Sub Lead

അസമിലെ മുസ്‌ലിം വേട്ട: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ അറബ് ലോകത്ത് ആഹ്വാനം; ഇന്ത്യന്‍ വ്യവസായികള്‍ ഭയപ്പാടില്‍

യുഎഇ മുതല്‍ ഈജിപ്ത് വരെയുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇന്ത്യയിലെ മുസ്ലീം പീഡനങ്ങളെക്കുറിച്ചും മുസ്ലീം വിരുദ്ധ സംഭവങ്ങളുമായും ബന്ധപ്പെട്ട ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും ചര്‍ച്ചയാവുകയും ചെയ്തു.

അസമിലെ മുസ്‌ലിം വേട്ട: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ അറബ് ലോകത്ത് ആഹ്വാനം; ഇന്ത്യന്‍ വ്യവസായികള്‍ ഭയപ്പാടില്‍
X

ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ച അസമിലെ ദാരംഗ് ജില്ലയില്‍ കുടിയൊഴിപ്പിക്കലിനെതിരേ പ്രതിഷേധിച്ച യുവാവിനെ വെടിവച്ച് കൊന്ന് ആനന്ദനൃത്തംചവിട്ടി മൃതദേഹത്തെ അപമാനിച്ചത് ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടത് ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലും കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ കുവൈത്ത് പാര്‍ലമെന്റ് അംഗങ്ങള്‍ ശക്തമായ ഭാഷയില്‍ അപലപിച്ചപ്പോള്‍ 'സമാധാനം ഇഷ്ടപ്പെടുന്ന എല്ലാ രാജ്യങ്ങളും ഈ ആക്രമണം തടയാന്‍ ഇടപെടണമെന്നാണ്' ഒമാനിലെ ഗ്രാന്റ് മുഫ്തി ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല, ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ന്യൂഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയം ഇതുവരെ ഇക്കാര്യങ്ങളില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം, 'സാമൂഹിക മാധ്യമങ്ങളില്‍ ഇന്ത്യയെക്കുറിച്ചുള്ള തെറ്റായ പ്രചാരണത്തിലൂടെ വിദ്വേഷവും പൊരുത്തക്കേടും പ്രചരിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. വ്യാജ ഹാന്‍ഡിലുകള്‍, പ്രചരണങ്ങള്‍, കെട്ടിച്ചമച്ച വീഡിയോകള്‍ എന്നിവയുടെ ഇരകളാകാതെ ജാഗ്രത പാലിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. എല്ലാ ഇന്ത്യക്കാരും ഐക്യവും സാഹോദര്യവും നിലനിര്‍ത്താന്‍ നിര്‍ദ്ദേശിക്കുന്നു'- ഖത്തറിലെ ഇന്ത്യന്‍ എംബസി ചൊവ്വാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

യുഎഇ മുതല്‍ ഈജിപ്ത് വരെയുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇന്ത്യയിലെ മുസ്ലീം പീഡനങ്ങളെക്കുറിച്ചും മുസ്ലീം വിരുദ്ധ സംഭവങ്ങളുമായും ബന്ധപ്പെട്ട ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും ചര്‍ച്ചയാവുകയും ചെയ്തു.

അസമിലെ സര്‍ക്കാര്‍ ഫോട്ടോഗ്രാഫര്‍ പോലിസിന്റെ വെടിയേറ്റു നിലത്തുവീണ മോയിനുല്‍ ഹഖിന്റെ ജീവനില്ലാത്ത ശരീരത്തില്‍ ചാടിവീഴുന്ന വീഡിയോ ക്ലിപ്പും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്.

മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകളില്‍ പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിച്ചതുപോലെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നാണ് ഗള്‍ഫ് രാജ്യങ്ങളിലെ ജനങ്ങള്‍ ആഹ്വാനം ചെയ്യുന്നത്.

'ഞങ്ങളുടെ സഹോദരങ്ങളെ' ഹിന്ദു തീവ്രവാദികള്‍ സര്‍ക്കാരിന്റെ പിന്തുണയോടെ പീഡിപ്പിക്കുന്നുവെന്നും ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്ന ഹാഷ്ടാഗിന് പിന്തുണ നല്‍കണമെന്നും എഴുത്തുകാരനും കോളമിസ്റ്റുമായ അബ്ദുല്ല അലമാദി ട്വീറ്റ് ചെയ്തു.

അതേസമയം, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം ശക്തമായതോടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യവസായികള്‍ ഭയപ്പാടിലാണ്. ബീഫും പച്ചക്കറിയും ഉള്‍പ്പെടെ നിരവധി സാധനങ്ങളാണ് ദിനംപ്രതി ഇന്ത്യയില്‍നിന്നു ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്.

Next Story

RELATED STORIES

Share it