Sub Lead

കണ്ണില്‍ തീവ്രമായ അണുബാധ; പ്രാഫ. ഹാനി ബാബുവിന് ജയിലധികൃതര്‍ ചികിത്സ നിഷേധിക്കുന്നതായി കുടുംബം

കണ്ണില്‍ തീവ്രമായ അണുബാധ; പ്രാഫ. ഹാനി ബാബുവിന് ജയിലധികൃതര്‍ ചികിത്സ നിഷേധിക്കുന്നതായി കുടുംബം
X

മുംബൈ: ഭീമാ കൊറെഗാവ് കേസില്‍ വിചാരണ തടവുകാരനായി ജൂലൈ 2020 മുതല്‍ മുംബൈ തലോജാ ജയിലില്‍ കഴിയുന്ന പ്ര.ഫസര്‍ ഹാനി ബാബുവിന്റെ കണ്ണില്‍ തീവ്രമായ അണുബാധയുണ്ടായതായി കുടുംബം. ഭാര്യ ജെനി റൊവേനയും സഹോദരങ്ങളായ ഹാരിഷ് എംടി, അന്‍സാരി എംടി എന്നിവരും പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ജയില്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ അവഗണന അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാക്കാന്‍ സാധ്യതയുണ്ടെന്ന് അറിയിക്കുന്നു.

മെയ് മൂന്നിന് ഇടതുകണ്ണില്‍ രൂപപ്പെട്ട അണുബാധ മുഖത്തിന്റെ പല ഭാഗങ്ങളിലേക്കായി പകരുകയാണ്, ഇത് കാഴ്ചയെ തന്നെ ബാധിച്ചിട്ടുണ്ട്, ഇനിയും മതിയായ ചികിത്സ ലഭിക്കുന്നത് വൈകിയാല്‍ ഇത് തലച്ചോറിലേക്ക് പടര്‍ന്നേക്കാം. അണുബാധ തുടങ്ങിയ ദിവസം തന്നെ ജയില്‍ മെഡിക്കല്‍ ഓഫീസറോട് ചികിത്സ ആവശ്യപ്പെട്ടെങ്കിലും എസ്‌കോര്‍ട്ട് ഓഫിസര്‍ ഇല്ലെന്ന കാരണത്തില്‍ മൂന്നുദിവസം ചികിത്സ നിഷേധിക്കുകയായിരുന്നു. മെയ് 11 വരെയും ഹാനി ബാബുവിന് തുടര്‍ചികിത്സ ലഭ്യമാക്കുമെന്ന ജയില്‍ അധികൃതരുടെ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല.

കുടുംബാംഗങ്ങളുടെ വാര്‍ത്താ കുറിപ്പ്:

'ജൂലൈ 2020 മുതല്‍ ഭീമാ കൊറെഗാവ് കേസില്‍ വിചാരണ തടവുകാരനായി തലോജാ ജയിലില്‍ കഴിയുന്ന ഹാനി ബാബുവിന് കണ്ണില്‍ തീവ്രമായ അണുബാധയുള്ളതായി അറിയാന്‍ കഴിഞ്ഞിരിക്കുന്നു. ഇടതു കണ്ണിലെ നീര് കാരണം അദ്ദേഹത്തിന് ഒരു കണ്ണില്‍ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരു കണ്ണിലെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെടാന്‍ ഉള്ള അപകട സാധ്യതക്കു പുറമെ മറ്റു ശരീരഭാഗങ്ങളിലേക്കു പടര്‍ന്നു കൊണ്ടിരിക്കുന്ന ഈ അണുബാധ, തലച്ചോറിലേക്ക് പടരാനും അത് വഴി അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാക്കാനും സാധ്യതയുണ്ട്.

അതിഭീകരമായ വേദന മൂലം അദ്ദേഹത്തിന് ഉറങ്ങാനോ, ദിനചര്യകള്‍ പൂര്‍ത്തിയാക്കാനോ സാധിക്കുന്നില്ല. ജയിലിലെ രൂക്ഷമായ ജലക്ഷാമം മൂലം ഇന്‍ഫെക്ഷന്‍ ഉള്ള കണ്ണ് സമയാസമയം വൃത്തിയാക്കാന്‍ പോലും അദ്ദേഹത്തിന് സാധിക്കുന്നില്ല. ജയിലിലെ പരിമിതികള്‍ മൂലം വൃത്തിയില്ലാത്ത തുണി കൊണ്ടാണ് അദ്ദേഹത്തിന് കണ്ണ് മൂടി കെട്ടേണ്ടി വരുന്നത്.

2021 മെയ് 3നായിരുന്നു ആദ്യമായി ഹാനി ബാബുവിന് ഇടത് കണ്ണില്‍ വേദനയും നീര്‍ക്കെട്ടും അനുഭവപ്പെട്ടത്, ഇത് പെട്ടെന്ന് തന്നെ ഡബിള്‍ വിഷനിലേക്കും സഹിക്കാന്‍ കഴിയാത്ത വേദനയിലേക്കും മാറുകയുണ്ടായി. ജയിലില്‍ ചികിത്സക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒന്നുമില്ല എന്ന പ്രിസണ്‍ മെഡിക്കല്‍ ഓഫീസറിന്റെ നിര്‍ദേശപ്രകാരം അന്ന് തന്നെ ഒരു നേത്രവിദഗ്ധന്റെ അഭിപ്രായം വേണമെന്ന് ഹാനി ബാബു ആവശ്യപ്പെട്ടിരുന്നു. പക്ഷെ എസ്‌കോര്‍ട്ട് ഓഫീസര്‍ ഇല്ല എന്ന കാരണത്താല്‍ ഹാനി ബാബുവിനെ ചികിത്സക്കായി കൊണ്ട് പോയിട്ടില്ലായിരുന്നു.മെയ് 6ന് ഹാനി ബാബുവിന്റെ വക്കീല്‍ തലോജാ ജയില്‍ സൂപ്രണ്ടിന് അയച്ച മെയിലുകള്‍ ഒന്ന് കൊണ്ട് മാത്രമാണ് മെയ് 7ന് വാഷിയിലുള്ള ഗവണ്മെന്റ് ഹോസ്പിറ്റലില്‍ അദ്ദേഹത്തെ കൊണ്ട് പോയത്.

വാഷി സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് ഹാനി ബാബുവിനെ ചികില്‍സിച്ച നേത്രവിദഗ്ധന്‍ ( Ophthalmologist) ആന്റി ബാക്റ്റീരിയല്‍ മരുന്നുകള്‍ കൊടുക്കുകയും രണ്ട് ദിവസത്തിന് ശേഷം തുടര്‍ചികിത്സക്കായി വരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അപകടകരമാം വിധം അദ്ദേഹത്തിന്റെ ആരോഗ്യം മോശപ്പെട്ടെങ്കിലും തുടര്‍ചികിത്സക്കായി ഹോസ്പിറ്റലില്‍ കൊണ്ട് പോവുകയുണ്ടായില്ല. ഇതിനായി പതിവ് പോലെ ജയില്‍ അധികാരികള്‍ ചൂണ്ടി കാണിച്ചത് എസ്‌കോര്‍ട്ട് ഓഫീസറുടെ അഭാവമാണ്.

മെയ് 10ന് രാവിലെ 8 മണിക്ക്, ഹാനി ബാബുവിന്റെ വക്കീലായ മിസ് പായോഷി റോയ് തലോജാ ജയിലിലെ സൂപ്രണ്ടുമായി സംസാരിക്കാന്‍ 8 തവണ വിളിക്കുകയുണ്ടായി. പക്ഷെ സൂപ്രണ്ട് സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. 8:30ന് ജയിലര്‍ വക്കീലിനെ വിളിക്കുകയും ഹാനി ബാബുവിന്റെ ആരോഗ്യാവസ്ഥയെ പറ്റി തനിക്കറിയാമെന്നും പിറ്റേന്ന് തന്നെ അദ്ദേഹത്തെ ഹോസ്പിറ്റലില്‍ കൊണ്ട് പോകാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാമെന്നും ഉറപ്പു നല്‍കി. ഇനി ഈ കാര്യത്തില്‍ അലംഭാവം കാണിക്കരുതെന്നും ഉടന്‍ തന്നെ അദ്ദേഹത്തെ ഹോസ്പിറ്റലില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് വീണ്ടുമൊരു മെയില്‍ സൂപ്രണ്ടിന് അയക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ആരോഗ്യം അതീവ ഗുരുതരാവസ്ഥയില്‍ ആണെന്നും ചികിത്സ കിട്ടാന്‍ ഒരു ദിവസം വൈകിയാല്‍ പോലും അദ്ദേഹത്തിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെടാനും അദ്ദേഹത്തിന്റെ അവസ്ഥ സങ്കീര്‍ണമാകാനും സാധ്യതയുണ്ടെന്ന് ആ മെയിലില്‍ ഓര്‍മപ്പെടുത്തി. പക്ഷെ, മെയ് 11ന് ആയിട്ടും അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ജയില്‍ അധികൃതര്‍ തയ്യാറായില്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വളരെയധികം വിഷമമേറിയ ഒരു മാനസികാവസ്ഥയിലൂടെ ആണ് ഞങ്ങള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ചികിത്സ പോലെ വളരെ പ്രാഥമികമായ ഒരു അവകാശത്തിന് വേണ്ടി ഹാനി ബാബുവിന് യാചിക്കേണ്ടി വരുന്നത് ആലോചിക്കാവുന്നതിലും അപ്പുറമാണ്. ഇന്ന് പോലും, മിസ് റോയ് നിരന്തരമായി ശ്രമിച്ചിട്ടും, ജയിലില്‍ നിന്നും ഞങ്ങള്‍ക്ക് ഒരു മറുപടി ലഭിച്ചിട്ടില്ല, അതിനാല്‍ ഇത്രക്കും ഗുരുതരമായ ഒരു അസുഖത്തിന് ലഭിക്കുന്ന ചികിത്സ കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ട്, ഈ നടപടികളെ കുറിച്ച് കൂടുതല്‍ സുതാര്യത വരേണ്ടതുണ്ട്. ഒന്നുമല്ലെങ്കിലും ഞങ്ങള്‍ ആവശ്യപ്പെടുന്നത് ഇന്ത്യന്‍ ഭരണഘടന പ്രകാരം ലഭിച്ചതും ഉറപ്പാക്കിയതുമായ അവകാശങ്ങള്‍ മാത്രമല്ലേ?.

ജെന്നി റോവീന(ഭാര്യ)

ഫര്‍സാന(മകള്‍)

ഫാത്തിമ (ഉമ്മ)

ഹാരിഷ് എംടി & എംടി അന്‍സാരി(സഹോദരങ്ങള്‍).

Next Story

RELATED STORIES

Share it