Sub Lead

കൊവിഡ് പോരാളികളെ അവഹേളിച്ചു, ജനങ്ങളുടെ വികാരം വ്രണപ്പെടുത്തി; വിവാദപരാമര്‍ശം പിന്‍വലിക്കണമെന്ന് ബാബാ രാംദേവിനോട് കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡ് പോരാളികളെ അവഹേളിച്ചു, ജനങ്ങളുടെ വികാരം വ്രണപ്പെടുത്തി; വിവാദപരാമര്‍ശം പിന്‍വലിക്കണമെന്ന് ബാബാ രാംദേവിനോട് കേന്ദ്ര ആരോഗ്യമന്ത്രി
X

ന്യൂഡല്‍ഹി: അലോപ്പതി ചികില്‍സകളെത്തുടര്‍ന്ന് ലക്ഷക്കണക്കിന് കൊവിഡ് രോഗികള്‍ മരണപ്പെട്ടുവെന്ന ബാബാ രാംദേവിന്റെ വിവാദപരാമര്‍ശത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ രംഗത്ത്. അലോപ്പതി ചികില്‍സാരീതിക്കെതിരേ നിങ്ങള്‍ ഉന്നയിച്ച പരാമര്‍ശങ്ങള്‍ രാജ്യത്തെ കൊവിഡ് പോരാളികളെ അവഹേളിക്കുന്നതും ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ബാബാ രാംദേവിന് അയച്ച കത്തില്‍ കുറ്റപ്പെടുത്തി. അലോപ്പതി മരുന്നുകളെക്കുറിച്ചുള്ള നിങ്ങളുടെ പരാമര്‍ശം രാജ്യത്തെ ജനങ്ങളെ വളരെയധികം വേദനിപ്പിക്കുന്നതാണ്. ഈ വികാരത്തെക്കുറിച്ച് ഫോണിലൂടെ ഞാന്‍ ഇതിനകം പറഞ്ഞിട്ടുണ്ട്.

ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും തങ്ങളുടെ ജീവന്‍ പണയംവച്ച് കൊവിഡ് മഹാമാരിക്കെതിരേ പോരാടുകയാണ്. അവരെയും രാജ്യത്തെ പൗരന്‍മാരെയും അപമാനിക്കുന്നതാണ് രാംദേവിന്റെ വാക്കുകള്‍. രാജ്യത്തെ പൗരന്‍മാര്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ ദൈവത്തെ പോലെയാണ്. ആ പൗരന്‍മാരെ കൂടിയാണ് നിങ്ങള്‍ അപമാനിച്ചത്. അലോപ്പതി ചികില്‍സ നിരവധി പേരെ രക്ഷിച്ചിട്ടുണ്ട്. രാംദേവിന്റെ വാക്കുകള്‍ ദൗര്‍ഭാഗ്യകരമാണ്. വിവാദപരാമര്‍ശത്തില്‍ കഴിഞ്ഞ ദിവസം നിങ്ങള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ല. ഇക്കാര്യത്തെക്കുറിച്ച് നിങ്ങള്‍ ഗൗരവമായി ചിന്തിക്കുകയും പരാമര്‍ശം പൂര്‍ണമായും പിന്‍വലിക്കുകയും ചെയ്യണമെന്ന് ഹര്‍ഷ് വര്‍ധന്‍ രാംദേവിന് അയച്ച ഹിന്ദിയില്‍ രണ്ടുപേജിലെഴുതിയ കത്തില്‍ ആവശ്യപ്പെടുന്നു.

കൊവിഡ് പ്രതിസന്ധി സമയത്ത് അലോപ്പതി മരുന്നുകള്‍ കാരണം ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചെന്നും ചികില്‍സയോ ഓക്‌സിജനോ ലഭിക്കാതെ മരിച്ചവരേക്കാള്‍ വളരെ കൂടുതലാണ് അതെന്നും അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ രാംദേവ് പറഞ്ഞതാണ് വിവാദമായത്. അലോപ്പതിയെ വിവേകശൂന്യമായതും മണ്ടത്തരമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

മഹാമാരിയില്‍ അലോപ്പതിയും ആധുനിക വൈദ്യശാസ്ത്രവും ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയ ബാബാ രാംദേവ് രേഖാമൂലം മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും നേരത്തെ രംഗത്തുവന്നിരുന്നു. രാംദേവിന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നായിരുന്നു പതഞ്ജലി ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചത്. അലോപ്പതി ഒരു പുരോഗമന ശാസ്ത്രമാണ്. അലോപ്പതി, ആയുര്‍വേദം, യോഗ എന്നിവയുടെ സംയോജനം ഇത്തരം ദുഷ്‌കരമായ സമയങ്ങളില്‍ എല്ലാവര്‍ക്കും പ്രയോജനകരമാവുമെന്നും പതഞ്ജലി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it