Sub Lead

മൂന്നാം ദിനവും ബംഗളൂരു നഗരം വെള്ളത്തില്‍; വൈദ്യുതിയും ജലവിതരണവും മുടങ്ങി (വീഡിയോ)

മൂന്നാം ദിനവും ബംഗളൂരു നഗരം വെള്ളത്തില്‍; വൈദ്യുതിയും ജലവിതരണവും മുടങ്ങി (വീഡിയോ)
X

ബംഗളൂരു: കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ബംഗളൂരു നഗരവും പരിസരവും മൂന്നാം ദിനവും മുങ്ങിത്തന്നെ. പ്രധാന റോഡുകളെല്ലാം വെള്ളത്തിലായതിനെത്തുടര്‍ന്ന് ഗതാഗതം താറുമാറായിരിക്കുകയാണ്. വൈദ്യുതിയും ജലവിതരണവും മുടങ്ങി. മൂന്നാം ദിനവും നഗരവാസികളുടെ ദൈനംദിന ജീവിതം ദുരിതപൂര്‍ണമായിക്കഴിഞ്ഞു. മാണ്ഡ്യയിലെ പമ്പ് ഹൗസില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ചില പ്രദേശങ്ങളില്‍ ജലവിതരണം തടസ്സപ്പെട്ടത്.

പമ്പ്ഹൗസ് വൃത്തിയാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളില്‍ 8,000 കുഴല്‍ക്കിണറുകള്‍ വഴി വെള്ളമെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുഴല്‍ക്കിണറില്ലാത്ത പ്രദേശങ്ങളില്‍ ടാങ്കറുകള്‍ വഴി വെള്ളമെത്തിക്കും. ബംഗളൂരുവിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് പ്രധാന ഐടി ഹബ്ബായ ബംഗളൂരു നഗരത്തില്‍ വെള്ളം കയറിയത്.

വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിന്റെയും വെള്ളപ്പൊക്കത്തില്‍ മുങ്ങിയ റോഡുകളിലൂടെ ആളുകള്‍ ട്രാക്ടറുകളിലും ക്രെയിനുകളിലും കയറി ജോലിസ്ഥലത്തേക്ക് പോവുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെള്ളക്കെട്ടുള്ള റോഡില്‍ വൈദ്യുതാഘാതമേറ്റ് 23 കാരിയായ യുവതി മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. സ്‌കൂളിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അഖില വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്‌കൂട്ടര്‍ തെന്നിമാറുകയായിരുന്നു. അതിനിടെ, വൈദ്യുത തൂണില്‍ പിടിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റത്.

ബംഗളൂരുവില്‍ ഞായറാഴ്ച പെയ്ത കനത്ത മഴയിലാണ് നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായത്. ഞായറാഴ്ച അര്‍ധരാത്രി വരെ നഗരത്തില്‍ 83 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 2014 ന് ശേഷമുള്ള ഏറ്റവും മഴ പെയ്ത സപ്തംബറിലെ ദിവസമാണിതെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാത്രി ഏഴരയോടെ തുടങ്ങിയ ഇടിമിന്നലോടെയാണ് മഴ പുലര്‍ച്ചെ വരെ തുടര്‍ച്ചയായി പെയ്തു. ബെല്ലന്തൂര്‍, സര്‍ജാപുര റോഡ്, വൈറ്റ്ഫീല്‍ഡ്, ഔട്ടര്‍ റിങ് റോഡ്, ബിഇഎംഎല്‍ ലേഔട്ട് എന്നിവിടങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ബാധിച്ചത്.

സപ്തംബര്‍ 9 വരെ കര്‍ണാടകയില്‍ കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. കഴിഞ്ഞ എട്ടുവര്‍ഷത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനാണ് നഗരം സാക്ഷ്യം വഹിച്ചത്. കഴിയുന്നതും യാത്രകള്‍ ഒഴിവാക്കാനും നഗരത്തിന്റെ പല ഭാഗങ്ങളിലും മന്ദഗതിയിലുള്ള ഗതാഗതം പ്രതീക്ഷിക്കണമെന്നും അതിനനുസരിച്ച് യാത്ര ആസൂത്രണം ചെയ്യണമെന്നും പോലിസ് യാത്രക്കാരെ ഉപദേശിച്ചു.

നൂറിലധികം വീടുകള്‍ വെള്ളത്തിനടിയിലായെന്നും നിരവധി അപ്പാര്‍ട്ട്‌മെന്റുകളുടെ ബേസ്‌മെന്റുകള്‍ വെള്ളത്തിനടിയിലായെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. സര്‍ജാപൂര്‍ റോഡിലെ താമസക്കാര്‍ക്ക് വെള്ളം കയറി വാഹനങ്ങള്‍ കേടാകാതിരിക്കാന്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ ബേസ്‌മെന്റില്‍ നിന്ന് മാറ്റേണ്ടിവന്നു. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ വര്‍ത്തൂര്‍ നഗരപ്രാന്തത്തിലും ബോട്ടുകള്‍ വിന്യസിക്കേണ്ടിവന്നു. പ്രധാന സ്ഥലങ്ങളിലെ വീടുകളുടെ താഴ്ന്നഭാഗം വെള്ളത്തിനടിയിലായതോടെ ജനങ്ങള്‍ ദുരിതത്തിലാണ്.

സുരക്ഷിത സ്ഥാനത്തേക്ക് മാറാനും അധികൃതര്‍ ആവശ്യപ്പെട്ടു. വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. പ്രളയത്തില്‍ 430 വീടുകള്‍ പൂര്‍ണമായും 2,188 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി മുഖ്യമന്ത്രി പറഞ്ഞു. 225 കിലോമീറ്റര്‍ റോഡുകള്‍, പാലങ്ങള്‍, കലുങ്കുകള്‍, വൈദ്യുത തൂണുകള്‍ എന്നിവയും തകര്‍ന്നിട്ടുണ്ട്. മഴയും വെള്ളപ്പൊക്കവും സംബന്ധിച്ച് പഠിക്കാന്‍ കേന്ദ്രസംഘം ഇന്ന് രാത്രി നഗരത്തിലെത്തും. നിവേദനം സമര്‍പ്പിക്കും, അതിനുശേഷം ടീം അംഗങ്ങളുമായി സര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തും.

കര്‍ണാടകയിലെ തെക്കന്‍, വടക്കന്‍ ഉള്‍പ്രദേശങ്ങളില്‍ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആഗസ്ത് അവസാനവാരം സംസ്ഥാനത്ത് ഇതിനകം 144 ശതമാനം അധിക മഴ ലഭിച്ചിരുന്നു, ഈ മാസത്തെ ആദ്യ അഞ്ച് ദിവസങ്ങളില്‍ 51 ശതമാനം അധികമഴയാണ് ലഭിച്ചത്. അതിവേഗം വളരുന്ന നഗരത്തിലെ ആസൂത്രിതമല്ലാത്ത വികസനം മൂലമാണ് നാശനഷ്ടങ്ങളുണ്ടായതെന്ന് വിമര്‍ശനമുയര്‍ന്നു. ബംഗളൂരു നഗരത്തെ ഇപ്പോള്‍ വെള്ളക്കെട്ടിലാക്കിയ 500 മഴവെള്ള അഴുക്കുചാലുകളുടെ കൈയേറ്റം ബംഗളൂരു പൗരസമിതി കണ്ടെത്തി.

അതേസമയം, കര്‍ണാടകയിലെ മുന്‍ ജെഡിഎസ്- കോണ്‍ഗ്രസ് സര്‍ക്കാരാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആരോപിച്ചു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആസൂത്രിതമല്ലാത്ത ഭരണമാണ് ഇത് സംഭവിച്ചത്. തടാകങ്ങളിലും ബഫര്‍ സോണിലും അവര്‍ വലത്തോട്ടും ഇടത്തോട്ടും മധ്യഭാഗത്തും അനുമതി നല്‍കി- മുഖ്യമന്ത്രിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നു.

Next Story

RELATED STORIES

Share it