Sub Lead

ബംഗാള്‍: മമതയ്ക്കു 24 മണിക്കൂര്‍ പ്രചാരണ വിലക്ക്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ ധര്‍ണയെന്ന് മമത

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി പ്രകാരം തിങ്കളാഴ്ച രാത്രി എട്ടുമുതല്‍ ചൊവ്വാഴ്ച രാത്രി എട്ടുവരെ മമതയ്ക്കു പ്രചാരണം നടത്താനാവില്ല.

ബംഗാള്‍: മമതയ്ക്കു 24 മണിക്കൂര്‍ പ്രചാരണ വിലക്ക്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ ധര്‍ണയെന്ന് മമത
X

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍ നിന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ 24 മണിക്കൂര്‍ നേരത്തേക്ക് വിലക്കി. മുസ് ലിം വോട്ട് സംബന്ധിച്ച പരാമര്‍ശം ചട്ടലംഘനമാണെന്നും കേന്ദ്രസുരക്ഷാ സേനകള്‍ക്കെതിരേ കലാപം നടത്താന്‍ വോട്ടര്‍മാരെ പ്രേരിപ്പിച്ചെന്നുമുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരേ ധര്‍ണ നടത്തുമെന്ന് മമതാ ബാനര്‍ജി ട്വിറ്ററിലൂടെ അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി പ്രകാരം തിങ്കളാഴ്ച രാത്രി എട്ടുമുതല്‍ ചൊവ്വാഴ്ച രാത്രി എട്ടുവരെ മമതയ്ക്കു പ്രചാരണം നടത്താനാവില്ല. ഇക്കഴിഞ്ഞ മാര്‍ച്ച് 28, ഏപ്രില്‍ ഏഴ് തിയ്യതികളില്‍ നടത്തിയ പ്രസംഗങ്ങളില്‍ വിശദീകരണം തേടി കഴിഞ്ഞ ആഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ മമതയ്ക്കു നോട്ടീസ് നല്‍കിയിരുന്നു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ തീരുമാനത്തില്‍ പ്രതിഷേധിച്ച് നാളെ ഉച്ചയ്ക്ക് 12 മുതല്‍ കൊല്‍ക്കത്തയിലെ ഗാന്ധി പ്രതിമയില്‍ ധര്‍ണ നടത്തുമെന്ന് മമത ബാനര്‍ജി അറിയിച്ചു.

'കുടുംബത്തെ രക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങളുടെ മാതാവിനെയോ സഹോദരിമാരെയോ കേന്ദ്രസേന വടി കൊണ്ട് അടിക്കുകയാണെങ്കില്‍ അവരെ തവിയോ തൂമ്പയോ കത്തിയോ ഉപയോഗിച്ച് ആക്രമിക്കണം. ഇത് സ്ത്രീകളുടെ അവകാശമാണ്. നിങ്ങളുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വോട്ടിങിന് പ്രവേശനം നിഷേധിക്കുകയാണെങ്കില്‍ നിങ്ങള്‍ എല്ലാവരും പുറത്തുവന്ന് പ്രക്ഷോഭം നടത്തണം.' എന്നായിരുന്നു മാര്‍ച്ചിലെ മമതയുടെ വിവാദപ്രസംഗം. ഏപ്രില്‍ മൂന്നിന് ഹൂഗ്ലിയില്‍ നടത്തിയ പ്രസംഗത്തിലാണ് ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കരുതെന്ന് താന്‍ തൊഴുകൈയോടെ അഭ്യര്‍ഥിക്കുന്നുവെന്ന് മമത പ്രസംഗിച്ചത് ചട്ടവിരുദ്ധമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്.

Bengal: Mamata Banarjee banned from campaigning for 24 hours; call for dharna against EC

Next Story

RELATED STORIES

Share it