Sub Lead

അട്ടപ്പാടി വെടിവയ്പ്: പോലിസിനെതിരേ കേസെടുക്കണം-പോപുലര്‍ ഫ്രണ്ട്

ഉത്തരേന്ത്യന്‍ മാതൃകയില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ കേരളത്തില്‍ നടപ്പാക്കുന്ന തണ്ടര്‍ബോള്‍ട്ടിന്റെ നടപടി ആഭ്യന്തരവകുപ്പിന്റെ മൗനാനുവാദത്തോടെയാണെന്നാണ് അട്ടപ്പാടി സംഭവത്തെ ന്യായീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം സൂചിപ്പിക്കുന്നത്

അട്ടപ്പാടി വെടിവയ്പ്: പോലിസിനെതിരേ കേസെടുക്കണം-പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: അട്ടപ്പാടി മഞ്ചക്കണ്ടി വനത്തില്‍ നാലു മാവോവാദികളെ ഏകപക്ഷീയമായി വെടിവച്ചു കൊന്ന സംഭവത്തില്‍ ഉത്തരവാദികളായ പോലിസുകാര്‍ക്കെതിരേ കേസെടുക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു. മാവോവാദി വേട്ടയുടെ പേരില്‍ മനുഷ്യരെ ഏകപക്ഷീയമായി വെടിവച്ചുകൊല്ലുന്ന പോലിസ് നടപടി അംഗീകരിക്കാനാവില്ല. സംഭവത്തെ നിയമസഭയില്‍ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നടപടി പ്രതിഷേധാര്‍ഹമാണ്. ഇതേക്കുറിച്ച് സമഗ്രാന്വേഷണം നടത്തണം. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മാവോവാദി വേട്ടയുടെ പേരില്‍ നടക്കുന്ന മൂന്നാമത്തെ പോലിസ് വെടിവയ്പാണിത്. നിലമ്പൂരും വൈത്തിരിയിലും ഇപ്പോള്‍ അട്ടപ്പാടിയിലുമായി ഏഴുപേരാണ് കൊല്ലപ്പെട്ടത്. ഉത്തരേന്ത്യന്‍ മാതൃകയില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ കേരളത്തില്‍ നടപ്പാക്കുന്ന തണ്ടര്‍ബോള്‍ട്ടിന്റെ നടപടി ആഭ്യന്തരവകുപ്പിന്റെ മൗനാനുവാദത്തോടെയാണെന്നാണ് അട്ടപ്പാടി സംഭവത്തെ ന്യായീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം സൂചിപ്പിക്കുന്നത്. ഭരണമുന്നണിയിലെ ഘടകകക്ഷികള്‍ക്കു പോലും ബോധ്യപ്പെടാത്ത നീതീകരണത്തെ സമൂഹത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ അര്‍ഥമില്ല.

ദുരൂഹതകള്‍ നിറഞ്ഞുനില്‍ക്കുന്ന മൂന്നുസംഭവങ്ങളെ കുറിച്ചും പോലിസ് ഭാഷ്യത്തിനപ്പുറമുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നിലമ്പൂരും വൈത്തിരിയിലും നടന്ന വെടിവയ്പുകളെ കുറിച്ചുള്ള മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ വിശദാംശങ്ങളും ലഭ്യമല്ല. അട്ടപ്പാടി വെടിവയ്പില്‍ കൊല്ലപ്പെട്ടവരെ കുറിച്ച് ആദ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങളാണ് പുറത്തുവന്നത്. ഏറ്റുമുട്ടല്‍ നടന്നെന്ന പോലിസ് ഭാഷ്യം വിശ്വാസ്യയോഗ്യമല്ല. മനുഷ്യജീവന് പുല്ലുവില കല്‍പ്പിക്കാത്ത നിലയിലുള്ള അവകാശലംഘനങ്ങള്‍ നടന്നതിനാലാണ് പോലിസ് പലതും മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ മാധ്യമങ്ങളെയും പൗരാവകാശ പ്രവര്‍ത്തകരെയും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Next Story

RELATED STORIES

Share it