Sub Lead

ബസ് ചാര്‍ജ് വര്‍ധന; തീരുമാനം ഉടന്‍

ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങളും യോഗം ചര്‍ച്ച ചെയ്‌തേക്കും.

ബസ് ചാര്‍ജ് വര്‍ധന; തീരുമാനം ഉടന്‍
X

കോഴിക്കോട്: ബസ് ചാര്‍ജ് നിരിക്ക് വര്‍ധിപ്പിക്കണമോയെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാവുമെന്ന് സൂചന. ഈ മാസം 30ന് ചേരുന്ന ഇടതു മുന്നണി യോഗം വിഷയം ചര്‍ച്ച ചെയ്യും. ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങളും യോഗം ചര്‍ച്ച ചെയ്‌തേക്കും.

മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. പലതവണ ചര്‍ച്ച ചെയ്‌തെങ്കിലും വിദ്യാര്‍ഥികളുടെ കണ്‍സഷന്റെ കാര്യത്തില്‍ തീരുമാനമാകാത്തതുകൊണ്ടാണ് നിരക്ക് വര്‍ധന പ്രഖ്യാപനം വൈകുന്നത്.

കണ്‍സഷന്‍ നിരക്ക് 6 രൂപ ബസ്സുടമകള്‍ ആവശ്യപ്പെട്ടപ്പോള്‍, 5 രൂപയായി ഉയര്‍ത്തണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തിലാക്കാമെന്ന് സര്‍ക്കാരും നിര്‍ദേശം വച്ചു. എന്നാല്‍ ഒരു രൂപ പോലും വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് വിദ്യാര്‍ഥി സംഘടനകളുടെ നിലപാട്.

എല്‍ഡിഎഫ് യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കാനാണ് ഗതാഗത മന്ത്രിയുടെ ശ്രമം. അതുവരെ സ്വകാര്യ ബസ്സുടമകളോട് സമരത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടേക്കും.

ഓട്ടോടാക്‌സി നിരക്കിന്റെ കാര്യത്തിലും വേഗത്തില്‍ തീരുമാനം വേണമെന്ന് തൊഴിലാളി സംഘടനകള്‍ സമ്മര്‍ദം ചെലുത്തിവരികയാണ്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഓട്ടോ ഒന്നര കിലോമീറ്ററിന് നിലവില്‍ 25 രൂപയാണ് നിരക്ക്. ശേഷമുള്ള ഓരോ കിലോമീറ്ററിനും 12 രൂപയും. ജസ്റ്റിസ് രാമചന്ദ്രന്റെ ശിപാര്‍ശ പ്രകാരം ഒന്നര കിലോമീറ്ററിന് 30 രൂപയും ശേഷം 15 രൂപയുമാണ്. 1500 സിസിയില്‍ താഴെയുള്ള ടാക്‌സി കാറുകള്‍ക്ക് മിനിമം ചാര്‍ജ് നിലവിലുള്ള 175 രൂപയില്‍ നിന്ന് 210 ആയും കിലോമീറ്റര്‍ ചാര്‍ജ് 15 രൂപയില്‍ നിന്ന് 18 രൂപയായും 1500 സിസിയില്‍ അധികമുള്ള ടാക്‌സി കാറുകള്‍ക്ക് മിനിമം ചാര്‍ജ് 200 രൂപയില്‍ നിന്ന് 240 രൂപയായും കിലോമീറ്റര്‍ നിരക്ക് 17 രൂപയില്‍ നിന്ന് 20 ആയും വര്‍ധിപ്പിക്കാനാണ് കമ്മിറ്റി ശിപാര്‍ശ നല്‍കിയിട്ടുള്ളത്.

Next Story

RELATED STORIES

Share it