Sub Lead

പ്രത്യേക നിയമങ്ങളിലെ വിചാരണ ആറുമാസത്തില്‍ തീര്‍ക്കാന്‍ സംവിധാനം വേണം: സുപ്രിംകോടതി

പ്രത്യേക നിയമങ്ങളിലെ വിചാരണ ആറുമാസത്തില്‍ തീര്‍ക്കാന്‍ സംവിധാനം വേണം: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: യുഎപിഎ പോലുള്ള പ്രത്യേക നിയമങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ വിചാരണ ആറുമാസത്തിനകം തീര്‍ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. ഇത്തരം കേസുകള്‍ വിചാരണ ചെയ്യാന്‍ വേണ്ടി പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ''എന്‍ഐഎ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിലെ ഉന്നതരുമായി ഇക്കാര്യം സംസാരിക്കണം. വിചാരണ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാവുകയാണെങ്കില്‍ ജാമ്യാപേക്ഷ പോലുള്ള ഹരജികള്‍ കേള്‍ക്കേണ്ടി വരില്ല. എന്തുകൊണ്ട് ജാമ്യം നല്‍കുന്നില്ല എന്ന് കക്ഷികള്‍ ചോദിക്കേണ്ടി വരില്ല. രാജ്യദ്രോഹപരമായ കേസുകളില്‍ ആറുമാസം ജയിലില്‍ കിടക്കുന്നത് വലിയ പ്രശ്‌നമായി ആരും കാണുന്നില്ല. അതേസമയം തന്നെ കുറ്റാരോപിതര്‍ക്ക് അതിവേഗ വിചാരണയ്ക്ക് അവകാശമുണ്ട്.''-ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

യുഎപിഎ, മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമം എന്നിവ പ്രകാരമുള്ള കേസുകളില്‍ അതിവേഗം വിചാരണ നടത്തണമെന്ന കേസില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രിംകോടതി. എന്‍ഐഎ കേസുകളിലെ അകലെയുള്ള സാക്ഷികളെ നേരില്‍ കോടതിയില്‍ കൊണ്ടുവന്ന് വിസ്തരിക്കേണ്ടതില്ലെന്നും വാദം കേള്‍ക്കലിനിടെ കോടതി വാക്കാല്‍ പറഞ്ഞു. ഡല്‍ഹിയില്‍ വിചാരണ നടക്കുന്ന കേസുകളിലെ സാക്ഷികള്‍ കേരളത്തിലോ മണിപ്പൂരിലോ കശ്മീരിലോ ഉണ്ടാവാം. അവരെയെല്ലാം ഡല്‍ഹിയില്‍ കൊണ്ടുവരേണ്ട ആവശ്യമില്ല. ഓണ്‍ലൈനായി വിസ്തരിക്കാവുന്നതാണ്. വിഷയം സര്‍ക്കാരിന്റെ ഉന്നതതലങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. കേസ് ഡിസംബറില്‍ പരിഗണിക്കാമെന്നും അപ്പോഴേക്കും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it