Sub Lead

ആദായനികുതി വകുപ്പ് മരവിപ്പിച്ച കോണ്‍ഗ്രസ് അക്കൗണ്ടുകള്‍ പുനസ്ഥാപിച്ചു

ആദായനികുതി വകുപ്പ് മരവിപ്പിച്ച കോണ്‍ഗ്രസ് അക്കൗണ്ടുകള്‍ പുനസ്ഥാപിച്ചു
X

ന്യൂഡല്‍ഹി: റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ആദായനികുതി വകുപ്പ് മരവിപ്പിച്ച കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ പുനസ്ഥാപിച്ചു. കോണ്‍ഗ്രസ് ഖജാഞ്ചി അജയ് മാക്കന്‍ വാര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചതിനു പിന്നാലെയാണ് ഒരു മണിക്കൂറിനുള്ളിലാണ് അക്കൗണ്ടുകള്‍ പ്രവര്‍ത്തനസജ്ജമായത്. കോണ്‍ഗ്രസ് ഡല്‍ഹിയിലെ ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ (ഐടിഎടി) അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്നാണ് പ്രവര്‍ത്തനസജ്ജമാക്കിയത്. ഇന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്

അജയ് മാക്കന്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച കാര്യം പറഞ്ഞത്. മാത്രമല്ല, 210 കോടി രൂപ പുഴയൊടുക്കാനും ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞിരുന്നു. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തടസ്സപ്പെടുത്താനുള്ള തന്ത്രമാണെന്നും ആരോപിച്ച കോണ്‍ഡഗ്രസ് ശക്തമായി പ്രതിഷേധിക്കുമെന്നും അറിയിച്ചിരുന്നു. 'ജനാധിപത്യം നിലവിലില്ല. ഇത് ഒരു ഏകഭരണ പാര്‍ട്ടി പോലെയാണ്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെ കീഴ്‌പെടുത്തിയിരിക്കുന്നു. ജുഡീഷ്യറിയില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ജനങ്ങളില്‍ നിന്നും ഞങ്ങള്‍ നീതി തേടുന്നുവെന്നാണ് മാക്കന്‍ പറഞ്ഞത്.

പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച വിവരം ഇന്നലെതന്നെ പാര്‍ട്ടി നേതൃത്വം അറിഞ്ഞിരുന്നു. ആകെ നാല് അക്കൗണ്ടുകളെ ബാധിച്ചതായി പാര്‍ട്ടിയുടെ അഭിഭാഷകന്‍ വിവേക് തന്‍ഖ പറഞ്ഞു. കോണ്‍ഗ്രസിന്റെ ചെക്കുകള്‍ സ്വീകരിക്കരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. 2018-19 കാലത്ത് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ 45 ദിവസം കാലതാമസം വരുത്തിയെന്ന് ആരോപിച്ചായിരുന്നു അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. അധികാരത്തിന്റെ ലഹരിയില്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മോദി സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇത് ജനാധിപത്യത്തിന് കനത്ത പ്രഹരമാണെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവന. ബിജെപി പിരിച്ചെടുത്ത ഭരണഘടനാ വിരുദ്ധ പണം തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കും. പക്ഷേ ക്രൗഡ് ഫണ്ടിങിലൂടെ ഞങ്ങള്‍ പിരിച്ചെടുത്ത പണം സീല്‍ ചെയ്യും. അതുകൊണ്ടാണ് ഭാവിയില്‍ തിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് ഞങ്ങള്‍ പറഞ്ഞത്! സംരക്ഷിക്കാന്‍ ഞങ്ങള്‍ ജുഡീഷ്യറിയോട് അഭ്യര്‍ത്ഥിക്കുന്നു. ഈ രാജ്യത്തെ ബഹുകക്ഷി സംവിധാനവും ഇന്ത്യയുടെ ജനാധിപത്യം സുരക്ഷിതമാക്കുകയും ചെയ്യണം. ഈ അനീതിക്കും സ്വേച്ഛാധിപത്യത്തിനും എതിരെ ഞങ്ങള്‍ തെരുവിലിറങ്ങി ശക്തമായി പോരാടുമെന്നും ഖാര്‍ഗേ എക്‌സില്‍ പോസ്റ്റ് ചെയ്തു.

Next Story

RELATED STORIES

Share it