Sub Lead

രാമക്ഷേത്ര നിര്‍മാണത്തിന് എസ്ബിഐയെ ഉപയോഗിച്ച് ഫണ്ട് പിരിക്കാന്‍ കേന്ദ്ര നീക്കം; പ്രതിഷേധം ശക്തമാവുന്നു

എസ്ബിഐയുടെ ഓണ്‍ലൈന്‍ ബാങ്കിങ് ആപ്പായ 'യോനോ' ഉപയോഗപ്പെടുത്തിയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ വ്യാപക പണപ്പിരിവിന് ശ്രമം നടത്തുന്നത്.

രാമക്ഷേത്ര നിര്‍മാണത്തിന് എസ്ബിഐയെ ഉപയോഗിച്ച് ഫണ്ട് പിരിക്കാന്‍ കേന്ദ്ര നീക്കം; പ്രതിഷേധം ശക്തമാവുന്നു
X

കോഴിക്കോട്: അയോധ്യയിലെ വിവാദ രാമക്ഷേത്ര നിര്‍മാണത്തിന് പൊതുമേഖല സ്ഥാപനമായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യെ ഉപയോഗിച്ച് ഫണ്ട് പിരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാവുന്നു. എസ്ബിഐയുടെ ഓണ്‍ലൈന്‍ ബാങ്കിങ് ആപ്പായ 'യോനോ' ഉപയോഗപ്പെടുത്തിയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ വ്യാപക പണപ്പിരിവിന് ശ്രമം നടത്തുന്നത്.

രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കാന്‍ ആവശ്യപ്പെട്ടുള്ള പരസ്യത്തിനൊപ്പം രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന ചെയ്യുക എന്നാവശ്യപ്പെടുന്ന ലിങ്കും ആപ്പില്‍ ലോഗിന്‍ ചെയ്യുന്ന എസ്ബിഐ ഉപഭോക്താവിന് കാണാനാവും. കൂടാതെ, ശ്രീറാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര എന്ന അക്കൗണ്ട് പേരും നമ്പറും ഐഎഫ്എസ് കോഡും പേജിന്റെ താഴെ നല്‍കിയിട്ടുണ്ട്. അതിന് താഴെയായി എസ്ബിഐയുടെ യുപിഐ കോഡും രേഖപ്പെടുത്തിയിരുന്നു.

സര്‍ക്കാരിന്റെ ഈ നിയമവിരുദ്ധ നീക്കത്തിനെതിരേ ബാങ്കിങ് ഉള്‍പ്പെടെ വിവിധ മേഖലകളില്‍നിന്നു കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പ്രകൃതി ദുരന്ത സയമങ്ങളില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടതിന് സമാനമായി ഒരു മതനിരപേക്ഷ രാഷ്ട്രത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച അയോധ്യ ക്ഷേത്ര നിര്‍മ്മാണത്തിന് പരസ്യപിരവ് നടത്തുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) ജനറല്‍ സെക്രട്ടറി എസ് എസ് അനില്‍ തേജസ് ന്യൂസിനോട് പറഞ്ഞു.

ഭരണകൂട നയങ്ങള്‍ക്ക് ഓശാന പാടുന്ന തിരക്കിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വം. ഭരണകൂടത്തിന്റെ ആഗ്രഹത്തിന് താളം തുള്ളുന്ന നയങ്ങളാണ് എസ്ബിഐ സ്വീകരിച്ച് കൊണ്ടിരിക്കുന്നതെന്നും അനില്‍ കുറ്റപ്പെടുത്തി. ക്ഷേത്രനിര്‍മാണത്തിനായി യോനോ ആപ്പിലൂടെ പണം പിരിക്കുന്ന വിഷയത്തില്‍ സംഘടന കടുത്ത പ്രതിഷേധം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. എസ്ബിഐ പുതിയ വഴിയില്‍ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്.

ജിയോ ബാങ്കിന്റെ 33 ശതമാനം ഓഹരി എസ്ബിഐയുടേതാണ്. യോനോ ഉള്‍പ്പടെ മുഴുവന്‍ കാര്യങ്ങളും ചെയ്തു നല്‍കുന്നത് റിലയന്‍സാണ്. സ്വാഭാവികമായി ഇന്നല്ലെങ്കില്‍ നാളെ സ്റ്റേറ്റ് ബാങ്ക് റിലയന്‍സ് ആയി മാറാനുള്ള തയ്യാറെടുപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിലവില്‍ 42 കോടിയോളം ഉപഭോക്താക്കളാണ് എസ്ബിഐയ്ക്ക് ഉള്ളത്. രാമക്ഷേത്ര നിര്‍മാണത്തിന് വിദേശങ്ങളില്‍നിന്നുള്‍പ്പെടെ വന്‍തുകയാണ് ഹിന്ദുത്വ സംഘടനകളും മറ്റും നിലവില്‍ പിരിക്കുന്നത്.ഇതിനോടകം ശതകോടികള്‍ ക്ഷേത്രനിര്‍മാണ ഫണ്ടിലേക്ക് സംഭാവനയായി എത്തിയെന്ന് രാമ ജന്മ ഭൂമി ട്രസ്റ്റ് ട്രഷറര്‍ ദേവ് ഗിരിജി മഹാരാജ് വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it