Sub Lead

പെരുമ്പാവൂരില്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി, അക്രമപരമ്പര; എംഎല്‍എയ്ക്ക് മര്‍ദ്ദനം

പെരുമ്പാവൂരില്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി, അക്രമപരമ്പര; എംഎല്‍എയ്ക്ക് മര്‍ദ്ദനം
X
കൊച്ചി: നവകേരള സദസ്സില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെ പെരുമ്പാവൂരില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കരിങ്കൊടി പ്രതിഷേധം ഒടുവില്‍ അക്രമപരമ്പരയിലേക്ക് വഴിമാറി. യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. പരിക്കേറ്റ പ്രവര്‍ത്തകനെ കാണാനെത്തിയ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കും മര്‍ദ്ദമനമേറ്റു. ഡിവൈഎഫ് ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20ഓളം ബൈക്കുകളിലെത്തിയ പ്രവര്‍ത്തകരാണ് ഇദ്ദേഹത്തെ ആക്രമിച്ചതെന്നാണ് പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നോയല്‍ ജോസിനെ കാണാനെത്തിയപ്പോഴാണ് എംഎല്‍എയ്ക്കുനേരെ ആക്രമണമുണ്ടായത്.


കോതമംഗലത്തേക്കുള്ള യാത്രയ്ക്കിടെ ഓടക്കാലില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനു നേരെ കെ എസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ് പ്രതിഷേധിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന നവകേരള സദസ് പുനരാരംഭിച്ചതിനു പിന്നാലെയാണു സംഭവം. ഇതേത്തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്കു നേരേ പോലിസ് ലാത്തിവീശി. സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധക്കാരെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പോലിസ് സാന്നിധ്യത്തിലാണ് മര്‍ദ്ദനം നടന്നത്.


അതേസമയം, നവകേരള സദസ്സിനെ മറ്റൊരു രീതിയില്‍ തിരിച്ചുവിടാനാണു നീക്കമെന്നും ഷൂ ഏറിലേക്കു പോയാല്‍ മറ്റു നടപടികളിലേക്കു കടക്കേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ടു കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്താണ് ഇവര്‍ക്ക് പറ്റിയതെന്നു മനസ്സിലാവുന്നില്ല. ഈ സംഭവത്തെ ആകെ മറ്റൊരു രീതിയിലേക്കു മാറ്റിത്തീര്‍ക്കാനുള്ള ഗൂഢ ഉദ്ദേശ്യമാണ്. ഈ ആളുകള്‍ എല്ലാവരും കൂടി ശക്തിയായി ഊതിയാല്‍ കരിങ്കൊടിയുമായി വരുന്നയാളും എറിയാന്‍ സാധനങ്ങളുമായി വരുന്നയാളും പാറിപ്പോവും. പക്ഷേ നാട്ടുകാര്‍ നല്ല സംയമനം പാലിച്ചാണു നില്‍ക്കുന്നത്. അതു തന്നെയാണു വേണ്ടത്. അവരുടെ പ്രകോപനത്തില്‍ കുടുങ്ങരുത്. പക്ഷേ ഏറിലേക്കൊക്കെ പോയാല്‍ പിന്നെ അതിന്റേതായ നടപടികള്‍ തുടരും. സാധാരണ ഗതിയിലുള്ള നടപടികളിലേക്കു കടക്കും. അപ്പോള്‍ പിന്നെ വല്ലാതെ വിലപിച്ചിട്ടു കാര്യമില്ല. അതിന്റേതായ നടപടികള്‍ സ്വാഭാവികമായി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.




Next Story

RELATED STORIES

Share it