Sub Lead

'ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു'; പുതിയ യൂ ട്യൂബ് ചാനല്‍ പ്രഖ്യാപിച്ച് ചെറിയാന്‍ ഫിലിപ്പ്

ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു; പുതിയ യൂ ട്യൂബ് ചാനല്‍ പ്രഖ്യാപിച്ച് ചെറിയാന്‍ ഫിലിപ്പ്
X

തിരുവനന്തപുരം: എല്‍ഡിഎഫുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കെ സ്വന്തമായി യൂ ട്യൂബ് ചാനല്‍ പ്രഖ്യാപിച്ച് ചെറിയാന്‍ ഫിലിപ്പ്. പഴയ ചാനല്‍ പരിപാടിയുടെ അതേ പേരിലാണ് യൂ ട്യൂബ് ചാനലും. 'ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു' എന്ന യു ട്യൂബ് ചാനല്‍ ജനുവരി 1ന് ആരംഭിക്കുമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. ചാനല്‍ നയം തികച്ചും സ്വതന്ത്രമായിരിക്കുമെന്നും രാഷ്ട്രീയ നിലപാട് പ്രശ്‌നാധിഷ്ടിതമായിരിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് പോസ്റ്റില്‍ പറയുന്നു. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാഷ്ട്രീയ മാറ്റത്തിന്റെ സൂചന നല്‍കുന്ന ഫേസ്ബുക്ക് പോസ്റ്റും പുറത്തുവരുന്നത്.

ഏത് വിഷയത്തിലും വസ്തുതകള്‍ നേരോടെ തുറന്നുകാട്ടും. അഴിമതി, വര്‍ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിര്‍ഭയം പോരാടും. ജനകീയ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ട് കണ്ണുകളും തുറക്കും. കണ്ണടയുന്നതുവരെ പ്രതികരിച്ചുകൊണ്ടിരിക്കും- ചെറിയാന്‍ ഫിലിപ്പ് പറയുന്നു. മുഖ്യമന്ത്രിയുടെ നെതര്‍ലന്‍ഡ് സന്ദര്‍ശനത്തെ അടക്കം കുറ്റപ്പെടുത്തി സംസ്ഥാനത്തെ ദുരന്തനിവാരണത്തെ വിമര്‍ശിച്ച ചെറിയാന്‍ ഫിലിപ്പിന് ഇന്നലെ മുഖ്യമന്ത്രി തന്നെ മറുപടി നല്‍കിയിരുന്നു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായുള്ള ചെറിയാന്റെ നിയമനവും സര്‍ക്കാര്‍ റദ്ദാക്കി.

എല്‍ഡിഎഫ് നന്നായി സഹകരിപ്പിച്ച ചെറിയാന്റെ ഇപ്പോഴത്തെ നിലപാടിന്റെ കാരണമറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നെതര്‍ലന്‍സ് മാതൃകയെക്കുറിച്ച് അവിടെപ്പോയി പഠിച്ചശേഷമുള്ള തുടര്‍നടപടി ആര്‍ക്കുമറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള ചെറിയാന്റെ വിമര്‍ശനം. രാജ്യസഭാ സീറ്റ് നിഷേധിച്ചത് മുതല്‍ എല്‍ഡിഎഫുമായി സ്വരച്ചേര്‍ച്ചയിലല്ല ചെറിയാന്‍ ഫിലിപ്പ് പോവുന്നത്. അതേസമയം, ചെറിയാന്‍ ഫിലിപ്പ് ഇതുവരെ ഇക്കാര്യങ്ങളോട് പ്രതകിക്കാന്‍ തയ്യാറായിട്ടില്ല.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യൂ ട്യൂബ് ചാനല്‍ ജനുവരി 1ന് ആരംഭിക്കും. ചാനല്‍ നയം തികച്ചും സ്വതന്ത്രം. രാഷ്ട്രീയ നിലപാട് പ്രശ്‌നാധിഷ്ടിതമായിരിക്കും. ഏതുവിഷയത്തിലും വസ്തുതകള്‍ നേരോടെ തുറന്നുകാട്ടും. അഴിമതി, വര്‍ഗീയത, ഏകാധിപത്യം എന്നിവയ്‌ക്കെതിരേ നിര്‍ഭയം പോരാടും. ജനകീയപ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ട് കണ്ണുകളും തുറക്കും. കണ്ണടയുന്നതുവരെ പ്രതികരിച്ചു കൊണ്ടിരിക്കും.

കോവിഡ് അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്വാശ്രയ കേരളത്തിനായി യത്‌നിക്കും. ഉല്‍പ്പാദന കേന്ദ്രിത വികസന സംസ്‌കാരത്തിനായി ശബ്ദിക്കും. കാര്‍ഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യനിര്‍മാര്‍ജനം, സ്ത്രീസുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കും. സാമൂഹിക പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്ര.

Next Story

RELATED STORIES

Share it