Sub Lead

പ്രാണപ്രതിഷ്ഠ നടത്തി കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയെ നിന്ദിച്ചു; ഐഎന്‍എല്‍ സൗഹാര്‍ദ സംഗമം

പ്രാണപ്രതിഷ്ഠ നടത്തി കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയെ നിന്ദിച്ചു; ഐഎന്‍എല്‍ സൗഹാര്‍ദ സംഗമം
X

കോഴിക്കോട്: എല്ലാ മത വിഭാഗങ്ങള്‍ക്കും തുല്യനീതിയും ആരാധനാ സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന ഭരണഘടനയുള്ള നാട്ടിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ സകല മിഷിനറിയും ദുരുപയോഗപ്പെടുത്തി രാമക്ഷേത്രം നിര്‍മിക്കുന്നതെന്ന് ഐഎന്‍എല്‍ സൗഹാര്‍ദ സംഗമം അഭിപ്രായപ്പെട്ടു. അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയിലാണ് രാമക്ഷേത്ര നിര്‍മാണവും പ്രാണപ്രതിഷ്ഠയും നടത്തുന്നത്. ഇത് രാജ്യത്തിന്റെ ഭരണഘടനയെ നിന്ദിച്ച ഹീനമായ നടപടിയാണ്. സ്‌നേഹത്തിന്റെയും സമഭാവനയുടെയും പ്രതീകമായ ശ്രീരാമ ഭഗവാന്റെ പേര് സങ്കുചിത വോട്ട് താല്‍പര്യത്തിന് ഉപയോഗപ്പെടുത്തുക വഴി സംഘപരിവാര്‍ ശ്രീരാമനെ അവമതിക്കുകയാണ്. മാനിഷാദ മന്ത്രം പാടിയ സമാധാനത്തിന്റെ പ്രതീകമായ ശ്രീരാമനെ പള്ളിക്കടിയിലാക്കിയ മഹാപാതകത്തിന്ന് മോദിക്കും സംഘപരിവാറിനും കാലം കനത്ത ശിക്ഷ നല്‍കുമെന്നും വിവിധ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.

ഇന്ത്യന്‍ നാഷനല്‍ ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ സംഘടിപ്പിച്ച സൗഹൃദ സംഗമത്തില്‍ ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍ കോവില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് സംസ്ഥാന കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ ടി ജലീല്‍, കാസിം ഇരിക്കൂര്‍, ഉമര്‍ഫൈസി മുക്കം, അലി അബ്ദുല്ല, സ്വാമി വിശ്വാനന്ദ ശക്തിബോധി, കെ കെ ബാലന്‍, മുക്കം മുഹമ്മദ്, ഇ പി ദാമോദരന്‍, എ തസ്‌നീം ഷാജഹാന്‍, എം എ ലത്തീഫ് സംസാരിച്ചു. ഡോ. കെ ടി ജലീല്‍ എഴുതിയ 'ഇന്തോനേഷ്യ ക്ഷേത്ര സമൃദ്ധമായ മുസ്‌ലിം രാജ്യം എന്ന പുസ്തകം പി കെ പാറക്കടവിന് നല്‍കി ഇപി ജയരാജന്‍ പ്രകാശനം ചെയ്തു. ഐഎന്‍എല്‍ കലാവിഭാഗമായ ഇനാഫ് സംഘടിപ്പിച്ച ഗാനസംഗമം നടന്നു. സമ്മേളനത്തിന്റെ മുന്നോടിയായി നാഷനല്‍ വിമണ്‍സ് ലീഗിന്റെ ആഭിമുഖ്യത്തില്‍ ബില്‍ക്കീസ് ബാനുവിന് അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടത്തി.

Next Story

RELATED STORIES

Share it