Sub Lead

ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നു; ഒക്ടോബര്‍ വരെ കാവല്‍ പ്രധാനമന്ത്രിയായി തുടരും

സര്‍ക്കാരില്‍ നിന്നും കൂട്ടരാജിയുണ്ടായതോടെയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനം ഒഴിയാന്‍ ജോണ്‍സണ്‍ നിര്‍ബന്ധിതനായത്. കഴിഞ്ഞ 48 മണിക്കൂറിനിടെ 50 ഓളം മന്ത്രിമാരാണ് യുകെ സര്‍ക്കാരില്‍ നിന്നും രാജിവച്ചത്.

ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നു; ഒക്ടോബര്‍ വരെ കാവല്‍ പ്രധാനമന്ത്രിയായി തുടരും
X

ലണ്ടന്‍: ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതായി റിപോര്‍ട്ട്. തല്‍ക്കക്കാലം ഒക്ടോബര്‍ വരെ കാവല്‍ പ്രധാനമന്ത്രിയായി തന്നെ തുടരുമെന്നാണ് വിവരം. അതിന് ശേഷമായിരിക്കും യുകെയില്‍ പുതിയ പ്രധാനമന്ത്രി സ്ഥാനമേറ്റെടുക്കുക. ആദ്യപടിയായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനം രാജിവയ്ക്കും. ഇന്നുതന്നെ ജോണ്‍സന്റെ രാജിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരില്‍ നിന്നും കൂട്ടരാജിയുണ്ടായതോടെയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനം ഒഴിയാന്‍ ജോണ്‍സണ്‍ നിര്‍ബന്ധിതനായത്. കഴിഞ്ഞ 48 മണിക്കൂറിനിടെ 50 ഓളം മന്ത്രിമാരാണ് യുകെ സര്‍ക്കാരില്‍ നിന്നും രാജിവച്ചത്.

ജോണ്‍സണ്‍ പ്രധാനമന്ത്രിയായി ഇരിക്കാന്‍ യോഗ്യനല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. ബോറിസ് ജോണ്‍സനെതിരേ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നതാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളുടെ കൂട്ടരാജിക്ക് കാരണം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് പുതിയ ആള്‍ വരുന്നതുവരെയാവും അദ്ദേഹം പ്രധാനമന്ത്രി പദത്തില്‍ തുടരുക. ബോറിസ് ജോണ്‍സണ്‍ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. 2019ലാണ് 58കാരനായ ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയത് ഉള്‍പ്പെടെ നിരവധി വിവാദങ്ങള്‍ ജോണ്‍സനെതിരേ ഉയര്‍ന്നിരുന്നു.

ഒന്നിന് പിറകെ ഒന്നായി വിവാദങ്ങള്‍ വേട്ടയാടുന്ന ബോറിസ് ജോണ്‍സന് കനത്ത തിരിച്ചടിയാണ് മന്ത്രിമാരുടെ രാജിയോടെ ഉണ്ടായത്. ലൈംഗിക പീഡന പരാതികളില്‍ ആരോപണവിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോണ്‍സണ്‍ ചീഫ് വിപ്പായി നിയമിച്ചിരുന്നു. ക്രിസ് പിഞ്ചര്‍ അനവധി ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയന്‍ ആണെന്നിരിക്കെയാണ് പ്രധാനമന്ത്രി അദ്ദേഹത്തെ ചീഫ് വിപ്പായി നിയമിച്ചതെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

തുടര്‍ന്ന് പിഞ്ചറെ നീക്കി. ഇക്കാര്യത്തില്‍ പിന്നീട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്യത്തോട് മാപ്പ് പറഞ്ഞെങ്കിലും പ്രതിഷേധം കനത്തു. ഈ സാഹചര്യത്തിലാണ് ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ രാജിവച്ചത്. ജനങ്ങള്‍ സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ഉത്തരവാദിത്തവും മാന്യതയും പ്രതീക്ഷിക്കുന്നെന്നാണ് രാജിവച്ച മന്ത്രിമാര്‍ പറഞ്ഞത്. ധാര്‍മികതയോടെ ഇനി മന്ത്രിസഭയില്‍ തുടരാന്‍ കഴിയില്ലെന്നതിനാലാണ് രാജി നല്‍കിയതെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it