Latest News

ഗുണനിലവാരം ഉറപ്പാക്കാന്‍ മാത്രമാണ് പാല്‍പൊടി ചേര്‍ക്കുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി

ഗുണനിലവാരം ഉറപ്പാക്കാന്‍ മാത്രമാണ് പാല്‍പൊടി ചേര്‍ക്കുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി
X

തിരുവനന്തപുരം: മില്‍മ പാലില്‍ ചെറിയ അളവില്‍ പാല്‍പൊടി ചേര്‍ക്കുന്നതായി മില്‍മ ചെയര്‍മാന്‍ കെ എസ് മണി വ്യക്തമാക്കി. പാലില്‍ മുഴുവനായും പാല്‍പൊടിയാണ് ഉപയോഗിക്കുന്നതെന്ന പ്രചാരണം മില്‍മയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. മില്‍മ ഒരിക്കലും ലാഭം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നതല്ലെന്നും, ഉപഭോക്താക്കളുടെ വിശ്വാസം നിലനിര്‍ത്തുന്നതാണ് സ്ഥാപനത്തിന്റെ ഏറ്റവും വലിയ വിജയം എന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

കേരളത്തില്‍ വിപണിയില്‍ വില്‍ക്കുന്ന പശുവിന്‍ പാലിന് എഫ്എസ്എസ്എ പ്രകാരം കുറഞ്ഞത് 8.5 ശതമാനം എസ്എന്‍എഫും 3 ശതമാനം ഫാറ്റും ഉണ്ടായിരിക്കണം. എന്നാല്‍ സംസ്ഥാനത്ത് ലഭിക്കുന്ന പാലിന്റെ ശരാശരി എസ്എന്‍എഫ് 8.4 ശതമാനം മാത്രമാണെന്നും, ഈ നിലവാരത്തില്‍ തന്നെ പാല്‍ വിപണിയിലെത്തിച്ചാല്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ക്കും ചെയര്‍മാനുമെതിരേ നിയമനടപടികള്‍ നേരിടേണ്ടി വരാന്‍ സാധ്യതയുണ്ടെന്നും കെ എസ് മണി പറഞ്ഞു.

ഇത്തരം സാഹചര്യത്തിലാണ് ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി കുറവുള്ള ശതമാനം പരിഹരിക്കാന്‍ ചെറിയ അളവില്‍ പാല്‍പൊടി ചേര്‍ക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. പാല്‍പൊടി ചേര്‍ക്കാത്ത, 8.4 ശതമാനം എസ്എന്‍എഫും 3 ശതമാനം ഫാറ്റും അടങ്ങിയ പാല്‍ ആവശ്യപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കുന്നുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു. പാലില്‍ നിന്നുള്ള വെള്ളം നീക്കം ചെയ്ത് ഉണക്കിയാണ് പാല്‍പൊടി നിര്‍മ്മിക്കുന്നതെന്നും, ഇത് ഗുണനിലവാരത്തില്‍ ഒരു വിധത്തിലുള്ള ചൂഷണമല്ലെന്നും കെ എസ് മണി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it