Sub Lead

സംസ്ഥാനത്ത് ഓട്ടോ മിനിമം ചാർജ് 30 രൂപ ആക്കാൻ ശുപാർശ

നിലവിലെ ഭീമമായ ഇന്ധന വിലയുടെ അടിസ്ഥാനത്തിൽ ഓട്ടോ-ടാക്സി ചാര്‍ജ്ജ് വര്‍ധന അനിവാര്യമാണെന്ന വാഹന ഉടമകളുടെയും യൂനിയനുകളുടെയും ആവശ്യം ന്യായമാണെന്നാണ് ചര്‍ച്ചയില്‍ പൊതുവായി ഉണ്ടായ ധാരണയെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഓട്ടോ മിനിമം ചാർജ് 30 രൂപ ആക്കാൻ ശുപാർശ
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടാറിക്ഷ-ടാക്സി യാത്രാനിരക്ക് വർധിപ്പിക്കാൻ ശുപാർശ. ഓട്ടോ മിനിമം ചാർജ് 25 രൂപയില്‍നിന്ന് 30 ആക്കി വർധിപ്പിക്കാനാണു ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുടെ ശുപാർശ. മിനിമം ദൂരത്തിനുശേഷമുള്ള ഒരു കിലോമീറ്ററിനും നിരക്ക് 12 രൂപയിൽനിന്നു പതിനഞ്ചായി വർധിപ്പിക്കാനും കമ്മിറ്റി ശുപാർശ ചെയ്തു.

ചാര്‍ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുമായി ഗതാഗത മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തി. ചാർജ് വർധന സംബന്ധിച്ച് സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ബന്ധപ്പെട്ടവരുമായി മൂന്ന് ചർച്ച നടത്തിയതിനുശേഷമാണു ശുപാർശ സമർപ്പിച്ചത്.

നിലവിലെ ഭീമമായ ഇന്ധന വിലയുടെ അടിസ്ഥാനത്തിൽ ഓട്ടോ-ടാക്സി ചാര്‍ജ്ജ് വര്‍ധന അനിവാര്യമാണെന്ന വാഹന ഉടമകളുടെയും യൂനിയനുകളുടെയും ആവശ്യം ന്യായമാണെന്നാണ് ചര്‍ച്ചയില്‍ പൊതുവായി ഉണ്ടായ ധാരണയെന്ന് മന്ത്രി പറഞ്ഞു.

ഓട്ടോ യാത്രാ നിരക്കിന്റെ കാര്യത്തിൽ കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിക്ക് പുറത്ത് 50 ശതമാനം അധിക നിരക്കും രാത്രികാല യാത്രയിൽ നഗരപരിധിയിൽ 50 ശതമാനം അധികനിരക്കും നില നിര്‍ത്തണമെന്നു കമ്മിറ്റി നിർദേശിച്ചു. വെയ്റ്റിങ്ങ് ചാർജ്ജ് 15 മിനിറ്റിന് 10 രൂപ എന്നത് നിലവിൽ ഉള്ളതുപോലെ തുടരുവാനാണ് കമ്മറ്റിയുടെ ശുപാർശ.

1500 സിസിയിൽ താഴെയുള്ള ടാക്സി കാറുകൾക്ക് മിനിമം ചാർജ് 175 രൂപയിൽ നിന്ന് 210 ആയും കിലോമീറ്റർ ചാര്‍ജ് 15 രൂപയിൽ നിന്ന് 18 രൂപയായും വർധിപ്പിക്കാൻ കമ്മിറ്റി ശുപാർശ ചെയ്തു.

1500 സിസിയിൽ അധികമുള്ള ടാക്സി കാറുകൾക്ക് മിനിമം ചാർജ് 200 രൂപയിൽനിന്ന് 240 ആയും കിലോമീറ്റർ നിരക്ക് 17 രൂപയിൽ നിന്ന് 20 ആയും വർധിപ്പിക്കാനും കമ്മറ്റി ശുപാർശ ചെയ്തു. വെയ്റ്റിങ് ചാർജ് നിലവിലുള്ളതുപോലെ മണിക്കൂറിന് 50 രൂപയായും ഒരു ദിവസം പരമാവധി 500 രൂപയായും നിലനിർത്തണമെന്നും ശുപാർശ ചെയ്തു.

Next Story

RELATED STORIES

Share it