Sub Lead

കശ്മീരി നേതാവിന് രക്തപരിശോധനാ ഫലം മെസേജ് അയച്ചു; പത്മശ്രീ ജേതാവായ ഡോക്ടറെ എന്‍ഐഎ ചോദ്യംചെയ്തു

ഒരു മെസേജില്‍ രക്ത പരിശോധന സംബന്ധിച്ച് 'ബ്ലഡ് റിപോര്‍ട്ട് വാല്യൂ ഐഎന്‍ആര്‍ 2.78' എന്ന് എഴുതിയിരുന്നു. ഐഎന്‍ആര്‍ എന്നാല്‍ രക്തത്തെ കുറിച്ചുള്ള ഇന്റര്‍നാഷനലൈസ്ഡ് നോര്‍മലൈസ്ഡ് റേഷ്യോ എന്നാണു ചുരുക്കം. എന്നാല്‍, ദേശീയ അന്വേഷണ ഏജന്‍സി ധരിച്ചത് ഐഎന്‍ആര്‍ എന്നാല്‍ ഇന്ത്യന്‍ രൂപയാണെന്നും 2.78 കോടി ഹവാല പണത്തെ കുറിച്ചാണ് പരാമര്‍ശമെന്നുമായിരുന്നു. ഇതേക്കുറിച്ചായിരുന്നു ചോദ്യംചെയ്യല്‍.

കശ്മീരി നേതാവിന് രക്തപരിശോധനാ ഫലം മെസേജ് അയച്ചു; പത്മശ്രീ ജേതാവായ ഡോക്ടറെ എന്‍ഐഎ ചോദ്യംചെയ്തു
X

ന്യൂഡല്‍ഹി: തന്റെ ചികില്‍സയില്‍ കഴിഞ്ഞിരുന്ന കശ്മീരി നേതാവിനു രക്തപരിശോധനാ ഫലം മൊബൈല്‍ സന്ദേശമയച്ചതിനു തീവ്രവാദബന്ധം സംശയിച്ച് പത്മശ്രീ ലഭിച്ച പ്രമുഖ ഡോക്ടറെ എന്‍ഐഎ(ദേശീയ അന്വേഷണ ഏജന്‍സി) ചോദ്യം ചെയ്തു. കശ്മീരി നേതാക്കളുമായി ബന്ധമുണ്ടെന്നു സംശയിച്ചാണ് പ്രമുഖ കാര്‍ഡിയോളജിസ്റ്റും രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ പുരസ്‌കാരം നേടിയ കശ്മീരി പണ്ഡിറ്റ് കൂടിയായ ഡോ. ഉപേന്ദ്ര കൗളിനെ ചോദ്യംചെയ്തത്.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഡല്‍ഹി ആസ്ഥാനമായുള്ള കാര്‍ഡിയോളജിസ്റ്റും ബാത്ര ഹോസ്പിറ്റല്‍ ചെയര്‍മാനുമായ ഇദ്ദേഹത്തെ വെള്ളിയാഴ്ച അരമണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രനീക്കത്തിനെതിരേ വിമര്‍ശനം ഉന്നയിച്ചതുമായി ബന്ധമുണ്ടെന്നു സംശയിച്ചാണ് നടപടി. ഡോ. ഉപേന്ദ്ര കൗളിന്റെ പരിചരണത്തില്‍ കഴിഞ്ഞിരുന്ന കശ്മീരി നേതാവ് യാസീന്‍ മാലികുമായി മൊബൈല്‍ സന്ദേശം കൈമാറിയതാണു തീവ്രവാദ ബന്ധമുണ്ടെന്നു സംശയിക്കാന്‍ കാരണം. ഇതില്‍ ഒരു മെസേജില്‍ രക്ത പരിശോധന സംബന്ധിച്ച് 'ബ്ലഡ് റിപോര്‍ട്ട് വാല്യൂ ഐഎന്‍ആര്‍ 2.78' എന്ന് എഴുതിയിരുന്നു. ഐഎന്‍ആര്‍ എന്നാല്‍ രക്തത്തെ കുറിച്ചുള്ള ഇന്റര്‍നാഷനലൈസ്ഡ് നോര്‍മലൈസ്ഡ് റേഷ്യോ എന്നാണു ചുരുക്കം. എന്നാല്‍, ദേശീയ അന്വേഷണ ഏജന്‍സി ധരിച്ചത് ഐഎന്‍ആര്‍ എന്നാല്‍ ഇന്ത്യന്‍ രൂപയാണെന്നും 2.78 കോടി ഹവാല പണത്തെ കുറിച്ചാണ് പരാമര്‍ശമെന്നുമായിരുന്നു. ഇതേക്കുറിച്ചായിരുന്നു ചോദ്യംചെയ്യല്‍. ചോദ്യം കേട്ടപ്പോള്‍ താന്‍ ചിരിച്ചുപോയെന്നും വിശദീകരിച്ചതോടെ തന്നെ വിട്ടയച്ചെന്നും ഡോ. ഉപേന്ദ്ര കൗള്‍ പറഞ്ഞു. 'തീവ്രവാദ സംഘടനകള്‍ക്ക് പണം കൈമാറുന്നതു സംബന്ധിച്ച് തന്റെ പക്കലുള്ള ചില വിവരങ്ങളാണ് അന്വേഷിച്ചതെന്നും വളരെ മാന്യമായാണ് ചോദ്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ചോദ്യങ്ങള്‍ക്കും വളരെ മര്യാദയോടെയാണ് താന്‍ മറുപടി നല്‍കിയതെന്നും അദ്ദേഹം എന്‍ഡിടിവിയോട് പറഞ്ഞു. യാസീന്‍ മാലികുമായി തനിക്ക് ഡോക്ടര്‍-രോഗി ബന്ധമാണുള്ളതെന്നും 1995-96 കാലത്ത് ഹൃദയവാള്‍വ് മാറ്റുന്നതുമായി ബന്ധപ്പെട്ട് എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട സമയം മുതല്‍ സമയാസമയം പരിശോധന നടത്താറുണ്ടെന്നും ഡോ. ഉപേന്ദ്ര കൗള്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

സര്‍ക്കാരിന്റെ കശ്മീര്‍ നയത്തെ എതിര്‍ത്തതിനാലാണോ ചോദ്യംചെയ്തതെന്ന ചോദ്യത്തിന് തനിക്കറിയില്ലെന്നും ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ സ്ഥിതി മെല്ലെ മെച്ചപ്പെടുകയാണെന്നും മറ്റൊരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയായിരിക്കാം സര്‍ക്കാര്‍ ചെയ്യുന്നത്. അതിനാല്‍ തന്നെ ഞങ്ങള്‍ അവരോടൊപ്പമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.


എന്നാല്‍ തീവ്രവാദ സംഘടനകള്‍ക്ക് ഫണ്ട് കൈമാറിയെന്നു കാണിച്ച് 2017 മെയ് 30നു രജിസ്റ്റര്‍ ചെയ്ത കേസിലെ സാക്ഷിയായതിനാലാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തതെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇദ്ദേഹത്തിനു കശ്മീരിലെ നിരവധി നേതാക്കളുമായി ബന്ധമുണ്ടെന്നാണ് ആരോപണം. വെള്ളിയാഴ്ച രാവിലെ 10.30നു എന്‍ ഐഎ ആസ്ഥാനത്ത് ചോദ്യംചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട നല്‍കിയ നോട്ടീസിലും ഇക്കാര്യമാണുള്ളതെന്ന് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു.








Next Story

RELATED STORIES

Share it