Sub Lead

ഡെലിവറി ഏജന്റിനെ ഫ്രാഞ്ചൈസി മാനേജരും സംഘവും മര്‍ദ്ദിച്ചെന്നു പരാതി

കൊച്ചി ഇടപ്പള്ളിയിലെ ആമസോണ്‍ ഫ്രാഞ്ചൈസിയായ ഡിപെന്റോ ലോജിസ്റ്റിക് സൊലൂഷന്‍സിലെ ഡെലിവറെ ഏജന്റായ എറണാകുളം ചോണേക്കരയിലെ വലിയകത്ത് വി യു ഹാരിസാണ് കളമശ്ശേരി എസ് ഐയ്ക്കു പരാതി നല്‍കിയത്

ഡെലിവറി ഏജന്റിനെ ഫ്രാഞ്ചൈസി മാനേജരും സംഘവും മര്‍ദ്ദിച്ചെന്നു പരാതി
X

കൊച്ചി: ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടതിനു ഡെലിവറി ഏജന്റിനെ ഫ്രാഞ്ചൈസി മാനേജരും സംഘവും മര്‍ദ്ദിച്ചെന്നു പരാതി. കൊച്ചി ഇടപ്പള്ളിയിലെ ആമസോണ്‍ ഫ്രാഞ്ചൈസിയായ ഡിപെന്റോ ലോജിസ്റ്റിക് സൊലൂഷന്‍സിലെ ഡെലിവറെ ഏജന്റായ എറണാകുളം ചോണേക്കരയിലെ വലിയകത്ത് വി യു ഹാരിസാണ് കളമശ്ശേരി എസ് ഐയ്ക്കു പരാതി നല്‍കിയത്. ഫ്രാഞ്ചൈസി മാനേജര്‍ രാജ്കുമാറിന്റെ നിര്‍ദേശപ്രകാരം ജീവനക്കാരനായ ഷെഫീഖും ജോര്‍ജ്ജും ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്നും ഇവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നുമാണ് പരാതിയിലുള്ളത്. ആക്രമണത്തില്‍ തലയ്ക്കും കൈകാലുകള്‍ക്കും മറ്റും പരിക്കേറ്റ ഡെലിവറി ഏജന്റ് ഹാരിസിനെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒമ്പതു മാസമായി ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന ഹാരിസിനു ജോലിക്കിടെ സ്‌കൂട്ടറിടിച്ച് പരിക്കേറ്റിരുന്നു. തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സിച്ചതിനെ തുടര്‍ന്ന് ഒരുമാസത്തെ വിശ്രമം നിര്‍ദേശിച്ചു. എന്നാല്‍, തന്റെ ചോണേക്കര-ഇടപ്പള്ളി റൂട്ടില്‍ ആളില്ലാത്തതിനാല്‍ അടിയന്തരമായി ജോലിക്കെത്തണമെന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് ജോലിക്കെത്തിയത്.

തന്റെ ചികില്‍സാ സമയത്ത് താല്‍ക്കാലികമായി ഓഫിസ് ഇന്‍ചാര്‍ജ്ജ് ഷെഫീഖിന്റെ സുഹൃത്ത് സിജു ബാബുവിനെയാണ് ജോലിക്കു നിയോഗിച്ചത്. ഓഫിസില്‍നിന്ന് ആവശ്യപ്പെട്ടതനുസരിച്ച് ജോലിക്കെത്തിയ തന്നോട് രണ്ടുദിവസത്തിനു ശേഷം ഓഫിസ് സ്റ്റാഫ് അജ്മലും ഷഫീഖും മോശമായി പെരുമാറുകയായിരുന്നു. ഇവരുടെ നിരന്തര ബുദ്ധിമുട്ട് കാരണം മാനേജര്‍ മണിയോട് പരാതിപ്പെടാന്‍ ശ്രമിച്ചെങ്കിലും തിരക്ക് കാരണം കഴിഞ്ഞില്ല. ഡെലിവറിക്കു ശേഷം ഓഫിസിലെത്തിയപ്പോള്‍ ആമസോണ്‍ ഇന്ത്യയുടെ കേരളത്തിലെ ഉയര്‍ന്ന ജീവനക്കാരിലൊരാളായ പ്രശാന്ത് അവിടെയുണ്ടായിരുന്നു. അദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഇവിടെയിപ്പോള്‍ മാനേജര്‍ ഇല്ലെന്നും ഒമ്പതിനു പുതിയ മാനേജര്‍ എത്തിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. പ്രശാന്തില്‍നിന്നു കാര്യങ്ങള്‍ മനസ്സിലാക്കിയ പുതിയ മാനേജര്‍ രാജ്കുമാര്‍ തന്നെ ഫോണില്‍ ബന്ധപ്പെടുകയും അജ്മല്‍, ഷഫീഖ് എന്നിവര്‍ തന്നെ ജോലിയില്‍ ബുദ്ധിമുട്ടിക്കുന്നതായും മെയ് ഒന്നുമുതല്‍ ജോലി ചെയ്ത ശമ്പള കുടിശ്ശിക 42000 രൂപയെ കുറിച്ചു പറയുകയും ചെയ്തപ്പോള്‍ പ്രശ്‌നം പരിഹരിക്കാമെന്നു പറഞ്ഞു. എന്നാല്‍, അന്നു രാത്രിതന്നെ മദ്യലഹരിയില്‍ മാനേജര്‍ വിളിച്ച് നിങ്ങള്‍ ജോലിയില്‍ തുടരരുതെന്നു പറഞ്ഞു. കൂടാതെ നേരിട്ടുകാണണമെന്ന് ആവശ്യപ്പെട്ട് ഓഫിസിനു സമീപത്തെ ഹോട്ടലിലേക്ക് വിളിപ്പിച്ചു.

അജ്മല്‍, ഷഫീഖ്, സിജു സാബു എന്നിവരുടെ എതിര്‍പ്പുണ്ടെന്നും ജോലിയും പണവും ആവശ്യപ്പെട്ട് വരരുതെന്നും ഓഫിസില്‍ കയറരുതെന്നും പറഞ്ഞു. അന്ന് വൈകീട്ട് വീണ്ടും രാജ്കുമാര്‍ വിളിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. സപ്തംബര്‍ 17നു വീണ്ടും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഈ ഘട്ടത്തില്‍ മറ്റുള്ളവരെ ധിക്കരിച്ച് നിങ്ങള്‍ക്ക് ജോലി നല്‍കിയാല്‍ അവര്‍ രാജിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നിങ്ങള്‍ക്ക് നിങ്ങളുടെ വഴി തിരഞ്ഞെടുക്കാമെന്ന് പറയുകയും ചെയ്തു. 18നു രാവിലെ ജോലിയില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്നും ശമ്പള കുടിശ്ശിക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഓഫിസിലെത്തിയപ്പോള്‍ മാനേജര്‍ മോശമായി സംസാരിക്കുകയും അനുവദിക്കില്ലെന്ന് പറയുകയും ചെയ്തു. ഇതിനെതിരേ പ്രതിഷേധിച്ചപ്പോള്‍ മാനേജര്‍ രാജ്കുമാര്‍, ജീവനക്കാരനായ ഷെഫീഖിന്റെയും മറ്റൊര തൊഴിലാളിയായ ജോര്‍ജ്ജിന്റെയും സഹായത്തോടെ മര്‍ദ്ദിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.




Next Story

RELATED STORIES

Share it