Sub Lead

അഴീക്കല്‍ ഗ്രീന്‍ ഫീല്‍ഡ് തുറമുഖം: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കും

നിലവിലുള്ള അഴീക്കല്‍ തുറമുഖത്തു നിന്ന് രണ്ടര കിലോമീറ്റര്‍ അകലെയാണ് പുതിയ ഗ്രീന്‍ഫീല്‍ഡ് തുറമുഖം വരുന്നത്. അഴീക്കോട് പഞ്ചായത്തിലെ 85.7 ഏക്കറും മാട്ടൂല്‍ പഞ്ചായത്തിലെ 60.9 ഏക്കറും ഉള്‍പ്പെടെയുള്ള പദ്ധതി പ്രദേശത്ത് നേരത്തേ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി തുറമുഖത്തിനുള്ള രൂപരേഖ തയ്യാറാക്കിയിരുന്നു.

അഴീക്കല്‍ ഗ്രീന്‍ ഫീല്‍ഡ് തുറമുഖം: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കും
X

കണ്ണൂര്‍: അഴീക്കലില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന അന്താരാഷ്ട്ര ഗ്രീന്‍ ഫീല്‍ഡ് തുറമുഖത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി കെ വി സുമേഷ് എംഎല്‍എ, ജില്ലാ കലക്ടര്‍ ടി വി സുഭാഷ് എന്നിവര്‍ പദ്ധതി സ്ഥലം സന്ദര്‍ശിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ 10 ദിവസത്തിനകം പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. നടപടികള്‍ വേഗത്തിലാക്കാനായി കണ്ണൂര്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ ജില്ലാ സര്‍വേ സൂപ്രണ്ട്, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍, തഹസില്‍ദാര്‍ (എല്‍ആര്‍) തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേകം താല്‍പര്യമെടുത്താണ് അഴീക്കല്‍ ഗ്രീന്‍ ഫീല്‍ഡ് തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുന്നതെന്ന് കെ വി സുമേഷ് എംഎല്‍എ പറഞ്ഞു. ഉത്തര മലബാറിന്റെ വ്യാവസായിക, വ്യാപാര, ടൂറിസം വളര്‍ച്ചയില്‍ വലിയൊരു കുതിച്ചു ചാട്ടത്തിന് അവസരമൊരുക്കുന്ന പദ്ധതിയാണിത്. എത്രയുംവേഗം പദ്ധതി പൂര്‍ത്തീകരിക്കാനാവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുത്ത് നല്‍കല്‍ പൂര്‍ത്തിയാവുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിനു പുറമെ കാസര്‍കോട്, വയനാട്, കുടക് ജില്ലകളില്‍ നിന്നുള്ള ചരക്കുകള്‍ വിദേശ രാജ്യങ്ങളിലേക്ക് നേരിട്ട് എത്തിക്കാനും എളുപ്പത്തിലും ചുരുങ്ങിയ ചെലവിലും അസംസ്‌കൃത വസ്തുക്കളും വിവിധ ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യാനും പുതിയ തുറമുഖം വരുന്നതോടെ സാധ്യമാവും. തുറമുഖ പ്രദേശം മികച്ച ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കാനുള്ള സാധ്യതകളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള അഴീക്കല്‍ തുറമുഖത്തു നിന്ന് രണ്ടര കിലോമീറ്റര്‍ അകലെയാണ് പുതിയ ഗ്രീന്‍ഫീല്‍ഡ് തുറമുഖം വരുന്നത്. അഴീക്കോട് പഞ്ചായത്തിലെ 85.7 ഏക്കറും മാട്ടൂല്‍ പഞ്ചായത്തിലെ 60.9 ഏക്കറും ഉള്‍പ്പെടെയുള്ള പദ്ധതി പ്രദേശത്ത് നേരത്തേ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി തുറമുഖത്തിനുള്ള രൂപരേഖ തയ്യാറാക്കിയിരുന്നു. തുറമുഖം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായുള്ള മണ്ണ് പരിശോധനയും ഇതിനകം പൂര്‍ത്തിയാക്കി. കടലും വളപട്ടണം പുഴയും ചേരുന്ന മുനമ്പ് ഭാഗത്തിനടുത്തായാണ് പുതിയ അത്യാധുനിക ഗ്രീന്‍ ഫീല്‍ഡ് തുറമുഖം സ്ഥാപിക്കുക. അഴീക്കലില്‍ പുതിയ തുറമുഖ നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ മലബാര്‍ ഇന്റര്‍നാഷനല്‍ പോര്‍ട്ട് ആന്റ് സെസ് ലിമിറ്റഡ് എന്ന പേരില്‍ നേരത്തേ കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. പുതിയ പദ്ധതി പ്രദേശം അഴിമുഖത്തോട് ചേര്‍ന്നുകിടക്കുന്നതായതിനാല്‍ ആഴക്കുറവ് പ്രശ്‌നമാവില്ലെന്നത് അനുകൂല ഘടകമാണ്. ഈ ഭാഗത്ത് ഏഴ് മുതല്‍ 12 വരെ മീറ്റര്‍ ആഴമുള്ളതിനാല്‍ വലിയ കപ്പലുകള്‍ക്ക് വരെ അനായാസം അടുക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രീന്‍ ഫീല്‍ഡ് തുറമുഖ പദ്ധതിക്കായി 3698 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരുന്നു. അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, ജില്ലാ സര്‍വേ സൂപ്രണ്ട് രീജാവന്‍ പട്ടത്താരി, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അജിനേഷ് മാടങ്കര, കണ്ണൂര്‍ തഹസില്‍ദാര്‍ സി വി പ്രകാശന്‍, എല്‍ആര്‍ തഹസില്‍ദാര്‍ വി വി രാധാകൃഷ്ണന്‍, കണ്ണൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ വി ഷാജു തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

അതിനിടെ, അഴീക്കല്‍ തുറമുഖത്ത് കൊച്ചിയില്‍ നിന്ന് ചരക്കുകളുമായി വീണ്ടും കപ്പലെത്തി. കഴിഞ്ഞ ഞായറാഴ്ച തീരദേശ ചരക്കുകപ്പല്‍ സര്‍വീസിന്റെ ഉദ്ഘാടനം ചെയ്തശേഷം ആദ്യമായാണ് ഇന്നലെ അഴീക്കല്‍ തുറമുഖത്ത് വീണ്ടും കപ്പലെത്തിയത്. ഉദ്ഘാടനക്കപ്പലായ റൗണ്ട് ദി കോസ്റ്റ് കമ്പനിയുടെ ഹോപ് സെവന്‍ തന്നെയാണ് ഇന്നലെ രാവിലെ 11.30ന് 12 കണ്ടെയിനറുകളുമായി വീണ്ടുമെത്തിയത്. ചരക്കുകള്‍ കയറ്റിയ ശേഷം വൈകീട്ട് മൂന്നോടെ കപ്പല്‍ തിരികെ കൊച്ചിയിലേക്ക് യാത്ര തിരിച്ചു. ജൂലൈ 13നാണ് ഇനി കപ്പല്‍ വീണ്ടുമെത്തുക. കപ്പല്‍ എത്തുന്ന സമയത്ത് കെ വി സുമേഷ് എംഎല്‍എ, പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ പ്രതീഷ് നായര്‍ തുടങ്ങിയവര്‍ തുറമുഖത്തുണ്ടായിരുന്നു.

Azheekal Greenfield Port: land acquisition process

Next Story

RELATED STORIES

Share it