Sub Lead

ലൗ ജിഹാദിന് 10 വര്‍ഷം തടവും പിഴയും, ഹോളിക്കും ദീപാവലിക്കും സ്ത്രീകള്‍ക്ക് സൗജന്യ ഗ്യാസ് സിലിണ്ടര്‍;'ഹിന്ദുത്വ പ്രകടനപത്രിക'യുമായി യുപിയില്‍ ബിജെപി

അറുപതു വയസ്സു കഴിഞ്ഞ സ്ത്രീകള്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളില്‍ സൗജന്യയാത്ര, കോളജ് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ ഇരുചക്ര വാഹനം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

ലൗ ജിഹാദിന് 10 വര്‍ഷം തടവും പിഴയും, ഹോളിക്കും ദീപാവലിക്കും സ്ത്രീകള്‍ക്ക് സൗജന്യ ഗ്യാസ് സിലിണ്ടര്‍;ഹിന്ദുത്വ പ്രകടനപത്രികയുമായി യുപിയില്‍ ബിജെപി
X

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 'ഹിന്ദുത്വ പ്രകടനപത്രിക'യുമായി ബിജെപി.ലൗ ജിഹാദ് കുറ്റം തെളിയിക്കപ്പെട്ടാല്‍ കുറഞ്ഞത് പത്തുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ചുമത്തുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു.ലഖ്‌നൗവില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

കര്‍ഷകര്‍ക്ക് ജലസേചന ആവശ്യങ്ങള്‍ക്ക് സൗജന്യ വൈദ്യുതി, ഒരോ കുടുംബത്തിലെയും ചുരുങ്ങിയത് ഒരാള്‍ക്ക് ജോലി തുടങ്ങിയ വമ്പന്‍ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.ഹോളിക്കും ദീപാവലിക്കും സത്രീകള്‍ക്ക് ഓരോ സൗജന്യ ഗ്യാസ് സിലിണ്ടര്‍, അറുപതു വയസ്സു കഴിഞ്ഞ സ്ത്രീകള്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളില്‍ സൗജന്യയാത്ര, കോളജ് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ ഇരുചക്ര വാഹനം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ പ്രതിശീര്‍ഷ വരുമാനം ഇരട്ടിയാക്കും, പത്തുലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കും, വിധവാ പെന്‍ഷന്‍ 800ല്‍നിന്ന് 1,500 രൂപയായി ഉയര്‍ത്തും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു.അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിലെ യുപിയുടെ വികസനം ലക്ഷ്യമിട്ടാണ് പ്രകടനപത്രിക തയാറാക്കിയിരിക്കുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.വ്യാഴാഴ്ചയാണ് യുപിയില്‍ ആദ്യഘട്ട വോട്ടെടുപ്പ്. ഏഴുഘട്ടമായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക.

ഫെബ്രുവരി ആറിന് പ്രകടന പത്രിക പുറത്തിറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഗായിക ലതാ മങ്കേഷ്‌കറുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ പ്രകടന പത്രികാ പുറത്തിറക്കല്‍ ചടങ്ങ് മാറ്റിവെക്കുകയായിരുന്നു.


Next Story

RELATED STORIES

Share it