Sub Lead

സര്‍ക്കാര്‍ സമ്മര്‍ദ്ദം: ഭീം ആര്‍മിയുടെ വാര്‍ത്താ സമ്മേളനത്തിനുള്ള അനുമതി റദ്ദാക്കി

മത, രാഷ്ട്രീയ പരിപാടികള്‍ക്ക് തങ്ങള്‍ അനുമതി നല്‍കാറില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവസാന നിമിഷം വാര്‍ത്താ സമ്മേളനം റദ്ദാക്കിയത്. എന്നാല്‍, ദലിത് വിഭാഗങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ഭീം ആര്‍മി ഇത് രണ്ടുമല്ലെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ സമ്മര്‍ദ്ദം: ഭീം ആര്‍മിയുടെ വാര്‍ത്താ സമ്മേളനത്തിനുള്ള അനുമതി റദ്ദാക്കി
X

ന്യൂഡല്‍ഹി: ദലിതുകള്‍ക്കെതിരായ അതിക്രമങ്ങള്‍ വിശദീകരിക്കുന്നതിന് ഭീം ആര്‍മി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനം നടത്തുന്നുതിന് ഇന്ത്യന്‍ വിമന്‍ പ്രസ് കോര്‍പ്(ഐഡബ്ല്യുപിസി) അനുമതി പിന്‍വലിച്ചു. മത, രാഷ്ട്രീയ പരിപാടികള്‍ക്ക് തങ്ങള്‍ അനുമതി നല്‍കാറില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവസാന നിമിഷം വാര്‍ത്താ സമ്മേളനം റദ്ദാക്കിയത്. എന്നാല്‍, ദലിത് വിഭാഗങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ഭീം ആര്‍മി ഇത് രണ്ടുമല്ലെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ ദലിതുകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്നവരുടെ പ്രവര്‍ത്തനങ്ങളെ തടയാന്‍ ഏതറ്റംവരെയും പോകാന്‍ സര്‍ക്കാര്‍ തയ്യാറാവുമെന്നതിന്റെ സൂചനയാണിതെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ അഭിഭാഷകന്‍ മഹ്മൂദ് പ്രാച്ച പറഞ്ഞു.

പ്രാദേശിക പോലിസ് വാര്‍ത്താ സമ്മേളനത്തെക്കുറിച്ച് തങ്ങളോട് അന്വേഷിച്ചിരുന്നുവെന്നും അതേ തുടര്‍ന്നാണ് പ്രസിഡന്റ് ജ്യോതി മല്‍ഹോത്ര ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി വാര്‍ത്താ സമ്മേളനം റദ്ദാക്കാന്‍ തീരുമാനിച്ചതെന്നും പേര് വെളിപ്പെടുത്താത്ത ഐഡബ്ല്യുപിസി കമ്മിറ്റി അംഗം പറഞ്ഞു. രാഷ്ട്രീയക്കാരുടെയും രാഷ്ട്രീയ സംഘടനകളുടെയും വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് നേരത്തേ ഐഡബ്ല്യുപിസി അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ദലിതുകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനയായ ഭീം ആര്‍മി ചന്ദ്രശേഖര്‍ ആസാദിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതിനും തകര്‍ക്കപ്പെട്ട സന്ത് രവിദാസ് ക്ഷേത്രം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടാനും വേണ്ടിയാണ് വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തത്.

ദലിത് വിഭാഗത്തിന്റെ ശബ്ദം കേള്‍പ്പിക്കപ്പെടുന്നത് സര്‍ക്കാര്‍ ഇഷ്ടപ്പെടുന്നില്ല. 10 ദിവസത്തിനകം ക്ഷേത്രം പുനര്‍നിര്‍മിക്കാമെന്ന് സമ്മതിച്ചില്ലെങ്കില്‍ തങ്ങള്‍ ഭാരത് ബന്ധിന് ആഹ്വാനം ചെയ്യും. തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കു വേണ്ടി പോരാടും- ഭീം ആര്‍മി നേതാവ് കമല്‍ സിങ് വാലിയ പറഞ്ഞു.

ചന്ദ്രശേഖര്‍ ആസാദിന്റെ അറസ്റ്റിന് വേണ്ടി സ്വീകരിച്ച നടപടിക്രമങ്ങളെല്ലാം നിയമവിരുദ്ധമാണ്. കല്‍ക്കാജി പോലിസ് സ്‌റ്റേഷനിലാണ് കോടത നടപടികള്‍ പൂര്‍ത്തിയാക്കിയത്. ചന്ദ്രശേഖറിനെയും മറ്റു 95 പേരെയും അറസ്റ്റ് ചെയ്ത് ഈ സ്റ്റേഷനില്‍ ഹാജരാക്കി മജിസ്‌ട്രേറ്റിനെ ഇങ്ങോട്ട് വിളിപ്പിക്കുകയായിരുന്നു. രാജ്യം പോലിസ് രാജിലേക്ക് നീങ്ങുകയാണോ എന്ന് പ്രാച്ച ചോദിച്ചു.

തങ്ങളുടെ പ്രവര്‍ത്തകരെ മനപൂര്‍വ്വം സൃഷ്ടിച്ച അക്രമക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് കമല്‍ സിങ് വാലിയ ആരോപിച്ചു. പകല്‍ മുഴുവന്‍ സംഘടനയുടെ പ്രതിഷേധ പരിപാടി നടന്നപ്പോള്‍ അക്രമമൊന്നും ഉണ്ടായിരുന്നില്ല. തങ്ങളുമായി ബന്ധമില്ലാത്ത ചിലര്‍ ദുരുദ്ദേശത്തോട് കൂടി അക്രമം നടത്തുകയും അത് സംഘടനയുടെ തലയില്‍ കെട്ടിവയ്ക്കുകയുമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

Next Story

RELATED STORIES

Share it