Sub Lead

ഉപതിരഞ്ഞെടുപ്പ്: നാലിടത്ത് ബിജെപി; ആര്‍ജെഡിക്കും ടിആര്‍എസ്സിനും ശിവസേനയ്ക്കും ഓരോ സീറ്റ് വീതം

ഉപതിരഞ്ഞെടുപ്പ്: നാലിടത്ത് ബിജെപി; ആര്‍ജെഡിക്കും ടിആര്‍എസ്സിനും ശിവസേനയ്ക്കും ഓരോ സീറ്റ് വീതം
X

ന്യൂഡല്‍ഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം. മൂന്ന് സിറ്റിങ് സീറ്റുകള്‍ ബിജെപി നിലനിര്‍ത്തുകയും ഒന്ന് പിടിച്ചെടുക്കുകയും ചെയ്തു. ബിഹാറിലെ ഗോപാല്‍ ഗഞ്ച്, ഉത്തര്‍പ്രദേശിലെ ഗോല ഗൊരഖ്‌നാഥ്, ഒഡീഷയിലെ ധാംനഗര്‍ തുടങ്ങിയ സിറ്റിങ് സീറ്റുകളാണ് ബിജെപി നിലനിര്‍ത്തിയത്. കോണ്‍ഗ്രസിന്റെ ഹരിയാനയിലെ അദംപൂര്‍ മണ്ഡലമാണ് ബിജെപി പിടിച്ചെടുത്തത്.

ആര്‍ജെഡി, ശിവസേന ഉദ്ധവ് താക്കറെ പക്ഷം, ടിആര്‍എസ് എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റുകളില്‍ വിജയിച്ചു. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റില്‍ ശിവസേനാ നേതാവ് രമേഷ് ലട്‌കെയുടെ നിര്യാണത്തെത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ റുതുജ ലട്‌കെ വിജയിച്ചു. ഉദ്ധവ് താക്കറെ വിഭാഗം സ്ഥാനാര്‍ഥിയായാണ് അവര്‍ മല്‍സരിച്ചത്. അന്ധേരി ഈസ്റ്റിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചിരുന്നു. മറ്റ് മുഖ്യ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ ഇല്ലാതിരുന്ന ഇവിടെ 76 ശതമാനത്തിലധികം വോട്ട് നേടിയാണ് ശിവസേന ജയമുറപ്പിച്ചത്. 14 ശതമാനം വോട്ട് നേടി നോട്ടയാണ് ഇവിടെ രണ്ടാംസ്ഥാനത്ത്.

ബിഹാറിലെ മൊകാമ സീറ്റാണ് ആര്‍ജെഡി നിലനിര്‍ത്തിയത്. സഖ്യസര്‍ക്കാരില്‍ നിന്ന് പുറത്തായ ശേഷം ബിഹാറില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ബിജെപിക്ക് നിര്‍ണായകമായിരുന്നു. ആദ്യ റൗണ്ടുകളില്‍ ഗോപാല്‍ ഗഞ്ച് മണ്ഡലത്തില്‍ ആര്‍ജെഡിക്കായിരുന്നു ലീഡ്. എന്നാല്‍, അന്തിമഫലം വന്നപ്പോള്‍ ബിജെപിയുടെ കുസും ദേവി 1794 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബിഹാറിലെ തന്നെ മോകോമ മണ്ഡലം 16741 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആര്‍ജെഡി നിലനിര്‍ത്തിയത്.

ഹരിയാനയിലെ അദംപൂരില്‍ കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്‌നോയ് ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പിന്നിലാക്കി ബിജെപി സ്ഥാനാര്‍ഥിയും കുല്‍ദീപ് ബിഷ്‌നോയിയുടെ മകനുമായ ഭവ്യ ബിഷ്‌നോയ്, 15,740 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

സിറ്റിങ് സീറ്റായ മഹാരാഷ്ട്രയിലെ ഈസ്റ്റ് അന്ധേരിയില്‍ 64959 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ വിജയം. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന തെലങ്കാനയില്‍ അവസാന റൗണ്ടുകളില്‍ ലീഡ് ഉയര്‍ത്തിയാണ് ബിജെപിയെ തോല്‍പ്പിച്ച് മുനുഗോഡെ നിയമസഭാ സീറ്റ് ടിആര്‍എസ് നിലനിര്‍ത്തിയത്. തെലങ്കാനയിലെ മുനുഗോഡില്‍ കോണ്‍ഗ്രസ് എംഎല്‍എ കെ രാജഗോപാല്‍ റെഡ്ഡി എംഎല്‍എ സ്ഥാനം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Next Story

RELATED STORIES

Share it