Big stories

സിഎഎ വിരുദ്ധ പ്രക്ഷോഭം ഇന്ത്യയ്ക്കെതിരായ അസംതൃപ്തി: ഡല്‍ഹി കോടതി

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും പ്രതിഷേധിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ അത് നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്

സിഎഎ വിരുദ്ധ പ്രക്ഷോഭം ഇന്ത്യയ്ക്കെതിരായ അസംതൃപ്തി: ഡല്‍ഹി കോടതി
X

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരായ അസംതൃപ്തിയാണ് സിഎഎ വിരുദ്ധ പ്രക്ഷോഭമെന്ന് ഡല്‍ഹി കോടതി. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന വംശീയതിക്രമ ഗൂഡാലോചന കേസില്‍ യുഎപിഎ പ്രകാരം കുറ്റം ചുമത്തിയ ജാമിഅ മില്ലിയ ഇസ്‌ലാമിയയിലെ ആസിഫ് ഇക്ബാല്‍ തന്‍ഹയുടെ ജാമ്യാപേക്ഷയുടെ വിധിയിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് തന്‍ഹയ്ക്ക് ജാമ്യം നിഷേധിക്കുന്നത്.

മുസ്‌ലിം ആധിപത്യമുള്ള പ്രദേശങ്ങളില്‍ റോഡ് ഉപരോധം സംഘടിപ്പിച്ചത് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തന്‍ഹ മുന്‍ ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ്, ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം എന്നിവരുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്നാണ് പോലിസ് ആരോപണം. കലാപത്തില്‍ ഉപയോഗിക്കാന്‍ മൊബൈല്‍ ഫോണ്‍ സിം വാങ്ങാന്‍ തന്‍ഹ വ്യാജ രേഖകള്‍ ഉപയോഗിച്ചതായി പോലിസ് ആരോപിച്ചു. കൂടുതല്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഈ സിം മറ്റൊരു ജാമിഅ വിദ്യാര്‍ഥിയായ സഫൂറ സര്‍ഗറിനും നല്‍കിയതായി പോലിസ് പറഞ്ഞു.

ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റി (പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ഏകോപിപ്പിച്ച) അല്ലെങ്കില്‍ സ്റ്റുഡന്റ്സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പോലുള്ള സംഘടനകള്‍ യുഎപിഎയുടെ കീഴിലുള്ള തീവ്രവാദ സംഘടനകളല്ലെന്ന് തന്‍ഹയുടെ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് അഗര്‍വാള്‍ വാദിച്ചു. ഇന്ത്യയുടെ അഖണ്ഡതയേയും ഐക്യത്തെയും ഭീഷണിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍, ഏതൊരു വിഭാഗത്തിലും സാമൂഹിക അസ്വാസ്ഥ്യമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളും ഭീകരത സൃഷ്ടിക്കുന്നു. ഇങ്ങനെ ഒരു വിഭാ?ഗത്തിനെ അക്രമത്തിന് പ്രേരിപ്പിക്കുന്നത് ഒരു തീവ്രവാദ പ്രവര്‍ത്തനമാണെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് പറഞ്ഞു.

അസൗകര്യമുണ്ടാക്കാനും സേവനങ്ങളുടെ വിതരണം തടസ്സപ്പെടുത്താനും മനപൂര്‍വ്വം റോഡുകള്‍ തടയാന്‍ 2019 ഡിസംബര്‍ മുതല്‍ ആരംഭിച്ച മുഴുവന്‍ ഗൂഡാലോചനയും... വിവിധ മാര്‍ഗങ്ങളിലൂടെ അക്രമത്തിന് കാരണമാവുകയും തുടര്‍ന്ന് ഫെബ്രുവരിയിലെ സംഭവത്തിലേക്ക് നയിക്കുകയും സമ്മിശ്ര ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ റോഡുകള്‍ തടയുകയെന്ന ലക്ഷ്യത്തോടെ വനിതാ പ്രക്ഷോഭകരെ മുന്‍വശത്ത് നിര്‍ത്തി പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ പരിഭ്രാന്തിയും ആക്രമണവും സൃഷ്ടിച്ച് കലാപത്തിലേക്ക് നയിക്കുന്നതും തീവ്രവാദ പ്രവര്‍ത്തനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.

ഗൂഡാലോചന മൊത്തത്തില്‍ വായിക്കേണ്ടതാണ്, അല്ലാതെ അത് അടര്‍ത്തിയെടുത്ത് വായിക്കേണ്ടതല്ല. കലാപസമയത്ത് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സ്ഥലങ്ങളില്‍ പ്രതികളുടെ സാന്നിധ്യം സംബന്ധിച്ച ചോദ്യം ഒരു ഗൂഡാലോചന കേസിന് അര്‍ഹമല്ല. അതിനാല്‍, നിലവിലെ കേസില്‍ യുഎപിഎയുടെ വ്യവസ്ഥകള്‍ ശരിയായി നടപ്പാക്കിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. സംരക്ഷിത സാക്ഷികളുടെ മൊഴിയില്‍ തന്‍ഹയ്ക്കെതിരേ മതിയായ തെളിവുണ്ടെന്നും കോടതി വ്യക്തമാക്കി.

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും പ്രതിഷേധിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ അത് നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും റാവത്ത് വ്യക്തമാക്കി. ഓരോ പൗരനും തങ്ങളുടെ ധാരണയില്‍ അന്യായമെന്ന് കരുതുന്ന ഏതൊരു നിയമ നിര്‍മാണത്തെക്കുറിച്ചും ഒരു അഭിപ്രായം പുലര്‍ത്താന്‍ കഴിയുമെന്നതില്‍ സംശയമില്ല. എല്ലാ പൗരന്മാര്‍ക്കും ഏത് നിയമത്തിനെതിരെയും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.

എന്നാല്‍, ഇപ്പോഴത്തെ കേസിന്റെ പശ്ചാത്തലത്തില്‍ യഥാര്‍ത്ഥത്തില്‍ കാണേണ്ടത് സിഎഎയ്ക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ കലാപത്തിലേക്ക് നയിച്ച ഗൂഡാലോചന കുറ്റപത്രത്തിലെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ നടന്നിട്ടുണ്ടോ ഇല്ലയോ എന്നതാണ്.

Next Story

RELATED STORIES

Share it