Sub Lead

ബംഗ്ലാദേശ് അതിര്‍ത്തിയിലെ 'തദ്ദേശീയര്‍ക്ക്' തോക്ക് ലൈസന്‍സ് നല്‍കുമെന്ന് അസം മുഖ്യമന്ത്രി

ബംഗ്ലാദേശ് അതിര്‍ത്തിയിലെ തദ്ദേശീയര്‍ക്ക് തോക്ക് ലൈസന്‍സ് നല്‍കുമെന്ന് അസം മുഖ്യമന്ത്രി
X

ഗുവാഹത്തി: ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന 'തദ്ദേശീയര്‍ക്ക്' തോക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള പ്രത്യേക പദ്ധതിക്ക് അസം മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കി. ബംഗ്ലാദേശില്‍ നിന്നും അസമില്‍ നിന്നും തദ്ദേശവാസികള്‍ ആക്രമണ ഭീഷണി നേരിടുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചു. ധുബ്രി, നാഗോണ്‍, മോറിഗാവ്, ബാര്‍പേട്ട, സൗത്ത് സല്‍മാര, ഗോള്‍പാറ തുടങ്ങിയ ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക. യോഗ്യരായ വ്യക്തികള്‍ക്ക് തോക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള അധികാരം ജില്ലാ അധികാരികളില്‍ നിക്ഷിപ്തമായിരിക്കുമെന്നും ബിശ്വ ശര്‍മ വ്യക്തമാക്കി.

'തദ്ദേശീയ ജനത ഭയത്തോടെ ജീവിക്കുന്നതായി കാണുന്നു. അനധികൃത ബംഗ്ലാദേശികളെ കണ്ടെത്തി നാടുകടത്തുന്നതിനുള്ള ഒരു പ്രക്രിയ നടക്കുന്നതിനാല്‍, ഈ ദുര്‍ബല പ്രദേശങ്ങളിലെ ന്യൂനപക്ഷമായ 'തദ്ദേശീയരുടെ' സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് ഞങ്ങള്‍ ഈ തീരുമാനം എടുത്തത്. ഈ പ്രദേശങ്ങളിലെ 'തദ്ദേശീയരുടെ' ദീര്‍ഘകാല ആവശ്യമായിരുന്നു അത്. തോക്കുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അവരെ സഹായിക്കില്ല, മറിച്ച് അവ വാങ്ങാനുള്ള ലൈസന്‍സ് നല്‍കും.'

അസമിലെ 35 ജില്ലകളില്‍ 11 എണ്ണത്തിലും മുസ്‌ലിംകളാണ് ഭൂരിപക്ഷം. അതില്‍ നാലുജില്ലകള്‍ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്നവയാണ്. അവിടെ 'തദ്ദേശവാസികള്‍' സുരക്ഷാ ഭീഷണി നേരിടുന്നുവെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. അസമിലെ വിവിധ പ്രദേശങ്ങളില്‍ മുന്‍കാലങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരേ കലാപങ്ങള്‍ നടന്നിട്ടുണ്ട്. ഇനി 'തദ്ദേശീയര്‍ക്ക്' തോക്ക് ലൈസന്‍സ് കൂടി നല്‍കുന്നതോടെ സ്ഥിതിഗതികള്‍ വഷളാവുമെന്നാണ് ആശങ്ക.

Next Story

RELATED STORIES

Share it