Sub Lead

സിഐഎ ക്രൂരതകള്‍ തുറന്നുകാട്ടുന്ന എഫ്ബിഐ ഏജന്റിന്റെ ഓര്‍മക്കുറിപ്പ് അടുത്ത മാസം പുറത്തിറങ്ങും

ഒമ്പതു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് എഫ്ബിഐയുടെ മുന്‍ ഏജന്റായ അലി സൂഫാന് പുസ്തകം പ്രസിദ്ധീകരിക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ അനുമതി നല്‍കാന്‍ തയ്യാറായത്.

സിഐഎ ക്രൂരതകള്‍ തുറന്നുകാട്ടുന്ന എഫ്ബിഐ ഏജന്റിന്റെ ഓര്‍മക്കുറിപ്പ് അടുത്ത മാസം പുറത്തിറങ്ങും
X

വാഷിങ്ടണ്‍: 2001ല്‍ ന്യൂയോര്‍ക്കിലെ ലോക വ്യാപാര കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിനു ശേഷം അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി തടവുകാരോട് അനുവര്‍ത്തിച്ച കടുത്ത പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്ന എഫ്ബിഐ ഏജന്റിന്റെ ഓര്‍മക്കുറിപ്പ് അടുത്ത മാസം പുറത്തിറങ്ങും. ഒമ്പതു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് എഫ്ബിഐയുടെ മുന്‍ ഏജന്റായ അലി സൂഫാന് പുസ്തകം പ്രസിദ്ധീകരിക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ അനുമതി നല്‍കാന്‍ തയ്യാറായത്.

അല്‍ഖാഇദ പ്രവര്‍ത്തകരെന്ന് ആരോപിച്ച് പിടികൂടിയവര്‍ക്കുനേരെ നടത്തിയ കൊടുംക്രൂരതകളെക്കുറിച്ച് തന്റെ ഓര്‍മ്മക്കുറിപ്പിലൂടെ ലോകത്തോട് വിളിച്ചുപറയാനുള്ള അലി സൂഫാന്റെ ശ്രമത്തിന് 2011ല്‍ സിഐഎ തടയിട്ടിരുന്നു. സിഐഎ നടത്തിയ കൊടുംക്രൂരതകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പിലെ വിവരണത്തിലെ ഭൂരിഭാഗവും ക്ലാസിഫൈഡ് ആയി പ്രഖ്യാപിച്ച് സിഐഎ സെന്‍സര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതി ലഭിച്ചത്.

അല്‍ ഖാഇദ പ്രവര്‍ത്തകരെന്ന് ആരോപിച്ച് 2002 സെപ്തംബറില്‍ സിഐഎ പിടികൂടിയ ഒരു സംഘത്തെ ചോദ്യം ചെയ്യാന്‍ സഹായിക്കുന്നതിനാണ് പരിചയ സമ്പന്നനായ എഫ്ബിഐയുടെ തീവ്രവാദ വിരുദ്ധ ഏജന്റ് അലി സൂഫാന്‍ അഫ്ഗാനിലെത്തിയത്. എന്നാല്‍, ഏറ്റവും പ്രധാനപ്പെട്ട രണ്ടു തടവുകാരില്‍നിന്നു ഇദ്ദേഹത്തെ അകറ്റിക്കൊണ്ടായിരുന്നു സിഐഎ ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍. സിഐഎയുടെ ആദ്യത്തെ വിലയേറിയ തടവുകാരില്‍ ഒരാളായിരുന്ന അബു സുബൈദയ്‌ക്കെതിരായ കടുത്ത പീഡനങ്ങളെ എതിര്‍ത്തതിന്റെ പേരില്‍ സൂഫാന്‍ നേരത്തേ നിരവധി ശത്രുക്കളെ സമ്പാദിച്ചിരുന്നു.

എങ്കിലും നിരന്തരശ്രമങ്ങളുടെ ഫലമായി രണ്ട് തടവുകാരെയും ചോദ്യം ചെയ്യാനുള്ള അനുമതി അദ്ദേഹം നേടിയെടുത്തിരുന്നു. ആ സെഷനുകളെക്കുറിച്ച് തന്റെ ഓര്‍മക്കുറിപ്പിലൂടെ തുറന്നുപറയാന്‍ ശ്രമിച്ചതോടെയാണ് സിഐഎ അദ്ദേഹത്തിന്റെ വിവരണത്തിലെ ഭൂരിഭാഗവും ക്ലാസിഫൈഡ് ആയി പ്രഖ്യാപിച്ച് സെന്‍സര്‍ ചെയ്തത്. തുടര്‍ന്നാണ് അദ്ദേഹം കോടതിയെ സമീപിക്കുകയും സിഐഎ പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതി നേടിയെടുക്കുകയും ചെയ്തത്.

'ദ ബ്ലാക്ക് ബാനേഴ്‌സ് (ഡിക്ലാസിഫൈഡ്): 9/11 ന് ശേഷം ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പീഡനം എങ്ങിനെ പാളംതെറ്റി എന്ന പരിഷ്‌കരിച്ച തലക്കെട്ടില്‍ ഡബ്ല്യു ഡബ്ല്യു നോര്‍ട്ടണ്‍ അദ്ദേഹത്തിന്റെ പുസ്തകം വീണ്ടും പ്രസിദ്ധീകരിക്കും. സപ്തംബര്‍ 11ന് ശേഷം അല്‍ഖാഇദയ്‌ക്കെതിരായ പോരാട്ടത്തിനെന്ന പേരില്‍ യുഎസ് നടത്തിയ പല ഞെട്ടിക്കുന്ന വസ്തുതകളിലേക്കും പുസ്തകം വെളിച്ചംവീശുന്നതായിരിക്കും പുസ്തകം.ക്യൂബയിലെ അമേരിക്കന്‍ തടങ്കല്‍ പാളയമായ ഗ്വണ്ടാനമോയില്‍ ഉള്‍പ്പെടെ തടവുകാര്‍ക്കെതിരേ നടന്ന കൊടും ക്രൂരതകളെക്കുറിച്ച് വിക്കിലീക്‌സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നേരത്തേ പുറത്തുവിട്ടിരുന്നു.

Next Story

RELATED STORIES

Share it