Sub Lead

അസം: കുടിയൊഴിപ്പിക്കപ്പെട്ട 2,051 കുടുംബങ്ങളെയും ദല്‍ഗാവില്‍ പുനരധിവസിപ്പിക്കും

സെപ്തംബറില്‍, ഗരുഖുതിയിലെ സിപജാര്‍ പ്രദേശത്തെ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച ഗ്രാമീണര്‍ക്ക് നേരെ അസം പോലിസ് നടത്തിയ വെടിവയ്പില്‍ 12കാരന്‍ ഉള്‍പ്പെടെ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

അസം: കുടിയൊഴിപ്പിക്കപ്പെട്ട 2,051 കുടുംബങ്ങളെയും ദല്‍ഗാവില്‍ പുനരധിവസിപ്പിക്കും
X

ദിസ്പൂര്‍: ദരാംഗ് ജില്ലയിലെ ഗരുഖുതി പ്രൊജക്ടഡ് ഏരിയയില്‍ താമസിക്കുന്ന 2,051 കുടുംബങ്ങളെയും ദല്‍ഗാവ് മേഖലയിലേക്ക് മാറ്റാന്‍ അസം സര്‍ക്കാര്‍ തീരുമാനിച്ചു. ഈ കുടുംബങ്ങള്‍ ഗരുഖുതി പ്രൊജക്ടഡ് ഏരിയയിലെ പ്ലോട്ടുകള്‍ കയ്യേറിയെന്ന് ആരോപിച്ച് സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ നടത്തിവരികയാണ്.

സെപ്തംബറില്‍, ഗരുഖുതിയിലെ സിപജാര്‍ പ്രദേശത്തെ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച ഗ്രാമീണര്‍ക്ക് നേരെ അസം പോലിസ് നടത്തിയ വെടിവയ്പില്‍ 12കാരന്‍ ഉള്‍പ്പെടെ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് രാജ്യാന്തര തലത്തില്‍ തന്നെ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. കുടിയൊഴിപ്പിക്കല്‍ നോട്ടിസ് നല്‍കിയ ഗ്രാമങ്ങളില്‍ ഭൂരിപക്ഷവും ബംഗാളി വംശജരായ മുസ്‌ലിംങ്ങള്‍ താമസിക്കന്ന പ്രദേശങ്ങളാണ്.

ഇക്കഴിഞ്ഞ ജനുവരി 31ന്, ദരാംഗ് എംഎല്‍എ മുജിബുര്‍ റഹ്മാന്‍, ജില്ലാ ഭരണകൂടം, പോലിസ്, ഓള്‍ അസം ന്യൂനപക്ഷ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് ഭാവിയിലെ കുടിയൊഴിപ്പിക്കല്‍ നടപടികളും ഇതിന്റെ ഇരകളാവുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികളും തീരുമാനിക്കാന്‍ യോഗം ചേര്‍ന്നിരുന്നു. ദല്‍ഗാവ് റവന്യൂ സര്‍ക്കിളിന് കീഴിലുള്ള 2,051 ബിഗാസ് ഭൂമിയിലേക്ക് 2,051 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനാണ് യോഗത്തിന്റെ മിനിറ്റ്‌സ് പറയുന്നത്.

ഓരോ കുടുംബത്തിനും ഒരു ബിഗാ അഥവാ 27,000 ചതുരശ്ര അടി ഭൂമി നല്‍കും. സ്ഥലം മാറ്റല്‍ നടപടിയുടെ ആദ്യഘട്ടത്തില്‍, നിസ്‌സല്‍മാന്‍പാറ, ധല്‍പൂര്‍1 മേഖലകളില്‍ താമസിക്കുന്ന 423 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും. അതേസമയം ഗരുഖുതി വിട്ടുപോയ 210 കുടുംബങ്ങളെ ഉടന്‍ പുനരധിവസിപ്പിക്കുമെന്ന് യോഗത്തിന്റെ മിനിറ്റ്‌സ് പറയുന്നു.

നടപടികള്‍ക്കായി ദല്‍ഗാവ് റവന്യൂ സര്‍ക്കിള്‍ സര്‍ക്കിള്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഓള്‍ അസം ന്യൂനപക്ഷ വിദ്യാര്‍ത്ഥി യൂണിയനും ന്യൂനപക്ഷ അവകാശ സംഘടനയായ അസോം ശംഖലഘു സംഗ്രാം പരിഷത്തിനും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം നല്‍കിയിട്ടുണ്ട്.

സിപാജാര്‍ കൊലപാതകങ്ങള്‍

ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 'കൈയേറ്റക്കാര്‍' എന്ന് മുദ്രകുത്തിയവരുടെ പ്ലോട്ടുകള്‍ ഒഴിപ്പിക്കുന്നതിനായി നടത്തുന്ന നിരവധി ഒഴിപ്പിക്കല്‍ യജ്ഞങ്ങളിലൊന്നിലാണ് കൊലപാതകങ്ങള്‍ നടന്നത്. നേരത്തെ വെള്ളപ്പൊക്കത്തിലും മണ്ണൊലിപ്പിലും ഭൂമി നഷ്ടപ്പെട്ട പാവപ്പെട്ട മുസ്‌ലിംകളാണ് കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ പലരും.

അസം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സിപാജാര്‍ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുകയും അക്രമത്തിന് പ്രേരിപ്പിച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രഥമദൃഷ്ട്യാ മനുഷ്യാവകാശ ലംഘനമാണ് അക്രമമെന്ന് അസം മനുഷ്യാവകാശ കമ്മീഷന്‍ വിലയിരുത്തിയിരുന്നു.

Next Story

RELATED STORIES

Share it