Sub Lead

കന്നുകാലി വ്യാപാരിയെ പണം ആവശ്യപ്പെട്ട് തല്ലിക്കൊന്നു

പ്രദേശത്തെ ഗുണ്ടയായ സാഗര്‍ യാദവും കുടുംബാംഗങ്ങളായ മൂന്നുപേരുമാണ് ആക്രമിച്ചത്. സംഭവത്തിനു പിന്നില്‍ വ്യാപാര തര്‍ക്കമാണെന്നാണ് പോലിസ് പറയുന്നത്

കന്നുകാലി വ്യാപാരിയെ പണം ആവശ്യപ്പെട്ട് തല്ലിക്കൊന്നു
X

പട്‌ന: കന്നുകാലി വ്യാപാരിയെ പണം ആവശ്യപ്പെട്ട് തല്ലിക്കൊന്നു. ബിഹാറിലെ കതിഹാര്‍ ജില്ലയിലെ മുഹമ്മദ് ജമാലിനെയാണ് ഒരുസംഘം തല്ലിക്കൊന്നത്. പശ്ചിമ ബംഗാളിലെ മാള്‍ഡയിലുള്ള ആഴ്ചച്ചന്തയിലേക്ക് ഒന്നര ഡസനോളം കന്നുകാലികളെ വില്‍ക്കാന്‍ കൊണ്ടുപോവുന്നതിനിടെ 12നു തിങ്കളാഴ്ച രാത്രി ലാബ പാലത്തില്‍ വച്ച് ഒരുസംഘം ആക്രമിക്കുകയായിരുന്നു. പശ്ചിമ ബിഹാറിലെ കതിഹാര്‍ ജില്ലയില്‍ നിന്നു 30 കിലോമീറ്റര്‍ അകലെയാണ് സംഭവം. കന്നുകാലികളെ കാല്‍നടയായി കൊണ്ടുപോവുന്നത് കണ്ട് സ്ഥലത്തെത്തിയ സംഘം മുഹമ്മദ് ജമാലിനെയും കൂടെയുണ്ടായിരുന്ന സഹോദരനെയും കൂട്ടുകാരെയും തടഞ്ഞുനിര്‍ത്തുകയും ഇതുവഴി കൊണ്ടുപോവുകയാണെങ്കില്‍ പണം തരണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍, പണം നല്‍കാന്‍ ജമാല്‍ തയ്യാറാവാതിരുന്നതോടെ മര്‍ദ്ദിക്കുകയായിരുന്നു. സഹോദരന്‍ മുഹമ്മദ് കമാലും കൂടെയുണ്ടായിരുന്ന രണ്ടുപേരും അക്രമികളില്‍ നിന്ന് ഓടിരക്ഷപ്പെട്ടെങ്കിലും ജമാലിനെ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. തിങ്കളാഴ്ച രാത്രി മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജമാല്‍ അന്നു രാത്രി തന്നെ മരണപ്പെടുകയായിരുന്നു.


പ്രദേശത്തെ ഗുണ്ടയായ സാഗര്‍ യാദവും കുടുംബാംഗങ്ങളായ മൂന്നുപേരുമാണ് ആക്രമിച്ചത്. സംഭവത്തിനു പിന്നില്‍ വ്യാപാര തര്‍ക്കമാണെന്നാണ് പോലിസ് പറയുന്നത്. സംഭവം ആള്‍ക്കൂട്ടക്കൊലയല്ലെന്നും പ്രതികളുടെ മോട്ടോര്‍ സൈക്കിളില്‍ ജമാലിന്റെ കന്നുകാലികള്‍ ഇടിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നവും മുമ്പുണ്ടായ വ്യാപാര തര്‍ക്കവുമാണ് ആക്രമണകാരണമെന്നും കതിഹാര്‍ പോലിസ് സൂപ്രണ്ട് വികാസ് കുമാര്‍ പറഞ്ഞതായി ദി ടെലഗ്രാഫ് റിപോര്‍ട്ട് ചെയ്തു. പ്രതികളിലൊരാളായ ലിലാദര്‍ യാദവ് കാലികച്ചവടവുമായി ബന്ധപ്പെട്ട് ജമാലുമായി തര്‍ക്കമുണ്ടായിരുന്നുവെന്നും പോലിസ് പറഞ്ഞു. സംഭവത്തില്‍ ജമാലിന്റെ സഹോദരന്റെ പരാതിയില്‍ ലിലാദര്‍ യാദവിനും രണ്ടു സഹോദരങ്ങള്‍ക്കും പിതാവിനുമെതിരേ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തതായു പോലിസ് സൂപ്രണ്ട് പറഞ്ഞതായി ടെലഗ്രാഫ് റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ചൊവ്വാഴ്ച വൈകീട്ട് വരെയും ആരെയും പോലിസ് അറസ്റ്റ് ചെയ്തിട്ടില്ല.

അതേസമയം, ജമാലിനെ മര്‍ദ്ദിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും മരിച്ചയാളുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും കുടുംബക്കാരും മണിക്കൂറുകളോളം കതിഹാര്‍-ഗെരാബറി ദേശീയപാത 31 ഉപരോധിച്ചു. പിന്നീട് പോലിസും പ്രാദേശിക ഭരണകര്‍ത്താക്കളുമെത്തി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയതെന്ന് ന്യൂസ് 18 റിപോര്‍ട്ട് ചെയ്തു. കന്നുകാലികളുടെ ഗതാഗതത്തിനായി റോഡ് ഉപയോഗിക്കുന്നതിന് പണം നല്‍കണമെന്ന് പ്രാദേശിക ഗുണ്ടയായ സാഗര്‍ യാദവും കുടുംബത്തിലെ മൂന്ന് അംഗങ്ങളും ആവശ്യപ്പെട്ടതായി ദി ക്വിന്റും റിപോര്‍ട്ട് ചെയ്തു. പ്രതികള്‍ക്കെതിരേ ഐപിസി സെക്്ഷന്‍ 302(കൊലപാതകം), 384(കൊള്ളയടിക്കല്‍), 34(പൊതു ഉദ്ദേശ്യം) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.





Next Story

RELATED STORIES

Share it