Sub Lead

ഇന്ധന വിലവര്‍ധനവിനെതിരേ ബിജെപിയില്‍ അമര്‍ഷം; ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയാത്ത അവസ്ഥയെന്ന് നേതാക്കള്‍

ഇന്ധന വിലവര്‍ധനവിനെതിരേ ബിജെപിയില്‍ അമര്‍ഷം; ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയാത്ത അവസ്ഥയെന്ന് നേതാക്കള്‍
X

കോഴിക്കോട്: ജനത്തെ പൊറുതിമുട്ടിക്കുന്ന അടിക്കടിയുണ്ടാവുന്ന പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിനെതിരേ ദേശീയ നേതൃത്വത്തിന് മുന്നില്‍ പരാതിയുമായി ബിജെപി നേതാക്കള്‍. ഇന്ധന വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന നേതൃയോഗത്തിലായിരുന്നു മുതിര്‍ന്ന നേതാക്കള്‍ പരാതിയുടെ കെട്ടഴിച്ചത്. ഇന്ധനവില വര്‍ധന പ്രവര്‍ത്തകരെയും നേതാക്കളെയും പ്രതിസന്ധിയിലാക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തനത്തിനായി ഇറങ്ങുന്നിടത്തൊക്കെ ജനങ്ങള്‍ ഇന്ധനവില വര്‍ധനവ് പ്രതിരോധമായി ഉയര്‍ത്തുകയാണ്.

അടിക്കടിയുണ്ടാവുന്ന ഇന്ധനവില വര്‍ധനയും പാചകവാതക സിലിണ്ടറുകളുടെ വിലക്കുതിപ്പും ജനങ്ങള്‍ക്കിടയില്‍ കനത്ത രോഷമുയര്‍ത്തിയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്നത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന ബിജെപി സംസ്ഥാന ഘടകമാണ്. ഉപഭോക്തൃസംസ്ഥാനം എന്ന നിലയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ ഇന്ധന വിലവര്‍ധന കേരളത്തിലെ ജനങ്ങളെയാണ് ആകെ ബാധിച്ചിരിക്കുന്നത്. ഏതെങ്കിലും വിഷയങ്ങളില്‍ പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും ഇറങ്ങുമ്പോള്‍ ഇന്ധനവില വര്‍ധനയെക്കുറിച്ചാണ് ജനം ചോദിക്കുന്നത്. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും തുറന്നെതിര്‍ത്തതും ആളുകളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കേണ്ട അവസ്ഥയുണ്ടാക്കിയതായും നേതാക്കള്‍ കുറ്റപ്പെടുത്തി.

എന്നാല്‍, ഇന്ധനവിലയിലെ വര്‍ധനവ് താത്കാലികം മാത്രമാണെന്നും ഉടന്‍ തന്നെ ഇതിനു പരിഹാരം കാണുമെന്നും ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് മറുപടി നല്‍കിയതായാണ് റിപോര്‍ട്ട്. പെട്രോളിനും ഡീസലിനും പ്രതിദിനം 35 പൈസയോളം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുന്നതിനിടെയാണ് ബിജെപിയ്ക്കുള്ളിലെ അമര്‍ഷം. കഴിഞ്ഞ ദിവസം ഇന്ധനവില വര്‍ധനവിനെതിരേ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. കഴിഞ്ഞ ദിവസം വിവാദങ്ങളുണ്ടായെങ്കിലും കോണ്‍ഗ്രസ് നടത്തിയ ഇന്ധനവില വര്‍ധനയ്‌ക്കെതിരേയുള്ള വഴിതടയല്‍ സമരം ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം നേടിയെന്നും പാര്‍ട്ടി നേതാക്കള്‍ വിലയിരുത്തുന്നു.

സംസ്ഥാന നേതൃത്വത്തിനെതിരേ ദേശീയ ജനറല്‍ സെക്രട്ടറി രൂക്ഷവിമര്‍ശനമുന്നയിച്ചതായും റിപോര്‍ട്ടുകളുണ്ട്. കേരള ബിജെപിയില്‍ നടക്കുന്നതൊക്കെ ദേശീയ നേതൃത്വത്തിനു ബോധ്യമുണ്ടെന്നും അച്ചടക്കലംഘനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ നന്നാക്കാനെന്ന പേരില്‍ നേതൃത്വത്തിനെതിരേ പ്രസ്താവനകളും സമൂഹമാധ്യമ പോസ്റ്റും പ്രചരിപ്പിക്കുന്നതു ദുരുദ്ദേശപരമാണ്. ഇത്തരക്കാരെ നിരീക്ഷിക്കും. നേതാക്കള്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ മാത്രം ശ്രദ്ധിച്ചിട്ട് കാര്യമില്ല. മറ്റു സംസ്ഥാനങ്ങളില്‍ നേതാക്കള്‍ ജനകീയ മുന്നേറ്റങ്ങള്‍ക്കു നേതൃത്വം വഹിക്കുന്നു. അതുകൊണ്ടാണ് അവിടെ ബിജെപി വളര്‍ന്നത്. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടുവേണം നേതാക്കള്‍ മുന്നേറാന്‍.

മാസത്തിന്റെ അവസാനയാഴ്ച എല്ലാ നേതാക്കളും ബൂത്തുകളില്‍ പ്രവര്‍ത്തനം നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പുതര്‍ക്കത്തെ തുടര്‍ന്ന് മുതിര്‍ന്ന നതാക്കളായ എ എന്‍ രാധാകൃഷ്ണനും എം ടി രമേശും കോര്‍ കമ്മിറ്റിയില്‍നിന്ന് വിട്ടുനിന്ന സാഹചര്യത്തിലാണ് വിമര്‍ശനം. സംസ്ഥാന നേതൃയോഗത്തില്‍ ശോഭാ സുരേന്ദ്രനും പങ്കെടുത്തില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചതിനെ അഭിനന്ദിച്ച് സംസ്ഥാന നേതൃയോഗം പ്രമേയവും പാസാക്കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും മാര്‍പാപ്പയുടെ ഇന്ത്യയിലേയ്ക്കുള്ള വരവും ബിജെപിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇത് ബിജെപി ന്യൂനപക്ഷവിരുദ്ധമാണെന്ന പ്രചാരണത്തിന്റെ മുനയൊടിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.




Next Story

RELATED STORIES

Share it