Sub Lead

നെന്മാറ ഇരട്ടക്കൊല: നീണ്ട മുടിയുള്ള സ്ത്രീ കുടുംബം കലക്കിയെന്ന വിശ്വാസം കൊലയ്ക്ക് കാരണമായെന്ന് സൂചന

നെന്മാറ ഇരട്ടക്കൊല:  നീണ്ട മുടിയുള്ള സ്ത്രീ കുടുംബം കലക്കിയെന്ന വിശ്വാസം കൊലയ്ക്ക് കാരണമായെന്ന് സൂചന
X

പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയെ പിടിക്കാന്‍ അന്വേഷണം ഊര്‍ജിതമാക്കി പോലിസ്. പാലക്കാട് പോലിസിലെ നാലുസംഘങ്ങളാണ് ഇയാളെ തേടുന്നത്. നെല്ലിയാമ്പതി കാടും മലയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ചെന്താമരയുടെ സഹോദരന്‍ രാധയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും ഒരു വിവരവും പോലിസിന് ലഭിച്ചിട്ടില്ല. പ്രതിയുടെ വീട്ടില്‍ നിന്നും പാതി ഉപയോഗിച്ച വിഷക്കുപ്പി കണ്ടെത്തിയതിനാല്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പോലിസ് തള്ളിക്കളയുന്നില്ല. കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും പോസ്റ്റ്‌മോര്‍ട്ടം ഇന്നു നടക്കും. ലക്ഷ്മിയുടെ സംസ്‌കാരം ഇന്നു നടത്തും.

2019 ആഗസ്റ്റ് 31ന് സുധാകരന്റെ ഭാര്യ നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയില്‍ സജിതയെ ചെന്താമര കൊലപ്പെടുത്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇരട്ടക്കൊല നടത്തിയിരിക്കുന്നത്. തന്റെ ഭാര്യ തന്നില്‍ നിന്നും അകന്നുകഴിയുന്നതിന് കാരണം സജിതയാണെന്നാണ് ചെന്താമര വിശ്വസിച്ചിരുന്നത്. സജിതയും കുടുംബവും നടത്തിയ ദുര്‍മന്ത്രവാദം മൂലം ഭാര്യ തന്നില്‍ നിന്നു അകന്നു കഴിയുന്നുവെന്നാണ് ഇയാള്‍ അന്ന് പോലിസിന് മൊഴി നല്‍കിയത്. മുടി നീട്ടി വളര്‍ത്തിയ ഒരു സ്ത്രീയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ജ്യോതിഷി ചെന്താമരയോട് പറഞ്ഞിരുന്നത്.

അതിനാല്‍ പ്രദേശത്തെ മുടിനീട്ടി വളര്‍ത്തിയ സ്ത്രീകളെയെല്ലാം ഇയാള്‍ സംശയിച്ചു. ചിലരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സജിതയാണ് കുറ്റക്കാരിയെന്ന് ഉറച്ചു വിശ്വസിച്ച ഇയാള്‍ സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചു പുലര്‍ത്തി. സജിതയെ വെട്ടിക്കൊന്ന അതേ രീതിയിലാണ് അതേ വീടിന്റെ മുന്നിലിട്ട് ഭര്‍ത്താവിനേയും ഓടിയെത്തിയ അമ്മയേയും വകവരുത്തിയത്. നീണ്ട മുടിയുള്ള അയല്‍വാസിയായ പുഷ്പയും ഇയാളുടെ കൊല്ലാനുള്ള പട്ടികയില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ചെന്താമരയെ ഭയന്ന് വീടിന് പുറത്തുള്ള ശുചിമുറിയില്‍ പോലും പോകാറുണ്ടായിരുന്നില്ലെന്ന് പുഷ്പ പറയുന്നു.

Next Story

RELATED STORIES

Share it