Big stories

ബാബരി മസ്ജിദ് കേസില്‍ വാദം ഇന്നവസാനിക്കും; വിധി നവംബര്‍ 17ന് മുമ്പ്

1989 വരെ ഹിന്ദു സംഘടനകള്‍ രാമജന്മഭൂമി എന്ന അവകാശവാദം ഉയര്‍ത്തിയിട്ടില്ലെന്നും ഇവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്നതിന് കഥകള്‍ക്കപ്പുറം ഒരു തെളിവുമില്ലെന്നും സുന്നി വഖഫ് ബോര്‍ഡ് വാദിക്കുന്നു. ഇതിനെ സാധൂകരിക്കുന്ന ചരിത്ര വസ്തുതകളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകളും വഖഫ് ബോര്‍ഡ് കോടതിക്ക് മുമ്പാകെ വച്ചിട്ടുണ്ട്.

ബാബരി മസ്ജിദ് കേസില്‍ വാദം ഇന്നവസാനിക്കും; വിധി നവംബര്‍ 17ന് മുമ്പ്
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി കേസില്‍ ഭരണഘടന ബെഞ്ചിലെ വാദം കേള്‍ക്കല്‍ ഇന്ന് അവസാനിക്കുമെന്ന് സൂചന.സുപ്രിംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം വാദം കേട്ട രണ്ടാമത്തെ കേസാണ് ഇത്. അതേസമയം, നവംബര്‍ 15ന് മുമ്പ് ബാബരി കേസില്‍ ഭരണഘടനാ ബഞ്ച് വിധി പറയുമെന്നാണ് സൂചന.

ബാബരി ഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ 14 ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് വാദം കേള്‍ക്കുന്നത്. ഇന്നത്തോടെ വാദം കേള്‍ക്കല്‍ 40ാമത്തെ ദിവസമാകും. സുപ്രിംകോടതിയുടെ ചരിത്രത്തില്‍ ഇതിന് മുമ്പ് ഏറ്റവും അധികം ദിവസം വാദം നടന്നത് കേശവാനന്ദ ഭാരതി കേസിലാണ്. 1972-73 വര്‍ഷങ്ങളിലായി 68 ദിവസം.

1989 വരെ ഹിന്ദു സംഘടനകള്‍ രാമജന്മഭൂമി എന്ന അവകാശവാദം ഉയര്‍ത്തിയിട്ടില്ലെന്നും ഇവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്നതിന് കഥകള്‍ക്കപ്പുറം ഒരു തെളിവുമില്ലെന്നും സുന്നി വഖഫ് ബോര്‍ഡ് വാദിക്കുന്നു. ഇതിനെ സാധൂകരിക്കുന്ന ചരിത്ര വസ്തുതകളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകളും വഖഫ് ബോര്‍ഡ് കോടതിക്ക് മുമ്പാകെ വച്ചിട്ടുണ്ട്.എന്നാല്‍, അയോധ്യ തന്നെയാണ് രാമന്റെ ജന്മഭൂമിയെന്നും തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നുവെന്നുമാണ് ഹിന്ദുസംഘടനകളുടെ വാദം.

ഒക്ടോബര്‍ 18 വരെ വാദം കേള്‍ക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നേരത്തേ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ആ സമയം വെട്ടിക്കുറച്ച് ഒക്ടോബര്‍ 16നകം തന്നെ വാദം കേള്‍ക്കുന്നത് അവസാനിപ്പിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഇങ്ങനെ തിരക്ക് പിടിച്ച് വാദം കേള്‍ക്കുന്നത് അവസാനിപ്പിക്കരുതെന്ന് സുന്നി വഖഫ് ബോര്‍ഡ് അടക്കമുള്ള കക്ഷികള്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു.

ബുധനാഴ്ച രാവിലെ തുടങ്ങുന്ന വാദം കേള്‍ക്കല്‍ വൈകീട്ട് അഞ്ച് മണി വരെ തുടരുമെന്നും, ഇതിന് ശേഷം തുടരാനുള്ള വാദങ്ങള്‍ എഴുതി നല്‍കാന്‍ സമയം നല്‍കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചരിത്രപരമായ വിധിപ്രസ്താവത്തിന് സുപ്രീംകോടതിയുടെ പക്കല്‍ വെറും നാലാഴ്ച മാത്രമാണ് ബാക്കി. ആ സമയത്തിനുള്ളില്‍ വിധിപ്രസ്താവം തയ്യാറാക്കുന്നത് വെല്ലുവിളി തന്നെയാകും. പതിറ്റാണ്ടുകളായി സുപ്രീംകോടതിയില്‍ ഇഴഞ്ഞു നീങ്ങിയിരുന്ന കേസ്, ദൈനംദിന വാദംകേള്‍ക്കലുമായി വേഗത്തിലാക്കാന്‍ തീരുമാനിച്ചത് ചീഫ് ജസ്റ്റിസാണ്.

തര്‍ക്കം മധ്യസ്ഥ ശ്രമങ്ങളിലൂടെ പരിഹരിക്കാന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് ഖലീഫുള്ള അദ്ധ്യക്ഷനായ മൂന്നംഗ സമിതിയെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു. ഈ മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് കേസില്‍ അന്തിമവാദം കേള്‍ക്കാന്‍ ഭരണഘടനാ ബഞ്ച് തീരുമാനിച്ചത്.

ഇന്ന് കേസ് വിധി പറയാന്‍ മാറ്റിവെക്കും. നവംബര്‍ 17നാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നത്. അതിന് മുമ്പുള്ള അവസാന പ്രവര്‍ത്തിദിനമായ നവംബര്‍ 15നാകും കേസിലെ വിധി പ്രസ്താവം എന്നാണ് സൂചന. ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് അംഗങ്ങള്‍.

Next Story

RELATED STORIES

Share it