Sub Lead

ജസ്റ്റിസ് ബോബ്‌ഡെയുടെ അസാന്നിധ്യം; ബാബരി ഭൂമി തര്‍ക്ക കേസ് 29ന് വാദം കേള്‍ക്കില്ല

ബെഞ്ചില്‍ കഴിഞ്ഞ ദിവസം ജസ്റ്റിസുമാരായ എന്‍ വി രമണ, യു യു ലളിത് എന്നിവരെ ഒഴിവാക്കി ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ എന്നിവരെ ഉള്‍പ്പെടുത്തിയിരുന്നു.

ജസ്റ്റിസ് ബോബ്‌ഡെയുടെ അസാന്നിധ്യം; ബാബരി ഭൂമി തര്‍ക്ക കേസ് 29ന് വാദം കേള്‍ക്കില്ല
X

ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസില്‍ വാദം കേള്‍ക്കുന്ന ഭരണഘടനാ ബെഞ്ചിന്റെ സിറ്റിങ് ജനുവരി 29ന നടക്കില്ല. ബെഞ്ചില്‍ ഉള്‍പ്പെട്ട ജസ്റ്റിസ് എസ് എ ബോബ്‌ഡെക്ക് അന്നേ ദിവസം സംബന്ധിക്കാന്‍ പറ്റില്ലെന്നതാണ് കാരണം. കേസ് പരിഗണിക്കുന്ന പുതിയ തിയ്യതി വ്യക്തമാക്കിയിട്ടില്ല.

ബെഞ്ചില്‍ കഴിഞ്ഞ ദിവസം ജസ്റ്റിസുമാരായ എന്‍ വി രമണ, യു യു ലളിത് എന്നിവരെ ഒഴിവാക്കി ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ എന്നിവരെ ഉള്‍പ്പെടുത്തിയിരുന്നു. ബാബരിയുമായി ബന്ധപ്പെട്ട ഒരു കേസില്‍ 1997ല്‍ താന്‍ അഭിഭാഷകനായി ഹാജരായിരുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി ജസ്റ്റിസ് ലളിത് ജനുവരി 10ന് ബെഞ്ചില്‍ നിന്ന് പിന്മാറിയിരുന്നു. മസ്ജിദ് ഇസ്ലാമിക പ്രാര്‍ഥനയ്ക്ക് നിര്‍ണായക ഘടകമാണോ എന്ന വിഷയം ഏഴംഗ ബെഞ്ചിന് വിടണമെന്ന ആവശ്യം തള്ളിയ വിധി തയ്യാറാക്കിയത് ജസ്റ്റിസ് ഭൂഷണ്‍ ആയിരുന്നു. അതേ സമയം, മൂന്നംഗ ബെഞ്ചില്‍ എതിരഭിപ്രായം പ്രകടിപ്പിച്ചയാളായിരുന്നു ജസ്റ്റിസ് നസീര്‍. മസ്ജിദ് പ്രാര്‍ഥനയ്ക്ക് അവിഭാജ്യ ഘടകമാണോ എന്ന ചോദ്യം ബാബരി കേസില്‍ സുപ്രധാനമാണെന്നും ഇത് ഭരണഘടനാ ബെഞ്ചിന് വിടണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ജനുവരി 29ന് ബാബരി ഭൂമി തര്‍ക്ക കേസ് വാദം കേള്‍ക്കല്‍ സമയക്രമം തീരുമാനിക്കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്.

സുപ്രിം കോടതി രജിസ്ട്രി തയ്യാറാക്കിയ കേസ് സംബന്ധിച്ച മുഴുവന്‍ രേഖകളും സീല്‍ ചെയ്ത 15 പെട്ടികളിലായി സുപ്രിംകോടതിയുടെ അടച്ചിട്ട മുറിയില്‍ വര്‍ഷങ്ങളായി കിടക്കുകയാണ്. 120ഓളം വിഷയങ്ങളാണ് കേസില്‍ പരിഗണനയ്ക്ക് വരുന്നത്. 13,886 പേജുകളിലായി 88 സാക്ഷിമൊഴികളും 257 രേഖകളും ഉള്‍പ്പെടുന്നു. രേഖകള്‍ പേര്‍ഷ്യന്‍, സംസ്‌കൃതം, അറബിക്, ഗുരുമുഖി, ഉര്‍ദു, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിലുള്ളവയാണ്. ഇവയുടെ പരിഭാഷയ്ക്കും പരിശോധനയ്ക്കും മറ്റും സമയമെടുക്കുമെന്നാണു കരുതുന്നത്.

Next Story

RELATED STORIES

Share it