കമല്‍നാഥിന്റെ രക്തമൊഴുക്കുമെന്ന് ഭീഷണി; ബിജെപി നേതാവ് അറസ്റ്റില്‍

എന്നാല്‍, ബിജെപിയുടെ സംസ്‌കാരമാണ് സിങിന്റെ പരാമര്‍ശത്തില്‍ തെളിയുന്നതെന്നായിരുന്നു കമല്‍നാഥിന്റെ പ്രതികരണം.

കമല്‍നാഥിന്റെ രക്തമൊഴുക്കുമെന്ന് ഭീഷണി; ബിജെപി നേതാവ് അറസ്റ്റില്‍

ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ രക്തമൊഴുക്കുമെന്ന് ഭീഷണി മുഴക്കിയ ബിജെപി നേതാവ് അറസ്റ്റില്‍. ഭോപാല്‍ മുന്‍ എംഎല്‍എ സുരേന്ദ്രനാഥ് സിങിനെയാണ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനു പോലിസ് അറസ്റ്റ് ചെയ്തത്. എം പി നഗര്‍, ടി ടി നഗര്‍ പോലിസ് സ്‌റ്റേഷനുകളിലായി ഇദ്ദേഹത്തിനെതിരേ നാലു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ സിങിന് 30000 രൂപ വീതം ബോണ്ടിന്റെയും ആള്‍ജാമ്യത്തിന്റെയും അടിസ്ഥാനത്തില്‍ നാലു കേസുകളിലും ജാമ്യം അനുവദിച്ചു. ഒരാഴ്ചയ്ക്കിടെ മധ്യപ്രദേശില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെ ബിജെപി നേതാവാണ് സുരേന്ദ്രനാഥ് സിങ്. നേരത്തേ, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ആക്രമിച്ചതിനു ആകാശ് വിജയ് വര്‍ഗീയ എംഎല്‍എയെയും അറസ്റ്റ് ചെയ്തിരുന്നു.

വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവിനും തുക അടയ്ക്കാത്തവരുടെ കണക്ഷന്‍ വിഛേദിക്കുന്നതിലും പ്രതിഷേധിച്ച് നിയമസഭയ്ക്കു മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് ഭീഷണി. ഇതുവഴി വാഹനത്തില്‍ കടന്നുപോവാന്‍ ശ്രമിച്ച സിങിനെ പോലിസ് തടഞ്ഞതോടെ അനുയായികള്‍ റോഷന്‍പുര ക്രോസിങ് ഉപരോധിച്ചു. ഇതിനിടെയാണ് ഒരുസംഘം അനുയായികള്‍ നീതിക്കു വേണ്ടി തെരുവില്‍ രക്തമൊഴുക്കുമെന്നു മുദ്രാവാക്യം വിളിച്ചത്. കമല്‍നാഥിന്റെ രക്തമൊഴുക്കുമെന്ന് ബിജെപി നേതാവ് സുരേന്ദ്രനാഥ് സിങ് പേരെടുത്ത് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. മാത്രമല്ല, പാവങ്ങള്‍ക്ക് നീതി നിഷേധിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിയുള്ള സെക്രട്ടേറിയറ്റ് ആക്രമിക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ബിജെപിയുടെ സംസ്‌കാരമാണ് സിങിന്റെ പരാമര്‍ശത്തില്‍ തെളിയുന്നതെന്നായിരുന്നു കമല്‍നാഥിന്റെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരേ വധഭീഷണി മുഴക്കിയ സിങ് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ നിയമസഭയില്‍ ആവശ്യപ്പെടുകയും ചെയ്തു.RELATED STORIES

Share it
Top