Top

ബാബരി മസ്ജിദ്: സുപ്രീം കോടതിയിലെ വാദങ്ങള്‍ ഇങ്ങിനെ -നീതി കാത്തിരിക്കുന്ന ഇന്ത്യ

ചരിത്രപ്രധാനമായ ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയ വാദങ്ങള്‍ ചുവടെ

ബാബരി മസ്ജിദ്: സുപ്രീം കോടതിയിലെ വാദങ്ങള്‍ ഇങ്ങിനെ  -നീതി കാത്തിരിക്കുന്ന ഇന്ത്യ

പിഎഎം ഹാരിസ്

സുപ്രീ കോടതി ഏറ്റവുമധികം ദിവസം വാദം കേട്ടത് 1972 - 73ലെ കേശവാനന്ദ ഭാരതി - കേരള സര്‍ക്കാര്‍ കേസിലാണ്. 40 ദിവസം വാദം കേട്ട ബാബരി മസ്ജിദ് ഉടമസ്ഥാവകാശ കേസ് അതിന് തൊട്ടുപിറകില്‍ വരുന്നു. ചരിത്രപ്രധാനമായ കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി കാത്തിരിക്കെ, വിവിധ കക്ഷികള്‍ക്ക് വേണ്ടി അഭിഭാഷരുടെ പ്രധാന വാദങ്ങള്‍ നമുക്ക് ഒന്ന് അന്വേഷിക്കാം. വിശേഷിച്ചും ചില ദിവസങ്ങളിലെ വാദങ്ങളും കോടതിയുടെ ചോദ്യങ്ങളും അന്വേഷണങ്ങളും മാത്രമാണ് സ്വന്തം താല്‍പര്യാനുസൃതം മിക്കവാറും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. നിര്‍മോഹി അഖാരയുടെയും രാംലല്ല, രാംജന്മസ്ഥാന്‍ കക്ഷികളുെട വാദം നടന്ന ആഗസ്റ്റില്‍ 12 വാര്‍ത്തകള്‍ നല്‍കിയ മാതൃഭൂമി ദിനപത്രം മുസ് ലിം കക്ഷികള്‍ വാദം നടത്തിയ സെപ്തംബറില്‍ നല്‍കിയത് 5 വാര്‍ത്തകള്‍ മാത്രമാണ്. അയോധ്യയില്‍ മസ്ജിദിന് മുമ്പ് രാമക്ഷേത്രം ഉണ്ടായിരുന്നു - രാം ലല്ല ( 2019 ആഗസ്റ്റ് 17), അയോധ്യ രാമജന്മഭൂമിയാണെന്ന വിശ്വാസം ചോദ്യം ചെയ്യാന്‍ പ്രയാസം - സുപ്രീം കോടതി (2019 സെപ്തംബര്‍ 24) തുടങ്ങിയ തലക്കെട്ടുകളും. ഈ പശ്ചാത്തലത്തില്‍ ചരിത്രപ്രധാനമായ കേസില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയ വാദങ്ങള്‍ ചുവടെ:

ആഗസ്റ്റ് ആറിന് ശ്രീരാമജന്മഭൂമി പക്ഷം വാദം തുടങ്ങി.

ആദ്യം നിര്‍മോഹി അഖാരക്ക് വേണ്ടി സുശീല്‍ കുമാര്‍ ജയിന്‍: നിര്‍മോഹി അഖാറ രജിസ്‌ട്രേഡ് സംഘടനയാണ്. ചരിത്രാതീത കാലം മുതല്‍ രാമജന്മഭൂമി അഖാറയുടേതാണ്. ഉടമാവകാശത്തില്‍ തര്‍ക്കമില്ല. കെട്ടിടം നിന്നിരുന്ന സ്ഥലവും അതിന്റെ പുറത്തുള്ളതും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ക്ഷേത്ര വരുമാനവും കൈകാര്യം ചെയ്തിരുന്നത് അഖാറയാണ്.

അയോധ്യയില്‍ 1934 മുതല്‍ പൂജ നടക്കുന്നുണ്ട്. മുസ്‌ലിംകള്‍ അവിടെ നമസ്‌കാരം നിര്‍വഹിക്കുന്നില്ല. 2.77 ഏക്കര്‍ സ്ഥലം ഉടമസ്ഥാവകാശമാണോ കൈവശാവകാശമാണോ അഖാറയുടേതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. കൈവശാവകാശമെന്ന് ജയിന്‍ മറുപടി നല്‍കി.

അവകാശവാദങ്ങള്‍ രേഖകള്‍ വെച്ച് തെളിയിക്കണം. ഭൂമി സംബന്ധമായ രേഖകള്‍ കൂടി സമര്‍പ്പിച്ചാല്‍ നല്ല തെളിവാകും, അത് കൊണ്ടുവരൂ എന്ന് കോടതി ആവശ്യപ്പെട്ടു. നികുതി രേഖകളുണ്ടോ അതോ വായ്‌മൊഴി മാത്രമേയുള്ളുവോ? രേഖകള്‍ ഉണ്ടായിരുന്നു, 1982ല്‍ നടന്ന കൊള്ളയില്‍ അവയെല്ലാം നഷ്ടമായെന്നായിരുന്നു മറുപടി.

തുടര്‍ന്ന് രാംലല്ല അഭിഭാഷകന്‍ അഡ്വ പരാശരന്‍ വാദം

രാമന്റെ ചിഹ്ന്മാണ് രാമജന്മഭൂമി. ഹിന്ദുക്കളുടെ പവിത്ര സ്ഥാനമാണത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജനിച്ചതിന് എന്ത് ആധാരമാണ് നല്‍കാനാവൂക? ഉത്തര്‍പ്രദേശിലെ അയോധ്യാവാസികളുടെ വിശ്വാസമാണ് ആധാരം. വാല്‍മീകി രാമായണം മൂന്നിടത്ത് രാമജന്മത്തെക്കുറിച്ച് അടയാളപ്പെടുത്തുന്നുണ്ട്.

ബെത്‌ലേഹേമിലാണ് യേശു പിറന്നത് എന്നതിനെച്ചൊല്ലി ഏതെങ്കിലും കോടതിയില്‍ കേസുണ്ടോ എന്ന് കോടതി ആരാഞ്ഞു. അറിയില്ല, ഉണ്ടെങ്കില്‍ വിവരം തരാമെന്ന് അഡ്വ. പരാശരന്‍ പ്രതികരിച്ചു.

രാമജന്മസ്ഥാന്‍, രാമജന്മഭൂമിയെക്കുറിച്ച് എങ്ങിനെ ഹരജി നല്‍കും? രാമന്‍ പിറന്ന സ്ഥലം എങ്ങിനെ ഹരജിക്കാരനാകുമെന്ന് ബെഞ്ച് ചോദിച്ചു.

ഹിന്ദു ദൈവങ്ങളായ പ്രതിഷ്ഠകള്‍ നിയമപരമായ വ്യക്തിത്വങ്ങളായി കരുതാമെന്ന് ഒരു കേസില്‍ വിധിയുണ്ട്. പക്ഷെ ജന്മസ്ഥലം എങ്ങിനെ കരുതുമെന്ന് കോടതി ചോദിച്ചു. ഒരു സ്ഥലം പവിത്രമെന്ന് ഹിന്ദുമതം കരുതുന്നതിന് ശില വേണമെന്നില്ല. നദികള്‍, സൂര്യന്‍ തുടങ്ങിയവ ഹിന്ദുക്കള്‍ ആരാധിക്കുന്നുവെന്ന് പരാശരന്‍ ചൂണ്ടിക്കാട്ടി. അതനുസരിച്ച് രാമജന്മഭൂമിയും പ്രതിഷ്ഠയാകും. ഉത്തരഖണ്ഡില്‍ ഗംഗ തുടങ്ങി പുണ്യനദികള്‍ ഹരജിക്കാരായി ചേര്‍ത്തത് അദ്ദേഹം ഉദാഹരിച്ചു. ആരാധനാ സ്വാതന്ത്ര്യം തടഞ്ഞത് ഹൈന്ദവ വിശ്വാസം വ്രണപ്പെടുത്തുന്നതായി പരാശരന്‍ വാദിച്ചു.

രഘുവംശത്തിലാണ് രാമന്റെ ജനനമെന്ന് പറഞ്ഞ അഡ്വ. പരാശരനോട് രഘുവംശത്തില്‍ ജനിച്ച ആരെങ്കിലും ഇപ്പോള്‍ അയോധ്യയില്‍ ഉണ്ടോ എന്ന് കോടതി ആരാഞ്ഞു. തന്റെ അറിവില്‍ ഇല്ലെന്നും അറിയാന്‍ ശ്രമിക്കാമെന്നും പരാശരന്‍ പ്രതികരിച്ചു. ( അടുത്ത ദിവസങ്ങളില്‍ ശ്രീരാമന്റെ മകന്‍ കുശന്റെ പരമ്പരയിലാണെന്ന് ബിജെപി എംപി ദിയാകുമാരി (രാജസ്ഥാന്‍), കോണ്‍ഗ്രസ് വക്താവ് സത്യേന്ദ്ര സിംഗ് രാഘവ് എന്നിവരും മറ്റൊരു മകന്‍ ലവന്റെ പരമ്പരയിലാണെന്ന്് രാജസ്ഥാന്‍ ഗതാഗത മന്ത്രി പ്രതാപ് സിംഗ്, മേവാര്‍ രാജകുടുംബത്തിലെ ലക്ഷ്യ രാജ് സിംഗ്, അരവിന്ദ് സിംഗ് തുടങ്ങിയവരും അവകാശപ്പെട്ട വാര്‍ത്തകള്‍ വന്നു ).

ആഗസ്റ്റ 13ന് രാം ലല്ലക്ക് വേണ്ടി ഹാജരായ അഡ്വ. വൈദ്യനാഥനോട് ക്ഷേത്രം നിലനിന്നതിന് ബെഞ്ച് തെളിവ് ആരാഞ്ഞു. അലഹബാദ് ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരും വാദം അംഗീകരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അവിടെ പവിത്രമാകാന്‍ ഹിന്ദുക്കള്‍ക്ക് വിശ്വാസം മതി, പ്രതിഷ്ഠ വേണ്ട. 1856 മുതല്‍ 1947 വരെ മസ്ജിദ് നിലനിന്നതിന് രേഖകളില്ല. 1855 മുതല്‍ 1934 വരെ നമസ്‌കാരം നടന്നിട്ടില്ല, സാക്ഷികളില്ല.

അയോധ്യയിലാണ് ശ്രീരാമന്റെ ജനനമെന്ന് ഹിന്ദു മത ഗ്രന്ഥങ്ങള്‍ പറയുന്നു. അത് വിശ്വസിക്കുന്നു. ഇത് അക്കാദമിക് വീക്ഷണത്തില്‍ കാണാന്‍ പറ്റില്ല. അയോധ്യയിലെത്തിയ ബ്രിട്ടീഷ് യാത്രികര്‍ അയോധ്യയുടെ പ്രാധാന്യം എഴുതിയിട്ടുണ്ട്.

കെട്ടിടം എന്നു മുതലാണ് ബാബരി മസ്ജിദ് എന്ന് അറിയപ്പെട്ടതെന്ന് ബെഞ്ച് ചോദിച്ചു. 19ാം നൂറ്റാണ്ടിന് മുമ്പ് ബാബരി മസ്ജിദ് എന്ന് വിളിച്ച രേഖകളില്ലെന്ന് വൈദ്യനാഥന്‍ മറുപടി നല്‍കി. ബാബര്‍ നാമയില്‍ ബാബരി മസ്ജിദ് ഇല്ലേ എന്ന ചോദ്യത്തിന് അദ്ദേഹം ഇല്ല എന്ന് മറുപടി പറഞ്ഞപ്പോള്‍ വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ ഇടപെട്ടു. ബാബര്‍ അയോധ്യയിലേക്ക് കടക്കുന്നതായി ഉണ്ടെന്നും എന്നാല്‍ ബാബര്‍ നാമയുടെ മുഴുവന്‍ പേജുകളും ലഭ്യമല്ലെന്നും വ്യക്തമാക്കി.

ബാബരി മസ്ജിദ് മറ്റൊരു ആരാധനാലയത്തിന് മുകളിലാണ് പണിതത് എന്നതിന് ജസ്റ്റിസ് ചന്ദ്രചൂഡ് തെളിവ് ചോദിച്ചു. മസ്ജിദ് അടിയില്‍ പുരാതിന കെട്ടിടം ഉണ്ടായിരുന്നുവെങ്കില്‍ തന്നെ അത് ക്ഷേത്രം ആയിരുന്നുവെന്നതിന് എന്താണ് തെളിവെന്ന് ജസ്റ്റിസ് ബോബ്‌ഡെയും ആരാഞ്ഞു.

അയോധ്യയില്‍ പുരാവസ്തു വകുപ്പ് കണ്ടെത്തിയ ക്ഷേത്രവസ്തുക്കളുടെ കാലനിര്‍ണയത്തിന് കാര്‍ബണ്‍ ഡേറ്റിംഗ് പരീക്ഷണവിധേയമാക്കിയിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. കാര്‍ബണ്‍ അംശമുള്ള എല്ലുകള്‍ തുടങ്ങിയ ജൈവിക വസ്തുക്കളില്‍ മാത്രമാണ് കാര്‍ബണ്‍ ടെസ്റ്റ് നടത്തി കാലഗണന നടത്താനാവൂ എന്ന് രാജീവ് ധവാന്‍ വ്യക്തമാക്കി.

ബാബര്‍ ക്ഷേത്രം പൊളിക്കാന്‍ ആവശ്യപ്പെട്ടതിന് കോടതി തെളിവ് തേടി. ബാബറാണ് പൊളിച്ചതെന്നും അതല്ല ഔറംഗസീബ് ആണെന്നും രണ്ടഭിപ്രായമുണ്ടെന്ന് വൈദ്യനാഥന്റെ മറുപടി. ബാബരി മസ്ജിദിന്റെ തൂണിലെ ചിത്രങ്ങള്‍ ക്ഷേത്രങ്ങളില്‍ മാത്രം കാണുന്നവയാണെന്നും പള്ളികളില്‍ ഇത്തരം ചിത്രങ്ങള്‍ കാണില്ലെന്നും പറഞ്ഞ അദ്ദേഹം ചിത്രങ്ങള്‍ ഹാജരാക്കി.

12ാം നൂറ്റാണ്ടിലാണ് രാമക്ഷേത്രം പണിതതെന്ന് വൈദ്യനാഥന്‍ വാദിച്ചു. നാല് അടി ഉയരവും 2 അടി വീതിയുമുള്ള ശിലാഫലകം കിട്ടിയിരുന്നു. ആഗോള പ്രശസ്തരായ കെവി രമേശ്, അശോക് ചന്ദ്ര ചാറ്റര്‍ജി എന്നീ വിദഗ്ധര്‍ ഇതില്‍ രാമക്ഷേത്രത്തിന്‌റെ തെളിവ് കണ്ടെത്തിയിരുന്നു. 12ാം നൂറ്റാണ്ടില്‍ രാജ ഗോവിന്ദ് ചന്ദ്ര വലിയ വിഷ്ണു ഹരിക്ഷേത്രം പണികഴിപ്പിച്ചുവെന്നതിന് ചരിത്രപരമായ ആധാരമുണ്ട്. പത്താം നാള്‍ വാദം അവസാനിപ്പിക്കുന്നതിനിടെ, 12 വര്‍ഷം കൈവശം വെച്ചാല്‍ സ്വന്തമാകുമെന്ന് വൈദ്യനാഥന്‍ ചൂണ്ടിക്കാട്ടി. ഭക്തരുടെ വഴിപാട് തുടര്‍ന്നത് രാമക്ഷേത്രം നിലവിലിരുന്നതിന് തെളിവാണ്.

ആദ്യ ഹരജിക്കാരന്‍ ഗോപാല്‍ സിംഗ് വിശാരദ് മരണമടഞ്ഞതോടെ കേസില്‍ കക്ഷിയായി തുടരുന്ന മകന്‍ രാജേന്ദ്ര സിംഗിന് വേണ്ടി അഡ്വ രഞ്ജിത് കുമാര്‍ ജോഷി ഹാജരായി. ബാബരി മസ്ജിദില്‍ വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം മാത്രമാണ് നടന്നിരുന്നതെന്ന് അബ്ദുല്‍ ഗനി മൊഴി നല്‍കിയിട്ടുണ്ട്. അദ്ദേഹത്തെ എതിര്‍വിസ്താരം ചെയ്തിട്ടില്ല.

തര്‍ക്ക സ്ഥലത്ത് രാം ലല്ലക്ക് അവകാശമില്ല, നിര്‍മോഹി അഖാരക്ക് മാത്രമാണ് അവകാശമെന്ന്് അഡ്വ ജയിന്‍ വാദിച്ചപ്പോള്‍ ഭക്തനായതിനാല്‍ ദൈവം സ്വന്തമാണെന്ന് പറയാനാവില്ലെന്ന് കോടതി പറഞ്ഞു. നിര്‍മോഹി അഖാര സ്ഥലത്തിന്റെ ഉടമാവകാശം ചോദിച്ചില്ലെന്ന് രാം ലല്ലയുടെ അഭിഭാഷകന്‍ അഡ്വ പരാശരന്‍ ചൂണ്ടിക്കാട്ടി. ആരാധനാ അവകാശത്തിന് സാക്ഷികളോ രേഖകളോ ഉണ്ടോ എ്‌ന് കോടതിയുടെ അന്വേഷണത്തിന് സാക്ഷി മൊഴികളുണ്ടെന്ന് മറുപടി. രേഖകളുണ്ടായിരുന്നു. 1982ല്‍ നടന്ന കൊള്ളയില്‍ അവ നഷ്ടമായി. രാം ചബൂത്രയാണ് ക്ഷേത്രമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന് ജെയിന്‍ പറഞ്ഞു.

നിര്‍മോഹി അഖാരക്ക് മാത്രമാണ് അവകാശം, ശ്രീരാമന്‍ കേസില്‍ കക്ഷിയല്ല, രാം ലല്ലയുടെ ഹരജി തള്ളണമെന്ന് 13-ാം നാള്‍ ആഗസ്റ്റ് 26ന് അഡ്വ. ജയിന്‍ വാദിച്ചു.

രാം ലല്ലക്ക് ഉടമസ്ഥത അനുവദിച്ചാലും അഖാരയുടെ ആരാധനാ അവകാശം ഇല്ലാതാവില്ല. സുന്നി വഖഫ് ബോര്‍ഡിന്റെ വാദമാണ് നിങ്ങള്‍ ഉന്നയിക്കുന്നത്. നിങ്ങള്‍ ഒന്നിച്ചു നില്‍ക്കൂ എന്ന് കോടതി ഉപദേശിച്ചു. തുടര്‍ന്ന് നിലപാട് തിരുത്തിയ അഖാറയുടെ അഭിഭാഷകന്‍ തങ്ങളുടെ പൂജ അവകാശം എതിര്‍ക്കുന്നില്ലെങ്കില്‍ രാം ലല്ലയുടെ ഹരജി എതിര്‍ക്കുന്നില്ലെന്ന് വ്യക്തമാക്കി.

അഖില്‍ ഭാരതീയ ശ്രീരാമജന്മഭൂമി പുനരുദ്ധാരണ സമിതിക്ക് വേണ്ടി അഡ്വ. പിഎന്‍ മിശ്ര ആഗസ്റ്റ് 27 മുതല്‍ 29 വരെ വാദം നടത്തി. ബാബര്‍ അയോധ്യയില്‍ വന്നിട്ടില്ല, പള്ളി പണിതിട്ടില്ല. ചിലര്‍ ബാബര്‍ പണിതുവെന്നും ചിലര്‍ ഔറംഗസേബ് പണിതുവെന്നും പറയുന്നു. മീര്‍ ബാഖി എന്ന പേരില്‍ ബാബര്‍ക്ക് സേനാധിപന്‍ ഇല്ല. ബാബര്‍ പണിതില്ല, മൂന്ന് ഗോപുരങ്ങള്‍ മസ്ജിദ് എന്ന് പറയാന്‍ പറ്റില്ല എന്നിവയായിരുന്നു അടിസ്ഥാന വാദം.

മസ്ജിദിന് തെളിവില്ല. അവിടെ രാമക്ഷേത്രം നിലവിലിരുന്നു. ഏഴ് വരിയിലായി 85 തൂണുകള്‍ ഹൈന്ദവ പാരമ്പര്യം ഉള്ളവയായിരുന്നു. സ്‌കന്ദ പുരാണം, വാത്മീകി രാമായണം, ബാബര്‍ നാമ തുടങ്ങിയവ മിശ്ര ഉദ്ധരിച്ചു.

വഖഫ് ആകണമെങ്കില്‍ സ്വന്തം ഉടമസ്ഥതയിലാകണം. ഉടമാവകാശമില്ലാത്ത ഭൂമിയില്‍ മസ്ജിദ് പണിയുന്നത് ഇസ്‌ലാമിക തത്വങഅങള്‍ക്ക് എതിരാണ്. അന്യരുടെ സ്വത്ത് അപഹരിക്കുന്നത് ഹറാം എന്നതിന് മിശ്ര് ഖുര്‍ആനും ഹദീസും ഉദ്ധരിച്ചു.

ബാബര്‍ അയോധ്യയില്‍ വന്നതായോ, ക്ഷേത്രം തകര്‍ക്കാന്‍ ഉത്തരവിട്ടതായോ ബാബര്‍ നാമയില്‍ ഇല്ലെന്ന് മിശ്ര പറഞ്ഞു. അക്ബര്‍, ഹുമയൂണ്‍ തുടങ്ങി പലതും ഉദ്ധരിക്കാന്‍ തുടങ്ങി. ഔറംഗസേബ് തകര്‍ത്തുവെന്നാണോ പറയുന്നതെന്ന ബെഞ്ച് ചോദിച്ചു. അതെ. കാശി, മഥുര ക്ഷേത്രങ്ങള്‍ തകര്‍ത്ത ഔറംഗസേബ് ആണ് ബാബരി മസ്ജിദ് പണിതത് എന്നായിരുന്നു മറുപടി.

ബാബര്‍ ഭൂമി ഉടമ അല്ല, വഖഫിന് അധികാരമില്ല, ഉടമസ്ഥതയില്ലാത്ത ഭൂമി വഖഫ് പാടില്ലെന്ന് ഇസ്ലാമിക വ്യവസ്ഥയുണ്ട് എന്ന് മിശ്ര വാദിച്ചപ്പോള്‍ ബാബര്‍ ചക്രവര്‍ത്തിയായിരുന്നുവെന്നും അദ്ദേഹത്തിന് പൂര്‍ണ അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അദ്ദേഹം പലതും ചെയ്തു. അത് പുന: പരിശോധന പറ്റില്ല. ബാബരി മസ്ജിദ് ശരീഅത്തിന് വിരുദ്ധമാണോ എന്ന പ്രശ്‌നത്തിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല എന്ന് മുമ്പ് തന്നെ ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ബാബറിന്റെ വഖഫ് ചോദ്യത്തിലേക്ക് കടന്നാല്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകും.

പതിനേഴാം ദിവസം ആഗസ്റ്റ് 30ന് ഹിന്ദു പക്ഷത്തിന്റെ വാദം പൂര്‍ത്തിയായി. ഹിന്ദു മഹാസഭയടക്കം മറ്റ് കക്ഷികള്‍ക്ക് വേണ്ടി ഗോപാല്‍ ജയ്ന്‍, വിഷ്ണു ജയ്ന്‍, വീരേന്ദ്ര ശര്‍മ എന്നിവര്‍ ഹാജരായി ( രാം ലല്ല, നിര്‍മോഹി അഖാറ വാദങ്ങള്‍ക്ക് പുതിയ വിടിയല്‍ ദൈ്വവാരിക യില്‍ അഡ്വ. എം. മുഹമ്മദ് യൂസുഫ് (മധുര)യുടെ ലേഖനത്തോട് കടപ്പാട്)

ശിയാ വഖഫ് ബോര്‍ഡിന് വേണ്ടി എംസി ധിംഗ്ര വാദം തുടങ്ങി. ഹിന്ദു വിശ്വാസം മാനിക്കുന്നു. ബാബരി മസ്ജിദ് മുതവല്ലിയായിരുന്ന മിര്‍ ബാഖി ശിയാ ആയിരുന്നു. മസ്ജിദ് ശിയാക്കളുടേതാണ്. ശിയാക്കളുടെ അഭിപ്രായം ചോദിക്കാതെ സുന്നി വഖഫായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അവകാശം 1946ല്‍ കൈവിട്ടു പോയി. സ്ഥലത്ത് ഹൈക്കോടതി അനുവദിച്ച മൂന്നിലൊന്ന് ഉടമസ്ഥത അവകാശം സുന്നി ബോര്‍ഡിന് അല്ല. ശിയാ വഖഫ് ബോര്‍ഡിന് അവകാശപ്പെട്ടതാണ്. അത് ഹിന്ദുക്കള്‍ക്ക് കൊടുക്കാം.

മസ്ജിദ് പക്ഷം

സുന്നി വഖഫ് ബോര്‍ഡും മറ്റു ഹരജിക്കാരും ഉള്‍പ്പെടെ ബാബരി മസ്ജിദ് പക്ഷത്തിന് വേണ്ടി സെപ്തംബര്‍ 2 മുതല്‍ രാജീവ് ധവാന്‍ വാദം തുടങ്ങി. എന്ന് മുതല്‍ തുടങ്ങണം? 1885 മുതല്‍ വേണോ അതല്ല 1528 മുതല്‍ വേണോ എന്നായിരുന്നു തുടക്കം. 1528ല്‍ സ്ഥാപിതമായി നമസ്‌കാരം നിര്‍വഹിച്ചുവന്ന പള്ളിയില്‍ 1949 ഡിസംബര്‍ 22ന് അര്‍ധരാത്രി ആസൂത്രിതമായി വിഗ്രഹം പ്രതിഷ്ഠിക്കുകയായിരുന്നുവെന്ന് രേഖകള്‍ നിരത്തി സമര്‍ത്ഥിച്ചു. ഹരജിക്കുള്ള രാം ലല്ല പ്രതിഷ്ഠയുടെ അവകാശം ചോദ്യംചെയ്യുന്ന നിര്‍മോഹി അഖാറയുടെ വാദം അദ്ദേഹം പിന്തുണച്ചു.

1934ന് ശേഷവും മുസ്ലിംകള്‍ ബാബരി മസ്ജിദില്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചിരുന്നുവെന്ന്് അഡ്വ. സഫരിയാബ് ജീലാനി വാദിച്ചു. ബാബരി മസ്ജിദ് ഇമാം അബ്ദുല്‍ഗഫാര്‍ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് വഖഫ് കമ്മീഷണര്‍ക്ക് അയച്ച കത്ത് രേഖകളിലുണ്ട്. ഹരജിക്കാരനായ ഹാഷിം അന്‍സാരി 1949 ഡിസംബര്‍ 22ന് രാത്രി വരെ ഈ പള്ളിയില്‍ നമസ്‌കരിച്ചിരുന്നു. പൂട്ടിയിട്ട മസ്ജിദില്‍ പ്രാര്‍ത്ഥനക്ക് ശ്രമിച്ച് അറസ്റ്റിലായിരുന്നു. ഡിസംബര്‍ 22ന് ഹാജി മഹബൂബ് നമസ്‌കരിച്ചതിന് തെളിവുണ്ട്. 1934ലെ കലാപത്തില്‍ കേടുപറ്റിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി അധികാരികളെ സമീപിച്ചിരുന്നു. പള്ളി ആയതിനാലാണ് മസ്ജിദ് കമ്മിറ്റി പരാതി നല്‍കിയത്. 1942ല്‍ അഖാറയുമായി മസ്ജിദ് കമ്മിറ്റി കേസുണ്ടായിരുന്നു. അഭയ് രാംദാസ് 22ന് രാത്രി അക്രമപരമായി പ്രതിഷ്ഠിച്ച വിഗ്രഹം മാറ്റിയില്ല. അതിനാലാണ് നമസ്‌കാരം മുടങ്ങിയത്.

ബാബരി മസ്ജിദ് ഭൂമി വഖഫ് സ്വത്താണ്. ഉടമാവകാശം സുന്നി വഖഫ് ബോര്‍ഡിനാണ്. രാമന്‍ ജനിച്ച സ്ഥലത്താണ് പള്ളിയെന്ന് തെളിഞ്ഞാല്‍ പള്ളി മാറ്റുമെന്നത് സുന്നി വഖഫ് ബോര്‍ഡിന്റെ പ്രഖ്യാപിത നിലപാടാണ്.

രാമജന്മഭൂമിയായി അവകാശപ്പെടുന്ന കുറഞ്ഞത് മൂന്ന് സ്ഥലങ്ങള്‍ അയോധ്യയിലുണ്ട്. കൈലാസം പോലെ വിശ്വാസമാണ് അയോധ്യ. അവിടെ രാമന്‍ ജനിച്ചുവെന്നതും വിശ്വാസം മാത്രമാണ്. എന്നാല്‍ ബാബരി മസ്ജിദില്‍ നമസ്‌കാരം നടന്നുവെന്നത് വിശ്വാസം മാത്രമല്ല, ചരിത്ര വസ്തുതയും കൂടിയാണ്. ഹിന്ദുപക്ഷത്തിന് വ്യക്തമായ തെളിവില്ല, നിയമപ്രാബല്യമില്ല, കേവലം വിശ്വാസം മാത്രമാണ്.

1855 മുതല്‍ ഹിന്ദുക്കള്‍ പ്രാര്‍ത്ഥിച്ചത് പള്ളിയിലേക്ക് നോക്കിയായിരുന്നുവെന്ന് ജ. ചന്ദ്രചൂഡിന്റെ അഭിപ്രായം ജ. അശോക് ഭൂഷണ്‍ പിന്തുണച്ചു. വേലി വരെ പോയത് താഴികക്കുടത്തിന് താഴെ ജന്മസ്ഥാന്‍ ആണെന്ന് കരുതിയാണ്. ചബൂത്രയുടെ വേലി വരെ പോയി പ്രാര്‍ത്ഥിക്കുന്നത് എന്തിനാണ്. വേലിക്ക് അപ്പുറം നോക്കുന്നതിന് വേണ്ടിയാണെന്ന ബെഞ്ചിന്റെ പരാമര്‍ശം രേഖകളില്‍ ഇല്ലാത്തത് കൂട്ടിച്ചേര്‍ക്കുകയാണെന്ന് ധവാന്‍ കുറ്റപ്പെടുത്തി.

1949ന് മുമ്പും ശ്രീരാമ വിഗ്രഹം ഉണ്ടായിരുന്നുവെന്ന് ജ. അശോക് ഭൂഷണ്‍ അഭിപ്രായപ്പെട്ടത് ധവാന്‍ ചോദ്യം ചെയ്തു. അലഹബാദ് ഹൈക്കോടതിയിലെ കേസ് രേഖയിലുണ്ടെന്ന് ജസ്റ്റിസ് പ്രതികരിച്ചു. അയോധ്യ രാമജന്മഭൂമിയാണെന്ന ഹിന്ദു വിശ്വാസം ചോദ്യം ചെയ്യാന്‍ പ്രയാസമാണെന്ന് ബെഞ്ച് പറഞ്ഞു. എന്നാല്‍ ഭൂമിയുടെ ഉടമാവകാശം നിര്‍ണയിക്കാന്‍ വിശ്വാസം മാത്രം ആശ്രയിക്കരുതെന്ന് സുന്നി വഖഫ് ബോര്‍ഡ് ബോധിപ്പിച്ചു.

ബാബരി മസ്ജിദ് നിലനിന്ന ഭൂമിയിലാണ് രാമജന്മഭൂമിയെന്ന് ഹൈന്ദവ ഗ്രന്ഥങ്ങളില്‍ ഇല്ലെന്ന് സഫരിയാബ് ജീലാനി പറഞ്ഞു. ഹിന്ദു മത ഗ്രന്ഥങ്ങളില്‍ ഇല്ലെങ്കിലും രാമജന്മഭൂമിയെന്ന് ഹിന്ദുക്കള്‍ക്ക് വിശ്വസിച്ചുകൂടെയെന്ന് ജ. ചന്ദ്രചൂഡ് ചോദിച്ചു. ജസ്റ്റിസുമാരായ ബോബ് ദെയും അശോക് ഭൂഷണും ഇത് പിന്തുണച്ചു.

ക്ഷേതം തകര്‍ത്ത് പള്ളി പണിതു, മുമ്പ് ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്ത് പള്ളി പണിതു, ഒഴിഞ്ഞ ഭൂമിയിലാണ് ബാബരി മസ്ജിദ് പണിതത് ഇതില്‍ ഏതാണ് സുന്നി ബോര്‍ഡിന്റെ വാദമെന്ന് ബോബ് ദെ ചോദിച്ചു. മൂന്നാമത്തേതാണ് വാദമെന്ന് അഡ്വ. ജീലാനി പറഞ്ഞു.

2003ലെ ആര്ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപോര്‍ട്ട് ആധികാരികമല്ലെന്നതിന് സുന്നി ബോര്‍ഡ് തെളിവുകള്‍ നിരത്തി. റിപോര്‍ട്ട് അലഹബാദ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യണമായിരുന്നുവെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

ഹിന്ദു പക്ഷത്തിന്റെ തെളിവുകള്‍ വളരെ ദുര്‍ബലമാണെന്നും, കേവലം അഭിപ്രായങ്ങള്‍ മാത്രമാണെന്നും കക്ഷിയായ മുഹമ്മദ് സാദിഖിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറ ബോധിപ്പിച്ചു.

തുടര്‍ന്നുള്ള രണ്ട് ദിനങ്ങളില്‍ കോടതിയില്‍ സമര്‍പ്പിച്ച വാദങ്ങളില്‍ കക്ഷികള്‍ക്ക് എതിര്‍വാദങ്ങള്‍ ഉന്നയിക്കുന്നതിനുള്ള അവസരം നല്‍കി. 38ാം ദിനമായ ഒക്ടോബര്‍ 14ന് വിശ്വാസം, യാത്രാവിവരണം, സ്‌കന്ദ പുരാണം എന്നിവ ഭൂമിയുടെ ഉടമാവകാശം നല്‍കുന്നില്ലെന്ന് രാജീവ് ധവാന്‍ ബോധിപ്പിച്ചു. ബാബറുടെ കാലം മുതല്‍ പള്ളിയുടെ പരിപാലനത്തിനായി ഗ്രാന്റ് നല്‍കുന്ന രേഖകളുണ്ട്. പൊതുസമാധാനം പാലിക്കാന്‍ ബ്രിട്ടീഷുകാരുടെ കാലത്ത് ഹിന്ദുക്കള്‍ പള്ളിയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞിരുന്നു.

വാദം കേള്‍ക്കല്‍ ഒക്ടോബര്‍ 16ന് 40 ാം നാളില്‍ സുപ്രീം കോടതി അവസാനിപ്പിച്ചു. അവസാന ദിവസം നാടകീയമായിരുന്നു. പുതിയ തെളിവുകള്‍ ആരും കൊണ്ടുവരരുതെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇത് മറികടന്ന് ഒരു പുസ്തകം രേഖയായി സമര്‍പ്പിക്കാന്‍ ഹിന്ദു മഹാസഭാ അഭിഭാഷകന്‍ വികാസ് സിംഗിന്റെ ശ്രമം ധവാന്‍ ചോദ്യംചെയ്തു. എന്തു ചെയ്യണമെന്ന് ധവാന്റെ അന്വേഷണത്തിന് ചീഫ് ജസ്റ്റിസ് രേഖ വേണ്ടെങ്കില്‍ കീറിക്കളയാമെന്ന് പ്രതികരിച്ചു. ധവാന്‍ അത് കീറിക്കളഞ്ഞത് വാഗ്വാദത്തിന് കാരണമായി. കോടതിയില്‍ നിന്നും ഇറങ്ങിപ്പോകുമെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കിയതോടെ ബഹളം തണുത്തു. പിന്നീട് ധവാനെതിരേ ഹിന്ദു മഹാസഭ പരാതി നല്‍കി. കേസില്‍ തങ്ങളുടെ മുഖ്യ വാദമുഖങ്ങള്‍ മൂന്ന് ദിവസത്തിനകം എഴുതി നല്‍കാന്‍ ബെഞ്ച് നിര്‍ദേശിച്ചു. സുപ്രീംകോടതിയുടെ അനുമതിയോടെ നിര്‍വാണി അഖാരയും വാദങ്ങള്‍ രേഖ നല്‍കി. 49 ഡിസംബര്‍ 22ന് രാത്രി പള്ളിയില്‍ അതിക്രമിച്ചു കടന്ന അഭയ് രാംദാസ് നിര്‍വാണി അഖാറ പുരോഹിതനായിരുന്നു

മധ്യസ്ഥത്തിന്റെ കുതന്ത്രം

വാദം അവസാനിപ്പിക്കുന്ന ദിവസം മധ്യസ്ഥ സമിതിയുടെ അപഹാസ്യമായ ഒത്തുതീര്‍പ്പ് നാടകം അരങ്ങേറി. ബിജെപി നിയന്ത്രണത്തിലുള്ള വഖഫ് ബോര്‍ഡ്് ചെയര്‍മാന്‍ സഫര്‍ അഹമ്മദ് ഫാറൂഖി് ഹരജി പിന്‍വലിക്കുന്നതിന് സുപ്രീം കോടതിയെ സന്നദ്ധത അറിയിച്ചതായും ഒത്തു തീര്‍പ്പ് ഫോര്‍മുല സമര്‍പിച്ചതായും മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കി. മധ്യസ്ഥ സമിതിയംഗം ശ്രീരാം പഞ്ചുവാണ് മധ്യസ്ഥസമിതിയിലെ വഖഫ് ബോര്‍ഡ് അഭിഭാഷകനായിരുന്ന അഡ്വ. ഷാഹിദ് റിസ് വിയുമായി ചേര്‍ന്ന് വഖഫ് ഭൂമി വിട്ടുകൊടുക്കാനുള്ള തന്ത്രം മെനഞ്ഞത്. ബോര്‍ഡ് അഭിഭാഷകന്‍ അഡ്വ. ഷകീല്‍ അഹ് മദ് സഈദ് വാര്‍ത്ത ശരിയല്ലെന്ന് പ്രസ്താവിച്ചു.

വഖഫ് സ്വത്ത് നിയമവിരുദ്ധമായി വില്‍പ്പനക്ക് ശ്രമിച്ചുവെന്ന പരാതിയില്‍ യുപി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത മാന്യനാണ് സഫര്‍ ഫാറൂഖിയെന്നും കേസില്‍ ബോര്‍ഡ് അഭിഭാഷകരെ മാറ്റുന്നതിനും ചെയര്‍മാന്‍ ശ്രമിച്ചിരുന്നുവെന്നുമുള്ള വാര്‍ത്ത പുറത്തുവന്നു.

കേസില്‍ വിവിധ മറ്റ് മുസ് ലിം കക്ഷികളുടെയും അഡ്വക്കറ്റ് ഓണ്‍ റെക്കോര്‍ഡ് അഭിഭാഷകരായ ഷകീല്‍ അഹ് മദ് സഈദ് (സുന്നി വഖഫ് ബോര്‍ഡ്), ഇഅ്ജാസ് മഖ്ബൂല്‍ (മുഹമ്മദ് സിദ്ദീഖ്), എംആര്‍ ഷംസാദ്, ഇര്‍ഷാദ് അഹ് മദ്, ഫുദൈല്‍ അഹ്മദ് അയ്യൂബി എന്നവര്‍ വീട്ടുവീഴ്ചയില്ലെന്നും ഹരജി പിന്‍വലിച്ചിട്ടില്ലെന്നും വ്യക്തമാക്കിയതോടെ ആ തന്ത്രവും തകര്‍ന്നു. കേസില്‍ കക്ഷികളല്ലാത്തവരാണ് ചര്‍ച്ച നടത്തിയതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

മധ്യസ്ഥ സമിതിയിലെ ചര്‍ച്ചകള്‍ രഹസ്യമായിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നതാണ്. അത് ലംഘിച്ചു മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തിയവത് ആരെന്ന് കണ്ടെത്തണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

(തേജസ് വാരിക, ലക്കം 45,2019 നവംബര്‍ 22)
Next Story

RELATED STORIES

Share it