Sub Lead

കര്‍ണാടകയിലെ കോണ്‍ഗ്രസ് ഓഫിസില്‍ സവര്‍ക്കറുടെ ചിത്രങ്ങള്‍ പതിച്ച് ബിജെപി

കര്‍ണാടകയിലെ കോണ്‍ഗ്രസ് ഓഫിസില്‍ സവര്‍ക്കറുടെ ചിത്രങ്ങള്‍ പതിച്ച് ബിജെപി
X

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് ഓഫിസില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കറുടെ ചിത്രങ്ങള്‍ പതിച്ച് ബിജെപി. കര്‍ണാടകയിലെ വിജയ്പുര ജില്ലയിലെ കോണ്‍ഗ്രസ് റീജ്യനല്‍ ഹെഡ് ഓഫിസിന്റെ ചുമരിലാണ് ഹിന്ദു മഹാസഭാ നേതാവ് കൂടിയായ സവര്‍ക്കറുടെ ചിത്രങ്ങള്‍ ബിജെപി പതിച്ചരിക്കുന്നത്. സ്വാതന്ത്ര്യദിനത്തില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് സവര്‍ക്കറുടെ പോസ്റ്റര്‍ പതിച്ചതിനെച്ചൊല്ലി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാന്തരീക്ഷം ഉടലെടുത്തിരുന്നു. ഇത് ഒരുവിധം ശാന്തമായതിനു പിന്നാലെയാണ് പുതിയ വിവാദം. തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പോലിസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. മംഗളൂരുവിലെ സുറത്ക്കല്ലിലും സംഘര്‍ഷം ഉടലെടുത്തിരുന്നു.

സവര്‍ക്കറുടെ ചിത്രങ്ങള്‍ ശിമോഗയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് സ്ഥാപിച്ചതിനെതിരേ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഓഫിസില്‍ ബിജെപി സവര്‍ക്കറുടെ ചിത്രങ്ങള്‍ സ്ഥാപിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രാദേശിക നേതാക്കള്‍ പോലിസില്‍ വിവരമറിയിക്കുകയും പരാതി നല്‍കുകയും ചെയ്തു. പോലിസ് ഉദ്യോഗസ്ഥര്‍ ചിത്രങ്ങള്‍ നീക്കം ചെയ്യുകയും ഇത് ചെയ്ത അക്രമികളെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്, സുരക്ഷ ശക്തമാക്കിയിട്ടുണ്ട്- പോലിസ് കൂട്ടിച്ചേര്‍ത്തു.

സവര്‍ക്കറുടെ ചിത്രങ്ങളുടെ പതിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെപി രംഗത്തുവന്നിട്ടുണ്ട്. ബിജെപി ജില്ലാ യൂത്ത് പ്രസിഡന്റ് ബസവരാജ് ഹൂഗാരയാണ് സംഭവത്തിന് പിന്നില്‍ തങ്ങളാണെന്ന് സമ്മതിച്ച് രംഗത്തുവന്നത്. 'തങ്ങളുടെ പ്രവര്‍ത്തകരും താനും അത് ചെയ്തു. അതില്‍ സംശയമില്ല. ഹൂബ്ലിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സവര്‍ക്കറുടെ ചിത്രം കത്തിച്ചു. അതെക്കുറിച്ച് സംസാരിക്കണം. കോണ്‍ഗ്രസ് വീണ്ടും പ്രശ്‌നങ്ങള്‍ ഇളക്കിവിടുന്നു. പോസ്റ്ററുകള്‍ ഒട്ടിക്കുന്നത് കത്തിക്കുന്നതിനേക്കാള്‍ മോശമല്ല. സവര്‍ക്കറെ തങ്ങളുടെ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അദ്ദേഹത്തെ ബഹുമാനിക്കുക, അദ്ദേഹത്തിന്റെ ചരിത്രത്തെക്കുറിച്ച് വായിക്കുക- ബസവരാജ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it