Sub Lead

ബറെയ്‌ലിയിലെ പോലിസ് അതിക്രമം: ഇരകളെ സന്ദര്‍ശിക്കാനിരുന്ന ചന്ദ്രശേഖര്‍ ആസാദിനെ വീട്ടുതടങ്കലിലാക്കി

ബറെയ്‌ലിയിലെ പോലിസ് അതിക്രമം: ഇരകളെ സന്ദര്‍ശിക്കാനിരുന്ന ചന്ദ്രശേഖര്‍ ആസാദിനെ വീട്ടുതടങ്കലിലാക്കി
X

നഗീന: ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയില്‍ പോലിസ് അതിക്രമത്തിന് ഇരയായ മുസ്‌ലിംകളെ സന്ദര്‍ശിക്കാനിരുന്ന ചന്ദ്രശേഖര്‍ ആസാദ് എംപിയെ വീട്ടുതടങ്കലിലാക്കി. ചന്ദ്രശേഖര്‍ ആസാദിന്റെ വീടിന് ചുറ്റും നിരവധി പോലിസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ബറെയ്‌ലിയില്‍ പോവാന്‍ ആസാദിനെ അനുവദിക്കില്ലെന്നാണ് പോലിസ് പറയുന്നത്. ബറെയ്‌ലില്‍ പോലിസ് നടത്തിയ അതിക്രമങ്ങള്‍ പുറംലോകം അറിയാതിരിക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഭീം ആര്‍മി ചൂണ്ടിക്കാട്ടി.

ഇരകളെ നിശബ്ദരാക്കാനും അവകാശങ്ങള്‍ക്കായുള്ള അവരുടെ പോരാട്ടം തടയാനുമുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് ഭീം ആര്‍മി പ്രസ്താവനയില്‍ പറഞ്ഞു. 'നീതിക്കുവേണ്ടി ഞങ്ങള്‍ തുടര്‍ന്നും പോരാടും, എപ്പോഴും സമൂഹത്തോടൊപ്പം നില്‍ക്കും,' പ്രസ്താവന പറയുന്നു. ബറെയ്‌ലിക്കാര്‍ക്ക് പറയാനുള്ളത് പറയുന്നതിനെ തടയുന്നത് എന്തിനാണെന്ന് ചന്ദ്രശേഖര്‍ ആസാദ് ചോദിച്ചു.

''സൈന്യം നിങ്ങളുടേതാണ്,നേതാവ് നിങ്ങളുടേതാണ്,പത്രം നിങ്ങളുടേതാണ്,നിങ്ങള്‍ നുണകള്‍ സത്യം പോലെ പ്രചരിപ്പിക്കുന്നു,ഇരകള്‍ എവിടെ പോവണം? നിയമവും കോടതികളും നിങ്ങളുടേതാണ്,സൂര്യന്റെ ചൂടിനെ പോലും നിങ്ങള്‍ക്ക് നേരിടാനാവില്ല '' -ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. പോലീസിനെ ഉപയോഗിച്ച് ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍, ബഹുജന്‍ സമൂഹത്തിന് നീതി ലഭിക്കാന്‍ പോരാടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ബറെയ്‌ലിയിലെ പോലിസ് അതിക്രമത്തില്‍ നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ''ഈ സംഭവത്തിനുശേഷം, 82-ലധികം പേരെ ജയിലില്‍ അടച്ചു. ഏകദേശം 2,000 പേര്‍ക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ആളുകള്‍ക്ക് പള്ളികളില്‍ പോകാനോ പ്രാര്‍ത്ഥനകള്‍ നടത്താനോ മതപരമായ ആചാരങ്ങള്‍ പിന്തുടരാനോ കഴിയില്ല. അവരുടെ അടിസ്ഥാന അവകാശങ്ങള്‍ നിയന്ത്രിക്കപ്പെടുന്നു. നിരവധി വീടുകള്‍ പൂട്ടിയിരിക്കുന്നു, ബുള്‍ഡോസറുകള്‍ ഉപയോഗിക്കുന്നു. സമാധാനപരമായ ഒരു പ്രതിഷേധത്തിന് ശേഷം ഇത്രയും കഠിനമായ നടപടി മറ്റെവിടെയും സ്വീകരിക്കുമായിരുന്നില്ലെന്ന് ഞാന്‍ കരുതുന്നു. ''-അദ്ദേഹം വിശദീകരിച്ചു.

അതേസമയം, സഹാറന്‍പൂരില്‍ നിന്ന് ബറെയ്‌ലിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദിനെ പോലിസ് വീട്ടുതടങ്കലിലാക്കി. കോണ്‍ഗ്രസ് മുന്‍ എംപി കുന്‍വര്‍ ഡാനിഷ് അലിയെയും അംറോഹയിലെ വസതിയില്‍ വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്.

''മുസ്‌ലിംകളെ ലക്ഷ്യം വച്ചുകൊണ്ടിരിക്കുകയാണ്, അവര്‍ക്കെതിരെ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഒരു നിയമവും മറ്റുള്ളവര്‍ക്ക് മറ്റൊരു നിയമവുമാണ്. രാജ്യത്ത് അത്തരമൊരു അന്തരീക്ഷം നിലനില്‍ക്കുകയാണെങ്കില്‍, ഞങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.''-ഇമ്രാന്‍ മസൂദ് പറഞ്ഞു.

''ബറെയ്‌ലിയില്‍ ആസൂത്രിതമായ അക്രമം നടന്നു. നിരപരാധികളുടെ വീടുകള്‍ തകര്‍ക്കപ്പെടുന്നു. ജനാധിപത്യത്തില്‍ മുമ്പൊരിക്കലും ഇത്തരം കാര്യങ്ങള്‍ കണ്ടിട്ടില്ല.''-ഡാനിഷ് അലി പറഞ്ഞു. ബറെയ്‌ലിയില്‍ ഐ ലവ് മുഹമ്മദ് പ്രതിഷേധം സംഘടിപ്പിച്ചെന്ന് ആരോപിച്ച് ഇതുവരെ മൂന്നു മുസ്‌ലിംകളെയാണ് പോലിസ് വെടിവച്ചത്.

Next Story

RELATED STORIES

Share it