Sub Lead

ബാബരി കേസ്: മുസ്‌ലിംകള്‍ക്കായി ഹാജരായതിനു രാജീവ് ധവാനെ ഭീഷണിപ്പെടുത്തിയ പ്രഫസര്‍ മാപ്പു പറഞ്ഞു

ബാബരി മസ്ജിദ് കേസില്‍ മുസ്‌ലിംകള്‍ക്കായി ഹാജരായതിലൂടെ രാജീവ് ധവാന്‍ സ്വന്തം വിശ്വാസത്തെ വഞ്ചിച്ചുവെന്നും മതനിന്ദക്ക് ധവാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്നുമായിരുന്നു പ്രഫസറുടെ ഭീഷണി

ബാബരി കേസ്: മുസ്‌ലിംകള്‍ക്കായി ഹാജരായതിനു രാജീവ് ധവാനെ ഭീഷണിപ്പെടുത്തിയ പ്രഫസര്‍ മാപ്പു പറഞ്ഞു
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ മുസ്‌ലിംകള്‍ക്കായി സുപ്രിംകോടതിയില്‍ ഹാജരായതിനു മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനെ ഭീഷണിപ്പെടുത്തിയ ചെന്നൈ സ്വദേശി പ്രഫസര്‍ ഷണ്‍മുഖന്‍ മാപ്പു പറഞ്ഞു. ഇദ്ദേഹത്തിനെതിരേ രാജീവ് ധവാന്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തിരുന്നു. ഷണ്‍മുഖന്‍ മാപ്പു പറഞ്ഞതിനെ തുടര്‍ന്നു കേസ് തുടരേണ്ടതില്ലെന്ന് രാജീവ് ധവാന്റെ അഭിഭാഷകനായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നു അപകീര്‍ത്തി കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു.

്ബാബരി മസ്ജിദ് കേസില്‍ മുസ്‌ലിംകള്‍ക്കായി ഹാജരായതിലൂടെ രാജീവ് ധവാന്‍ സ്വന്തം വിശ്വാസത്തെ വഞ്ചിച്ചുവെന്നും മതനിന്ദക്ക് ധവാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്നുമായിരുന്നു പ്രഫസറുടെ ഭീഷണി. ബാബരി മസ്ജിദ് കേസില്‍ മുസ്‌ലിംകള്‍ക്കായി ഹാജരായതിലൂടെ മതനിന്ദയാണ് ധവാന്‍ ചെയ്തത്. ഇതിനു കനത്ത വില നല്‍കേണ്ടിവരും. നിരവധി ദുരന്തങ്ങളാണ് നേരിടേണ്ടിവരികയെന്നും ഷണ്‍മുഖന്‍ പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തി ഷണ്‍മുഖന്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് രാജീവ് ധവാന്‍ കേസ് ഫയല്‍ ചെയ്തത്. ഇതോടയൊണ് പ്രഫസര്‍ മാപ്പു പറഞ്ഞ് തടിയൂരിയത്.

ആരുടെ ഭാഗത്തു നിന്നായാലും ഇത്തരം പെരുമാറ്റങ്ങളുണ്ടായാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് കേസ് അവസാനിക്കും മുമ്പ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

അതേസമയം നേരിട്ടോ അല്ലാതെയോ ഒരു അഭിഭാഷകനെ അപമാനിക്കരുതെന്ന സന്ദേശം സമൂഹത്തിന് നല്‍കാന്‍ വേണ്ടി മാത്രമാണ് പ്രഫസര്‍ക്കെതിരേ പരാതി നല്‍കിയതെന്നും അദ്ദേഹം മാപ്പു പറഞ്ഞതിലൂടെ കേസ് നടപടികള്‍ തുടരേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നെന്നും രാജീവ് ധവാന്റെ അഭിഭാഷകനായ കപില്‍ സിബല്‍ പറഞ്ഞു.

ബാബരി കേസില്‍ ഹാജരായതിനെ തുടര്‍ന്നു സഞ്ജയ് കലായ് ബജ്രംഗി എന്നയാള്‍ വാട്‌സ്ആപ്പിലൂടെ ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും രാജീവ് ധവാന്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ധവാന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

അയോധ്യയിലെ കെട്ടിടം ബാബരി മസ്ജിദ് ആണെന്നുതിനു ശക്തമായി തെളിവുകള്‍ സുപ്രിംകോടതിയില്‍ ഹാജരാക്കിയ വ്യക്തിയാണ് രാജീവ് ധവാന്‍. ഇദ്ദേഹം സമര്‍പിച്ച ആധികാരികമായ തെളിവുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Next Story

RELATED STORIES

Share it