Sub Lead

സ്ഥാനാര്‍ഥി പട്ടികയില്‍ 46 കൂറുമാറ്റക്കാര്‍; ബംഗാള്‍ ബിജെപിയില്‍ കലാപമടങ്ങുന്നില്ല

തൃണമൂല്‍-34, സിപിഎം-06, കോണ്‍ഗ്രസ്-04, ഫോര്‍വേഡ് ബ്ലോക്ക്-01, ഗോര്‍ഖ ജന്‍മുക്തി മോര്‍ച്ച-01

സ്ഥാനാര്‍ഥി പട്ടികയില്‍ 46 കൂറുമാറ്റക്കാര്‍; ബംഗാള്‍ ബിജെപിയില്‍ കലാപമടങ്ങുന്നില്ല
X
കൊല്‍ക്കത്ത: ശക്തമായ പോരാട്ടം നടക്കുന്ന പശ്ചിമ ബംഗാളിലെ ബിജെപി സ്ഥാനാര്‍ഥി പട്ടികയെ ചൊല്ലിയുള്ള കലാപത്തിന് അയവില്ല. കാലങ്ങളായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവരെ അവഗണിച്ച് മാസങ്ങള്‍ക്കു മുമ്പ് വരെ വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവച്ചെത്തിയവര്‍ക്ക് കൂട്ടത്തോടെ സീറ്റ് നല്‍കിയതയാണ് ഓഫിസ് ആക്രമണത്തിലേക്കും പ്രതിഷേധത്തിനും കാരണമായത്. ബംഗാള്‍ തിരഞ്ഞെടുപ്പിനായി ഇതുവരെ ബിജെപി പ്രഖ്യാപിച്ച 282 സ്ഥാനാര്‍ത്ഥികളില്‍ 46 പേരും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഹിന്ദുത്വ പാര്‍ട്ടിയില്‍ ചേര്‍ന്നവരാണ്. ഇതില്‍ 34 പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ആറുപേര്‍ സിപിഎമ്മില്‍ നിന്നും നാലുപേര്‍ കോണ്‍ഗ്രസില്‍ നിന്നും ഓരോരാള്‍ വീതം ഫോര്‍വേഡ് ബ്ലോക്ക്, ഗോര്‍ഖ ജന്‍മുക്തി മോര്‍ച്ച എന്നിവയില്‍ നിന്നുമാണ് രാജിവച്ചെത്തിയത്. ഇതില്‍ 36 പേര്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ബിജെപിയില്‍ ചേര്‍ന്നവരാണ്. അതിനാല്‍ തന്നെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരേ സംസ്ഥാനവ്യാപകമായി ബിജെപിക്കാര്‍ പ്രതിഷേധത്തിലാണ്.

കൂറുമാറിയതെത്തിയവര്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയതിനെതിരേ 20 നിയോജകമണ്ഡലങ്ങളിലാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. അതേസമയം 25 മണ്ഡലങ്ങളില്‍ സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരേയും പ്രതിഷേധമുയര്‍ന്നു. സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് അഞ്ച് പഴയകാല നേതാക്കള്‍ ബിജെപി വിട്ടു. ചിലരാവട്ടെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ മാറ്റിയില്ലെങ്കില്‍ രാജി ഭീഷണിയും മുഴക്കിയിട്ടുണ്ട്. ജില്ലാ നേതാക്കളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ഒരിടത്ത് സ്ഥാനാര്‍ത്ഥിയെ മാറ്റാനും ബിജെപി നിര്‍ബന്ധിതരായി. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും മുന്‍ ചീഫ് ഇക്കണോമിക് അഡൈ്വസറുമായ അശോക് ലാഹിരിക്ക് വടക്കന്‍ ബംഗാളിലെ അലിപൂര്‍ദുവര്‍ സീറ്റില്‍ സുമന്‍ കാഞ്ചിലാലിനെ മാറ്റി സ്ഥാനാര്‍ഥിത്വം നല്‍കി.

ആകെയുള്ള 294 ല്‍ 282 സീറ്റുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികളുടെ പേര് പുറത്തുവിട്ടത്. പുരുലിയ ജില്ലയില്‍ ഒരു സീറ്റ് (ബാഗ്മുണ്ടി) സഖ്യ കക്ഷി എജെഎസ് യുവിന് നല്‍കി. ബംഗാളില്‍ ആകെ 294 സീറ്റുകളാണുള്ളതെന്നും എല്ലാവര്‍ക്കും ടിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്നും ബിജെപി വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു. ചിലര്‍ക്ക് ലഭിക്കും, ചിലര്‍ക്ക് ലഭിക്കില്ല. അത് അംഗീകരിക്കണം. പാര്‍ട്ടി ഓഫിസുകള്‍ നശിപ്പിക്കുകയും പോസ്റ്ററുകള്‍ കീറുകയും തീയിടുകയും ചെയ്യുന്നവര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാവാന്‍ കഴിയില്ല. അത്തരം രീതികളെ അംഗീകരിക്കാനാവില്ല. ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പുരുലിയ, ബന്‍കുര, ഈസ്റ്റ്, വെസ്റ്റ് മിഡ്‌നാപൂര്‍ തുടങ്ങിയ ജില്ലകള്‍ ഉള്‍പ്പെടുന്ന ആദ്യ രണ്ട് ഘട്ടങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധം ഉണ്ടായിരുല്ല. പിന്നീട് മാര്‍ച്ച് 14 ന് ബിജെപി രണ്ടാമത്തെ പട്ടിക പുറത്തിറക്കിയപ്പോഴാണ് സ്ഥാനാര്‍ത്ഥികളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൂഗ്ലി, സൗത്ത് 24 പര്‍ഗാനാസ്, ഹൗറ ജില്ലകളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ നഗരത്തിലെ ഹേസ്റ്റിംഗ്‌സ് പ്രദേശത്തെ ബിജെപി ഓഫിസിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയത്. സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ബിജെപി നേതാവും മുന്‍ ടിഎംസി അംഗവുമായ സോവന്‍ ചാറ്റര്‍ജിയും കൂട്ടാളി ബൈശാഖി ബാനര്‍ജിയും പാര്‍ട്ടി വിട്ടു. 2011 ലും 2016 ലും ടിഎംസി എംഎല്‍എയായി വിജയിച്ച ബെഹാല പൂര്‍ബയില്‍ ജനവിധി തേടുമെന്ന് പ്രതീക്ഷിച്ചിരുന്നു. താനും ബാനര്‍ജിയും ഇനി പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചാറ്റര്‍ജി പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷിന് അയച്ച കത്തില്‍ വ്യക്തമാക്കി. തനിക്ക് 'അപമാനം' തോന്നുന്നുവെന്നും 'ഗൂഢാലോചനകളും വിശ്വാസവഞ്ചനയും' അധികകാലം നിലനില്‍ക്കില്ലെന്നും ബാനര്‍ജി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

നിയമസഭാ സീറ്റുകളിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാക്കളായ ശിവ പ്രകാശ്, മുകുള്‍ റോയ്, അര്‍ജുന്‍ സിങ് എന്നിവരെ രോഷാകുലരായ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫിസിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചെങ്കിലും പോലിസ് തടഞ്ഞു. പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ തിങ്കളാഴ്ച ഗുവാഹത്തിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പുറപ്പെടാനിരുന്ന കന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിഷേധം ഷെഡ്യൂള്‍ മാറ്റുകയായിരുന്നു. മാര്‍ച്ച് 18 ന് ബിജെപി 157 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടതോടെ സംസ്ഥാനത്തെ മിക്കവാറും എല്ലാ ജില്ലകളിലേക്കും പ്രതിഷേധം വ്യാപിച്ചു.

അതിനിടെ, ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്റെ പേര് കണ്ടെത്തിയതില്‍ അതിശയിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് സംസ്ഥാന മുന്‍ പ്രസിഡന്റ് പരേതനായ സോമെന്‍ മിത്രയുടെ ഭാര്യ സിഖ മിത്ര. കൊല്‍ക്കത്തയിലെ ചൗരിംഗി നിയോജകമണ്ഡലത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായാണ് മിത്രയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. താന്‍ ഒരിക്കലും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബിജെപിയില്‍ ചേരാന്‍ താല്‍പര്യമില്ലെന്നും മിത്ര പറഞ്ഞു. സമാന അവസ്ഥ മറ്റിടത്തും ഉണ്ട്. ഇത്തരത്തില്‍ വിചിത്രമായ സ്ഥാനാര്‍ഥി പട്ടികയാണ് ബംഗാള്‍ പിടിച്ചെടുക്കാന്‍ ബിജെപി പുറത്തിറക്കിയത്.

BJP Bengal list, 36 joined the party over last six months


Next Story

RELATED STORIES

Share it