Sub Lead

പുടിന്‍ 'കശാപ്പുകാരന്‍', യുക്രെയ്ന്‍ യുദ്ധം റഷ്യയുടെ നയതന്ത്ര പരാജയം; രൂക്ഷവിമര്‍ശനവുമായി ബൈഡന്‍

സാധാരണക്കാരായ റഷ്യക്കാര്‍ തങ്ങളുടെ ശത്രുക്കളല്ല. നാറ്റോ മേഖലയിലേക്ക് ഒരിഞ്ചുപോലും നീങ്ങരുതെന്ന് റഷ്യയ്ക്ക് ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

പുടിന്‍ കശാപ്പുകാരന്‍, യുക്രെയ്ന്‍ യുദ്ധം റഷ്യയുടെ നയതന്ത്ര പരാജയം; രൂക്ഷവിമര്‍ശനവുമായി ബൈഡന്‍
X

വാഴ്‌സോ: റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനെതിരേ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പുടിനെ അധികാരത്തില്‍ തുടരാന്‍ കഴിയാത്ത 'കശാപ്പുകാരന്‍' എന്നാണ് ബൈഡന്‍ വിശേഷിപ്പിച്ചത്. പോളണ്ടില്‍ യുക്രെയ്ന്‍ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു ബൈഡന്റെ പ്രസ്താവന. യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ, പ്രതിരോധ മന്ത്രി ഒലേക്‌സി റെസ്‌നിക്കോവ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

യുക്രെയ്‌നില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ 21ാം നൂറ്റാണ്ടിന്റെ ചരിത്രത്തെ മാറ്റിമറിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. ആ മാറ്റം യുക്രെയ്‌നും ലോക ജനാധിപത്യത്തിനും അനുകൂലമാക്കുന്നതിന് ഒരുമിച്ചുപ്രവര്‍ത്തിക്കാമെന്നും ബൈഡന്‍ ആഹ്വാനം ചെയ്തതായി ദിമിത്രോ കുലേബ മാധ്യമങ്ങളോട് പറഞ്ഞു. യുക്രെയ്‌നുമായുള്ള സംഘര്‍ഷം റഷ്യയെ സംബന്ധിച്ചിടത്തോളം നയതന്ത്രപരമായ പരാജയമാണെന്ന് ബൈഡന്‍ പറഞ്ഞു. സാധാരണക്കാരായ റഷ്യക്കാര്‍ തങ്ങളുടെ ശത്രുക്കളല്ല. നാറ്റോ മേഖലയിലേക്ക് ഒരിഞ്ചുപോലും നീങ്ങരുതെന്ന് റഷ്യയ്ക്ക് ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

റഷ്യയ്ക്കായി ഭരണമാറ്റത്തിനുള്ള തന്ത്രങ്ങളൊന്നും അമേരിക്കയ്ക്കില്ല- ബൈഡന്റെ പ്രസ്താവനയ്ക്ക് പിന്നാലെ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞു. തെക്കന്‍ നഗരമായ മരിയുപോളില്‍ നിന്ന് ആളുകളെ സ്വകാര്യ കാറില്‍ പോവാന്‍ അനുവദിക്കുന്നതുള്‍പ്പെടെ, മുന്‍നിര പ്രദേശങ്ങളില്‍ നിന്ന് സിവിലിയന്‍മാരെ ഒഴിപ്പിക്കാന്‍ യുക്രെയ്‌നും റഷ്യയും രണ്ട് 'മാനുഷിക ഇടനാഴികള്‍' സജ്ജീകരിച്ചതായി ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് പറഞ്ഞു.

പടിഞ്ഞാറന്‍ യുക്രേനിയന്‍ നഗരമായ ലിവിവിലെ സൈനിക കേന്ദ്രങ്ങള്‍ റഷ്യന്‍ സൈന്യം ഉയര്‍ന്ന കൃത്യതയുള്ള ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തു. ശനിയാഴ്ച യുക്രെയ്‌നിലെ പടിഞ്ഞാറന്‍ നഗരമായ ലിവിവില്‍ രണ്ട് റോക്കറ്റ് ആക്രമണങ്ങളാണുണ്ടായത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ശക്തമായ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ താമസക്കാരോട് അഭയം തേടാന്‍ പ്രാദേശിക അധികാരികള്‍ നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it