Sub Lead

സിംഘുവിലെ കര്‍ഷക സമരസ്ഥലത്ത് യുവാവിനെ കൊന്ന് കെട്ടിത്തൂക്കി; കൈകള്‍ വെട്ടിമാറ്റിയ നിലയില്‍

സിംഘുവിലെ കര്‍ഷക സമരസ്ഥലത്ത് യുവാവിനെ കൊന്ന് കെട്ടിത്തൂക്കി; കൈകള്‍ വെട്ടിമാറ്റിയ നിലയില്‍
X

ന്യൂഡല്‍ഹി: സിംഘു അതിര്‍ത്തിയിലെ കര്‍ഷക സമരസ്ഥലത്ത് യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ സമരപ്പന്തലിന് സമീപത്തെ പോലിസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കൈകള്‍ വെട്ടിമാറ്റിയ നിലയിലാണ്. നിലത്ത് മുഴുവന്‍ രക്തം തളംകെട്ടി കിടക്കുന്നുണ്ട്. പോലിസ് പറയുന്നതനുസരിച്ച് പഞ്ചാബിലെ താം തരണ്‍ ജില്ലയില്‍നിന്നുള്ള 36 വയസ്സുള്ള ലഖ്ബീര്‍ സിങ് ആണ് കൊല്ലപ്പെട്ട യുവാവെന്ന് പോലിസിനെ ഉദ്ധരിച്ച് എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു.

കൂലിപ്പണിക്കാരനായ അദ്ദേഹത്തിന് ഒരു സഹോദരിയും ഭാര്യയും മൂന്ന് പെണ്‍മക്കളുമുണ്ട്. സിഖ് മതഗ്രന്ഥത്തെ അവഹേളിച്ചതിന്റെ പേരില്‍ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് സംശയമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഗുരുഗ്രന്ഥ് സാഹിബിനെ അവഹേളിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. സംഭവസ്ഥലത്തെത്തിയ സോനിപ്പത്ത് പോലിസ് മൃതദേഹം സിവിക് ആശുപത്രിയിലേക്ക് മാറ്റി. ആരാണ് ഉത്തരവാദിയെന്നതിനെക്കുറിച്ച് വിവരമില്ലെന്ന് പോലിസ് പറഞ്ഞു.

സംഭവത്തില്‍ പോലിസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു- ഡിഎസ്പി ഹന്‍സ്‌രാജ് ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോകള്‍ പരിശോധിച്ചുവരികയാണെന്നും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വിശദമായ അന്വേഷണം നടക്കുകയാണെന്നും ഹരിയാന പോലിസ് അറിയിച്ചു. അതേസമയം, സംഭവത്തില്‍ പങ്കില്ലെന്നും പോലിസ് അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.

പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച കൊലപാതകത്തെ അസന്ദിഗ്ധമായി അപലപിച്ചു. മരിച്ച യുവാവിന് കിസാന്‍ മോര്‍ച്ചയുമായി യാതൊരു ബന്ധവുമില്ല. ഞങ്ങള്‍ ഏതെങ്കിലും മതഗ്രന്ഥത്തെയോ ചിഹ്നത്തെയോ അവഹേളിക്കുന്നതിന് എതിരാണ്. ആരെയും നിയമം കൈയിലെടുക്കാന്‍ അനുവദിച്ചിക്കില്ലെന്നും സംഘം പറഞ്ഞു. അന്വേഷണത്തിന് ശേഷം കുറ്റവാളികളെ നിയമപ്രകാരം ശിക്ഷിക്കണം. നിയമപരമായ ഏത് നടപടിക്കും കിസാന്‍ മോര്‍ച്ച പോലിസിനോടും ഭരണകൂടത്തോടും സഹകരിക്കുമെന്നും സംഘം വ്യക്തമാക്കി.

Next Story

RELATED STORIES

Share it