Sub Lead

ഹിജാബ് ധരിച്ചതിന്റെ പേരില്‍ ഡല്‍ഹിയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് പ്രവേശനം നിഷേധിച്ചു

ഹിജാബ് ധരിച്ചതിന്റെ പേരില്‍ ഡല്‍ഹിയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് പ്രവേശനം നിഷേധിച്ചു
X

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കര്‍ണാടകയിലെ ഉഡുപ്പിയിലെ ഗവണ്‍മെന്റ് വിമന്‍സ് പിയു കോളേജില്‍ ഹിജാബ് ധരിച്ചതിന് ആറ് മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് മുറിയില്‍ പ്രവേശനം നിഷേധിച്ചതിന് ശേഷം സമാനമായ നിരവധി സംഭവങ്ങളാണ് വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉയരുന്നത്. ഹിജാബിനെ മുസ് ലിം വിദ്വേഷം പ്രചരിപ്പിക്കാനുള്ള രാഷ്ട്രീയ ആയുധമാക്കുകയാണ് സംഘപരിവാരം.

ഫെബ്രുവരി 21 തിങ്കളാഴ്ച, ഡല്‍ഹിയിലെ മുസ്തഫാബാദ് മേഖലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് മുറികളില്‍ പ്രവേശനം നിഷേധിച്ചു. 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപം ബാധിച്ച പ്രദേശത്തുള്ള സ്‌കൂളിലാണ് ഹിജാബ് വിലക്ക്.

തുഖ്മിര്‍പൂരിലെ സീനിയര്‍ സെക്കന്‍ഡറി ഗേള്‍സ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമക്ക് ഓഫ്‌ലൈന്‍ ക്ലാസുകള്‍ പുനരാരംഭിച്ചെങ്കിലും ക്ലാസ് മുറിയില്‍ പ്രവേശനം നിഷേധിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍, ക്ലാസ് മുറിയില്‍ എന്താണ് സംഭവിച്ചതെന്ന് വിദ്യാര്‍ത്ഥി വിശദീകരിക്കുന്നതും തന്നെ ക്ലാസില്‍ നിന്ന് പുറത്താക്കിയതും ഹിജാബ് നീക്കംചെയ്യാന്‍ ആവശ്യപ്പെട്ടതും വിവരിക്കുന്നതും കാണാം.

ദ വയറിനോട് സംസാരിച്ച ഫാത്തിമയുടെ പിതാവ് മുഹമ്മദ് അയ്യൂബ് പറഞ്ഞു, 'ഫെബ്രുവരി 21 ന് എന്റെ പത്ത് വയസ്സുള്ള മകള്‍ അവളുടെ ക്ലാസില്‍ പങ്കെടുക്കാന്‍ പോയിരുന്നു. അവളുടെ ക്ലാസ് മുറിയില്‍ പ്രവേശിച്ചപ്പോള്‍ അധ്യാപിക അവരോട് ഹിജാബ് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫാത്തിമയെ സഹപാഠികളുടെ മുന്നില്‍വെച്ച് അധ്യാപിക പരിഹസിച്ചതായും പരാതിയുണ്ട്.

ഇതേതുടര്‍ന്ന് കാര്യം അന്വേഷിക്കാന്‍ സ്‌കൂളിലെത്തിയപ്പോള്‍ ഡല്‍ഹി സര്‍ക്കാരിന്റെ നയത്തിന് അനുസൃതമായാണ് ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെട്ടതെന്ന് സ്‌കൂള്‍ അധികൃതര്‍ തന്നോട് പറഞ്ഞതായി അയ്യൂബ് പറഞ്ഞു.

'എല്ലാ വിദ്യാര്‍ത്ഥികളും ഒരേപോലെ വസ്ത്രം ധരിക്കണമെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും താന്‍ ഉത്തരവുകള്‍ പാലിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പ്രിന്‍സിപ്പല്‍ എന്നോട് ആദ്യം പറഞ്ഞു. അത് ക്യാമറയില്‍ പറയണമെന്നും അല്ലെങ്കില്‍ നിയമപരമായ നോട്ടീസ് കാണിക്കണമെന്നും ഞാന്‍ അവരോട് ആവശ്യപ്പെട്ടപ്പോള്‍, പ്രിന്‍സിപ്പല്‍ നോക്കിനില്‍ക്കെ മുറിയിലുണ്ടായിരുന്ന നാല് അധ്യാപകര്‍ എന്റെ ഫോണ്‍ തട്ടിയെടുത്തു. അവരെല്ലാം സ്ത്രീകളായിരുന്നു, അതിനാല്‍ എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല'. അയ്യൂബ് പറഞ്ഞു.

പ്രിന്‍സിപ്പല്‍ പിന്നീട് അവളുടെ പ്രസ്താവനയില്‍ നിന്ന് പിന്തിരിഞ്ഞുവെന്നും ഔപചാരികമായ ഉത്തരവില്ലെങ്കിലും ചില വിദ്യാര്‍ത്ഥികളെ സ്‌കൂളിലെ മറ്റ് പെണ്‍കുട്ടികളില്‍ നിന്ന് 'വ്യത്യസ്തമായി' കാണാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം,അത്തരത്തിലുള്ള ഒരു സംഭവവും നടന്നിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ സുശീലാ ദേവി പറയുന്നു.

Next Story

RELATED STORIES

Share it