Sub Lead

ഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കുമെന്ന് മന്ത്രി എം ബി രാജേഷ്

ഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കുമെന്ന് മന്ത്രി എം ബി രാജേഷ്
X

തിരുവനന്തപുരം: ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കുറവാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. നിരക്ക് വര്‍ധനവ് എത്രയുണ്ടാവുമെന്ന് തീരുമാനമായിട്ടില്ല. 2023 ഏപ്രില്‍ ഒന്നുമുതല്‍ നഗരസഭകളില്‍ വീടുകളടക്കമുള്ള ചെറുകിട കെട്ടിടങ്ങളുടെ പെര്‍മിറ്റ് ലഭിക്കുന്നതിന് ഉദ്യോഗസ്ഥതല പരിശോധന പൂര്‍ണമായും ഒഴിവാക്കും. പെര്‍മിറ്റ് ഫീസില്‍ യുക്തിസഹമായ വര്‍ധനവ് വരുത്തും. നിരക്ക് പിന്നീട് നിശ്ചയിക്കും. വസ്തുനികുതി 5 ശതമാനം വര്‍ധിപ്പിക്കാനുള്ള നിയമഭേദഗതി അടുത്ത വര്‍ഷം മുതല്‍ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് ബാധകമായിരിക്കും. നേരത്തേ 30 ചതുരശ്ര മീറ്റര്‍ വരെ ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു വസ്തു നികുതിയിളവ്. കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും 300 ചതുരശ്രമീറ്റര്‍ വരെയുള്ള ചെറുകിട നിര്‍മാണങ്ങള്‍ക്ക് അപേക്ഷിച്ചാലുടന്‍ തന്നെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കും. പല തലങ്ങളിലുള്ള പരിശോധനയും കാലതാമസവും തടസ്സങ്ങളും ഒഴിവാക്കാന്‍ ഇതിലൂടെ കഴിയും. കെട്ടിട ഉടമസ്ഥരുടെയും കെട്ടിട പ്ലാന്‍ തയാറാക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുകയും ചെയ്യുന്ന ലൈസന്‍സി/ എംപാനല്‍ഡ് എന്‍ജിനീയര്‍മാരുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. അപേക്ഷ നല്‍കുന്ന ദിവസം തന്നെ സിസ്റ്റം ജനറേറ്റഡ് പെര്‍മിറ്റ് ലഭ്യമാക്കും. തീരദേശ പരിപാലനനിയമം, തണ്ണീര്‍ത്തട സംരക്ഷണ നിയമം തുടങ്ങിയവ ബാധകമായ മേഖലകളിലല്ല കെട്ടിടനിര്‍മാണമെന്നും കെട്ടിട നിര്‍മാണ ചട്ടം പൂര്‍ണമായും പാലിക്കുന്നുണ്ടെന്നുമുള്ള സത്യവാങ്മൂലം അപേക്ഷയില്‍ നല്‍കണം. അപേക്ഷയില്‍ നല്‍കുന്ന വിവരങ്ങള്‍ പൂര്‍ണവും യാഥാര്‍ത്ഥവുമാണെങ്കില്‍ മാത്രമേ പെര്‍മിറ്റ് ലഭിക്കൂ. യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവച്ചാണ് പെര്‍മിറ്റ് നേടിയതെന്ന് തെളിഞ്ഞാല്‍ പിഴ, നിയമവിരുദ്ധമായി നിര്‍മിച്ച കെട്ടിടം ഉടമ സ്വന്തം ചെലവില്‍ പൊളിച്ചുനീക്കല്‍, എംപാനല്‍ഡ് ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കല്‍ എന്നീ നടപടികള്‍ ഉണ്ടാകും. നഗരസഭകളില്‍ നടപ്പാക്കിയതിന്റെ അനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ അടുത്ത ഘട്ടമായി ഗ്രാമപഞ്ചായത്തുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇനിമുതല്‍ സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് വസ്തുനികുതി അടയ്‌ക്കേണ്ടതില്ല. ഈ ഇളവ് ഫ്‌ളാറ്റുകള്‍ക്ക് ബാധകമല്ല. അനധികൃത നിര്‍മാണം പരിശോധനയില്‍ കണ്ടെത്തിയാല്‍ അനധികൃത ഭാഗത്തിന് മൂന്നിരട്ടി നികുതി ചുമത്തി നടപടി സ്വീകരിക്കും. 1500 ചതുരശ്ര അടി വരെയുള്ള വീടുകളെ മൂന്നിരട്ടി വസ്തുനികുതി ചുമത്തുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കാര്യക്ഷമതയുടെ അടിസ്ഥാനത്തില്‍ റേറ്റിങ് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ സംബന്ധിച്ച് ജൂണ്‍ മുതല്‍ പരിശീലനം ആരംഭിക്കും. തദ്ദേശ വകുപ്പിലെ എന്‍ജിനീയറിങ് വിഭാഗത്തെ മെച്ചപ്പെടുത്താന്‍ ഗുണനിലവാര പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും. ഗുണനിലവാര പരിശോധനാ ലാബുകള്‍, സാങ്കേതിക ഉപദേശക സംവിധാനം, ഡിസൈനിങ് വിഭാഗം എന്നിവ ഉള്‍പ്പെടുന്നതാകും ഗുണനിലവാര പരിശോധനാ സംവിധാനം. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമയുടെ അടിസ്ഥാനത്തില്‍ റേറ്റിങ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it