Sub Lead

ബിഹാര്‍ ഡയറി-3: തുപ്കിയ ടൊല-വ്യത്യസ്തമായ ബിഹാറി ഗ്രാമം

ബിഹാര്‍ ഡയറി-3:   തുപ്കിയ ടൊല-വ്യത്യസ്തമായ ബിഹാറി ഗ്രാമം
X

-ആദിലാ ബാനു ടി

ഞാന്‍ ബിഹാറില്‍ വന്നിട്ട് ഇപ്പോള്‍ രണ്ട് മാസത്തിന്റെ അടുത്തായി. ഇതിനിടെ ഒരുപാട് ഗ്രാമങ്ങള്‍ കണ്ടു. ഞാന്‍ കണ്ടതിലെല്ലാം വച്ച് വളരെ വ്യത്യസ്തമായ ബിഹാറിലെ ഗ്രാമമായിരുന്നു തുപ്കിയ ടൊല. ആ ഗ്രാമത്തിലേക്ക് ആയിരുന്നു ഞാന്‍ കഴിഞ്ഞ ദിവസം പോയത്. വിശാലമായി കിടക്കുന്ന വയലാണ് ഈ ഗ്രാമത്തിന്റെ മൂന്ന്‌വശവും. ഒരു വശത്ത് ഒരു കുഞ്ഞു നദിയും.


തികച്ചും ഒരു ദ്വീപ് എന്ന് പറയുന്ന തരത്തില്‍ തന്നെ. ഗ്രാമത്തിലേക്ക് പോകുന്നതിന് കുറച്ച് ദൂരം മെയില്‍ റോഡില്‍ നിന്ന് തുടങ്ങുന്ന ഒരു മണ്‍പാതയുണ്ട്. അത് കഴിഞ്ഞാല്‍ പിന്നെ വിശാലമായി കിടക്കുന്ന വയലും അതിന് കുറുകെയും നേരെയുമായി നിരവധി വരമ്പുകള്‍. അതില്‍ ഒരു വരമ്പിലൂടെ നടന്ന് വേണം ഗ്രാമത്തിലേക്ക് പോകാന്‍. ഏകദേശം 2. കി.മീ ദൂരം വയലിലൂടെ നടക്കണം. മഴ പെയ്തത് കൊണ്ട് ചളിയായി കിടക്കുകയാണ് വരമ്പില്‍ നിരവധി സ്ഥലങ്ങളില്‍.

41 കുടുംബങ്ങള്‍ ആണ് ഈ ഗ്രാമത്തില്‍ ജീവിക്കുന്നത്. ഗ്രാമത്തില്‍ റിഹാബിന്റെ ഒരു കമ്മ്യൂണിറ്റി സെന്റര്‍ ഉണ്ട്. അതൊരു ഉയര്‍ത്തി കെട്ടിയ ഫൗണ്ടേഷന്‍ ഉള്ള ഇരു ചെറിയ ഇരുനില കെട്ടിടമാണ്. ഗ്രാമത്തിലെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അവിടെ ട്യൂഷന്‍ നടത്തി വരുന്നു.


ഈ ഗ്രാമത്തിന് സ്വന്തമായി ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ ഒന്നുമില്ല. നേരത്തെ പറഞ്ഞ 3 കി.മീനപ്പുറം മെയിന്‍ റോഡിനോട് ചേര്‍ന്ന് ഒരു മിഡില്‍ സ്‌കൂള്‍ ഉണ്ട്. പക്ഷേ, അവിടേക്ക് ഈ ഗ്രാമത്തിലെ കുട്ടികള്‍ക്ക് സ്ഥിരമായി പോകാന്‍ ഒരുപാട് തടസ്സങ്ങളും പ്രയാസങ്ങളും നേരിടേണ്ടതായി വരുന്നുണ്ട്. അതായത്, ഗ്രാമത്തില്‍ നിന്നും സ്‌കൂളിലേക്ക് എത്താന്‍ പാട വരമ്പുകളിലൂടെ നടക്കണം. മഴ കാരണം ചളി കെട്ടി നടക്കാന്‍ പോലും പറ്റാത്ത അവസ്ഥ.

നല്ല മഴ പെയ്താല്‍ ആ ഗ്രാമം മുഴുവനും വെള്ളത്തിനടിയിലാണ്. അത് കൊണ്ടാണ് റിഹാബ് അവിടെ നല്ല ഉയരത്തില്‍ ഫൗണ്ടേഷനോട് കൂടെ ഇരു നില കെട്ടിടം പണിതത്. ചില വെള്ളപ്പൊക്ക സമയത്ത് ഗ്രാമത്തിലുള്ള മുഴുവന്‍ ആളുകളും റിഹാബിന്റെ കമ്മ്യൂണിറ്റി സെന്ററിലാണ് നില്‍ക്കാറുള്ളത്. മനുഷ്യരും കന്നുകാലികളുമെല്ലാം ആ കോംപൗണ്ടിലേക്ക് കയറുകയാണ് പതിവ്. വെള്ളപ്പൊക്ക സമയങ്ങളില്‍ റിഹാബ് വോളണ്ടിയര്‍മാര്‍ ഗ്രാമവാസികളെ നിരവധി തവണ ചങ്ങാടങ്ങളിലും തോണികളിലുമായി രക്ഷാ പ്രവര്‍ത്തനം നടത്തിയ അനുഭവങ്ങള്‍ പ്രോഗ്രാം മാനേജര്‍ ഇസാഫ്ക്ക പങ്കുവച്ചു.


ഇവിടേക്ക് റോഡ് വരാത്തത് ഈ പാടങ്ങള്‍ മറ്റ് ഗ്രാമങ്ങളിലെ ജന്മിമാരുടെ കൈവശമായതിനാലാണ്. അവര്‍ ജാതി വര്‍ഗ ചിന്താഗതിയുടെ ഭാഗമായി ഈ ഗ്രാമവാസികള്‍ക്ക് റോഡിനുള്ള സ്ഥലം വിട്ട് നല്‍കുന്നില്ല. വളരെ കുറച്ച് ഭൂമി മാത്രമേ ഗ്രാമ വാസികളുടെതായിട്ടുള്ളൂ. കൂടുതലായും ഗ്രാമത്തില്‍ ദിവസ വേതനത്തിന് ജോലി ചെയുന്നവരും പാട്ടത്തിന് ഭൂമി എടുത്ത് കൃഷി ചെയ്യുന്നവരുമാണ്. പിന്നെ ഈ ഗ്രാമത്തിലേക്ക് എത്താന്‍ മറ്റൊരു വഴി ഉണ്ട്. അത് പുഴ കടന്ന് വേണം പോകാന്‍. അത് ഗ്രാമത്തിന്റെ പിന്‍വശത്ത് കൂടെയാണ്. അവടെ നോക്കിയാല്‍ കാണുന്ന ദൂരത്തില്‍ മറ്റൊരു ഗ്രാമത്തിലേക്ക് പോകുന്ന വഴിയുണ്ട്. പക്ഷേ പുഴ കടന്നാല്‍ മറ്റൊരു ബ്ലോക്കും, മറ്റ് നിയമസഭ മണ്ഡലവുമാണ്. അത് കൊണ്ട് തന്നെ അതിലൂടെ ഒരു പാലം നിര്‍മിക്കാന്‍ ആവശ്യപ്പെട്ടാല്‍, ജനപ്രതിനിധികള്‍ കൈമലര്‍ത്തി കാണിക്കുന്നു. അങ്ങനെ ഒരുപാട് തടസ്സങ്ങള്‍ ഈ ഗ്രാമീണര്‍ നേരിടുന്നുണ്ട്.


പിന്നെയുള്ളത് ആ ഗ്രാമത്തിലേക്ക് എത്താനുള്ള വഴികളില്‍ മഞ്ഞ് കാലമായാല്‍ രണ്ടാള്‍ ഉയരത്തില്‍ ചോള കൃഷിയാണ്. ആ ചോള വയലിലൂടെ ഉള്ള നടത്തം കുട്ടികളെ ഭയപ്പെടുത്തുന്നതാണ്. പോരാത്തതിന് ഈ സമയങ്ങളില്‍ ഇഴ ജന്തുക്കളുടെ ശല്യവും. അത് കൊണ്ട് തന്നെ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും അപ്പുറത്തെ ഗ്രാമത്തിലുള്ള സ്‌കൂളിലേക്ക് പോകാന്‍ ഭയമാണ്.

റിഹാബ് വരുന്നതിന് മുമ്പ് ഒരു 10 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് അവിടെ നിന്ന് സ്‌കൂളില്‍ പോയിരുന്നത്. ഇപ്പോള്‍ 90 ശതമാനത്തിന മുകളിലാണ് അതിന്റെ കണക്ക്. ആ ഗ്രാമത്തിലെ വിദ്യാര്‍ത്ഥികളെ കമ്മ്യൂണിറ്റി സെന്ററില്‍ പഠിപ്പിക്കുന്നതിന് ആവശ്യമായ 10ാം തരവും ഇന്ററും കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ ഇല്ലായിരുന്നു. 5 കി.മീനപ്പുറത്ത് ഉള്ള ഗ്രാമത്തിലുള്ളവരായിരുന്നു റിഹാബിന്റെ ടീച്ചര്‍മാര്‍. ഇന്ന് ആ ഗ്രാമത്തിലുള്ള വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ആ ഗ്രാമത്തില്‍ നിന്ന് തന്നെ 10ാം തരം പാസായ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരിക്കുന്നു എന്നതാണ് റിഹാബിന്റെ പ്രവര്‍ത്തന വിജയം.

ഗ്രാമത്തില്‍ കറന്റ് കിട്ടി തുടങ്ങിയിട്ട് ഒരുവര്‍ഷമേ ആയിട്ടുള്ളൂ. റിഹാബ് വന്നതിന് ശേഷമുള്ള പരിശ്രമത്തിന്റെ ഫലമാണ് അത് സാധ്യമായത്. ഒരിക്കല്‍, അവരുടെ കുട്ടികള്‍ ഭയമില്ലാതെ സ്‌കൂളുകളിലേക്ക് പോകാന്‍ ഒരു റോഡിന്റെ ആവശ്യകത കൂടി ആ ഗ്രാമത്തിന് ഉണ്ട്. റിഹാബും ഗ്രാമത്തിലെ ജനങ്ങളും അതിനുള്ള നിതാന്ത പരിശ്രമത്തിലാണ്.

കത്തിഹാര്‍ ജില്ലയില്‍ റിഹാബ് ദത്തെടുത്ത ഗ്രാമങ്ങളെല്ലാം വളരെ പുരോഗതി കൈവരിച്ചിരിക്കുന്നു. അരാരിയയില്‍ ഞാന്‍ കണ്ട ഗ്രാമങ്ങളില്‍ നിന്നു തീര്‍ത്തും വിത്യസ്തമായിരുന്നു അത്. റിഹാബിന്റെ ഗ്രാമ വികസന പദ്ധതികളുടെ വിജയം അവിടെ പ്രത്യക്ഷമായിരുന്നു.

പത്താം തരത്തിലും പ്ലസ് ടുവിലും സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളിലേക്ക് എന്‍ട്രാന്‍സിന് വേണ്ടി തയ്യാറെടുക്കുന്ന കുട്ടികള്‍. മറ്റ് വ്യത്യസ്ത സംസ്ഥാനങ്ങളിലേക്ക് പഠനാവശ്യാര്‍ത്ഥം പോയ വിദ്യാര്‍ത്ഥിനികള്‍. എല്ലാ ദിവസവും ഒരു മുടക്കവുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഗ്രാമത്തിലെ പ്രൈമറി സ്‌കൂള്‍, വിദ്യാര്‍ത്ഥികളുടെ കാര്യങ്ങള്‍ അന്വേഷിക്കുന്ന രക്ഷിതാക്കള്‍. സ്ത്രീകളുടെ സ്വയം സഹായ സംഘകങ്ങള്‍ രൂപീകരിച്ചത് മൂലം ബിഹാര്‍ ഗവണ്‍മെന്റിന്റെ വിത്യസ്ത രീതിയിലുള്ള പ്രൊജക്റ്റുകള്‍ ഗ്രാമങ്ങളില്‍ കിട്ടിത്തുടങ്ങിയിരിക്കുന്നു. ഗ്രാമം മുഴുവന്‍ ശൗച്യാലയമുള്ള വീടുകള്‍. നല്ല വാര്‍ഡ് മെംബര്‍മാര്‍, നല്ല റോഡുകള്‍. അങ്ങനെയങ്ങനെ നിരവധി ഉദാഹരണങ്ങള്‍ കത്തിഹാര്‍ ജില്ലയില്‍ റിഹാബ് ദത്തെടുത്ത ഗ്രാമങ്ങളിലെ മാറ്റങ്ങള്‍ ഞാന്‍ കണ്ടു. ഇതിനെല്ലാം നേര്‍ വിപരീതമാണ് അരേരിയ ജില്ലയില്‍ റിഹാബ് ഏറ്റടുത്ത ഗ്രാമങ്ങളുടെ അവസ്ഥ, ഇനിയുള്ള 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ റിഹാബിന്റെ ഈ സംഘം ആ ഗ്രാമങ്ങളെയും മേല്‍ പറഞ്ഞ രീതിയിലേക്കെത്തിക്കും. അവരുടെ ടീം അത് നേടിയതാണ്. ഇനിയും അവര്‍ ഏറ്റെടുക്കുന്ന ഓരോ ഗ്രാമത്തിന്റെയും മുഖഛായ അവര്‍ മാറ്റി മറ്റിമറിക്കും. കാരണം, ലക്ഷ്യ ബോധത്തോടെയുള്ള പരിശ്രമങ്ങളൊന്നും പാഴായിപ്പോയ ചരിത്രമില്ലല്ലോ?...

(അവസാനിച്ചു)

Next Story

RELATED STORIES

Share it