Sub Lead

നവാഫ് സലാം ലബ്‌നാന്‍ പ്രധാനമന്ത്രി; യുഎസ് ഭീഷണി തള്ളി ഹിസ്ബുല്ലക്ക് രണ്ട് മന്ത്രിമാര്‍

നവാഫ് സലാം ലബ്‌നാന്‍ പ്രധാനമന്ത്രി; യുഎസ് ഭീഷണി തള്ളി ഹിസ്ബുല്ലക്ക് രണ്ട് മന്ത്രിമാര്‍
X

ബെയ്‌റൂത്ത്: ലബ്‌നാന്‍ പ്രധാനമന്ത്രിയായി അന്താരാഷ്ട്ര നീതിന്യായ കോടതി മുന്‍ പ്രസിഡന്റ് നവാഫ് സലാം ചുമതലയേറ്റു. പുതിയ സര്‍ക്കാരില്‍ ഹിസ്ബുല്ലക്ക് പങ്കാളിത്തം നല്‍കരുതെന്ന യുഎസിന്റെ ഭീഷണി തള്ളി ഹിസ്ബുല്ലക്ക് രണ്ട് മന്ത്രിസ്ഥാനം നല്‍കി. ലബ്‌നാനിലെ സായുധപാര്‍ട്ടിയായ അമല്‍ പ്രസ്ഥാനത്തിനും രണ്ടു മന്ത്രിമാരെ ലഭിച്ചു. അമല്‍ പ്രസ്ഥാനത്തിന്റെ നേതാവായ നബീഹ് ബെറിയാണ് പാര്‍ലമെന്റ് സ്പീക്കര്‍.

ഇടക്കാല പ്രധാനമന്ത്രി നജീബ് മിക്കാത്തി രാജിവെച്ചതിന് ശേഷമാണ് പ്രസിഡന്റ് ജോസഫ് അഔനും നവാഫ് സലാമും ചേര്‍ന്ന് 24 അംഗ മന്ത്രിസഭ പ്രഖ്യാപിച്ചത്. ഹിസ്ബുല്ലയുടെ രഖാന്‍ നസറുദ്ദീന്‍ ആരോഗ്യമന്ത്രിയും മുഹമ്മദ് ഹൈദര്‍ തൊഴില്‍ മന്ത്രിയുമാവും. ഭരണപരിഷ്‌കാര മന്ത്രിയായി ഹിസ്ബുല്ലയുടെ ഫാദി മാക്കിയെ നിയമിക്കുമെന്ന് സ്പീക്കര്‍ ഉറപ്പുനല്‍കി. അമല്‍പ്രസ്ഥാനത്തിന്റെ എംപിമാരായ യാസീന്‍ ജാബിര്‍ ധനമന്ത്രിയും തമാര അല്‍ സീന്‍ പരിസ്ഥിതിമന്ത്രിയായി.

2007 മുതല്‍ 2017 വരെ ഐക്യരാഷ്ട്രസഭയിലെ ലബ്‌നാനിന്റെ സ്ഥിരം പ്രതിനിധിയായിരുന്നു നവാഫ് സലാം. 2018 മുതല്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ അംഗമായി. 2007 മുതല്‍ 2017 വരെ ഐക്യരാഷ്ട്രസഭയിലെ ലബ്‌നാനിന്റെ സ്ഥിരം പ്രതിനിധിയുമായിരുന്നു. ഇക്കാലത്ത് സുരക്ഷാ സമിതിയുടെ പ്രസിഡന്റായും ജനറല്‍ അസംബ്ലിയുടെ വൈസ്പ്രഡിഡന്റായും പ്രവര്‍ത്തിച്ചു.

2024ല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായി ചുമതലയേറ്റു. ഈ പദവിയില്‍ എത്തുന്ന രണ്ടാം അറബ് വംശജനും ആദ്യ ലബ്‌നാനിയുമായിരുന്നു നവാഫ് സലാം. ഗസയിലെ വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്ക നല്‍കിയ കേസിലെ നടപടികളിലും പങ്കെടുത്തു. ഗസയില്‍ ഇസ്രായേല്‍ അധിനിവേശം നടത്തുന്നുവെന്ന് വിധിച്ചത് നവാഫ് സലാം അടങ്ങിയ ബെഞ്ചായിരുന്നു. ഇസ്രായേലും ലബ്‌നാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് അടിസ്ഥാനമായ ഐക്യരാഷ്ട്രസഭയുടെ 1701ാം നമ്പര്‍ പ്രമേയ രൂപീകരണത്തിലും പങ്കെടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയാവണമെന്ന് പാര്‍ലമെന്റ് ആവശ്യപ്പെട്ടതിനാല്‍ പദവി രാജിവെച്ചാണ് അദ്ദേഹം ലബ്‌നാനില്‍ തിരിച്ചെത്തിയത്.

Next Story

RELATED STORIES

Share it