിനിന്നതിനെതിരേ മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് വിമര്‍ശിച്ചതിനു പിന്നാലെ പാര്‍ട്ടിയില്‍ ആത്മപരിശോധന അനിവാര്യമാണെന്ന മുന്നറിയിപ്പുമായി മറ്റൊരു നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത്. പാര്‍ട്ടിയില്‍ നേതൃത്വപരമായ ശൂന്യതയുണ്ടെന്ന സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരുടെ പ്രസ്താവനകളെക്കുറിച്ച് ഞാന്‍ പ്രതികരിക്കുന്നില്ലെന്നും എന്നാല്‍ കോണ്‍ഗ്രസില്‍ ആത്മപരിശോധന ആവശ്യമാണെന്നത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ സ്ഥിതി വിലയിരുത്തി മെച്ചപ്പെടുത്തണം. അതാണ് ഈ സമയം വേണ്ടതെന്നും പിടിഐ റിപോര്‍ട്ട് ചെയ്തു.

രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന സിന്ധ്യ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടത് തര്‍ക്കത്തിനിടയാക്കിയിരുന്നു. ഒരുവേള സ്ഥാനം ലഭിച്ചില്ലെങ്കില്‍ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ട് ബിജെപിയിലേക്കു പോയേക്കുമെന്നു വരെ അഭ്യൂഹമുയര്‍ന്നിരുന്നു. മാത്രമല്ല, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ കോണ്‍ഗ്രസ് വിമര്‍ശിച്ചപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരിനു പിന്തുണയ്ക്കുന്ന നിലപാടാണ് സിന്ധ്യ സ്വീകരിച്ചിരുന്നത്. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഹുല്‍ ഗാന്ധി വിദേശയാത്ര നടത്തിയതു സംബന്ധിച്ച വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അമര്‍ഷം പരസ്യമാക്കുന്നത്.

രാഹുല്‍ ഗാന്ധി കംബോഡിയയിലാണെന്നാണു റിപോര്‍ട്ടുകളെങ്കിലും എന്തിനു വേണ്ടിയാണ് സന്ദര്‍ശനമെന്ന് വ്യക്തമല്ല. അതിനിടെ, കള്ളന്‍മാര്‍ക്കെല്ലാം പേര് മോദി എന്നാണെന്നു പറഞ്ഞ സംഭവത്തിലെ മാനനഷ്ടക്കേസില്‍ രാഹുല്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് സൂറത്ത് കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രസിഡന്റായി തുടരേണ്ടതായിരുന്നുവെന്നായിരുന്നു സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞത്. തോല്‍വിയുടെ കാരണം എന്താണെന്ന് ഇതുവരെ വിശകലനം ചെയ്യാന്‍ ഒത്തുകൂടിയിട്ടില്ലെന്നും നമ്മുടെ നേതാവ് അകന്നുപോയതാണ് പ്രധാന പ്രശ്‌നമെന്നുമായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ വിമര്‍ശനം. രാഹുല്‍ ഗാന്ധിയുടെ തീരുമാനം മാതാവ് സോണിയ ഗാന്ധിക്ക് പോലും നികത്താനാവാത്ത ശൂന്യത സൃഷ്ടിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ് കരകയറിയിട്ടില്ലെന്നാണു നേതാക്കളുടെ വിമര്‍ശനത്തില്‍നിന്നു വ്യക്തമാവുന്നത്.



Next Story

RELATED STORIES

Share it